ജെക്കോബി
സമുദ്രവിഭവങ്ങള്‍ സുസ്ഥിര വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തയാറാക്കിയ ‘ഇന്ത്യയുടെ നീല സമ്പദ് വ്യവസ്ഥ കരടുനയ ചട്ടക്കൂട്’ 2021 ഫെബ്രുവരിയില്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെടുകയും, സമുദ്രധാതുക്കളുടെ പര്യവേക്ഷണത്തിലും ഖനനത്തിലും സ്വകാര്യ മേഖലയ്ക്കു കൂടി പങ്കാളിത്തം അനുവദിക്കുന്ന ആഴക്കടല്‍ ധാതുക്കളുടെ വികസനത്തിനും നിയന്ത്രണത്തിനുമായുള്ള നിയമ ഭേദഗതി ബില്ല് 2023 ഓഗസ്റ്റില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍, മണിപ്പുര്‍ കലാപത്തെക്കുറിച്ച് മൗനവും നിസ്സംഗതയും തുടര്‍ന്നുവന്ന പ്രധാനമന്ത്രി മോദിക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ ചര്‍ച്ചയൊന്നുമില്ലാതെ പാസാക്കുകയും ചെയ്തതിന്റെ ഒരു അനുബന്ധ കഥ കേരളതീരത്തും അരങ്ങേറുകയാണ്.
കൊല്ലം തീരത്തുനിന്ന് 27 – 33 കിലോമീറ്റര്‍ പടിഞ്ഞാറായി ഏതാണ്ട് 48 – 62 മീറ്റര്‍ ആഴമുള്ള ജലപരപ്പിനടിയില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയിട്ടുള്ള മണല്‍ നിക്ഷേപത്തിന്റെ മൂന്നു ബ്ലോക്കുകള്‍ ഖനനത്തിനായി കേന്ദ്ര ഖനി മന്ത്രാലയം സ്വകാര്യ സംരംഭകര്‍ക്കായി ലേലത്തിനു വച്ചിരിക്കുന്നു. കടലില്‍ 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി 302.42 ദശലക്ഷം ടണ്‍ മണല്‍ – കെട്ടിടനിര്‍മാണത്തിനും കോണ്‍ക്രീറ്റിങ്ങിനും പറ്റിയത് – ഖനനം ചെയ്യാനുള്ള ഖനന പാട്ടം അടക്കമുള്ള സംയുക്ത ലൈസന്‍സിനുവേണ്ടിയാണ് ഇ-ലേലം. ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. കണ്‍സ് ട്രക് ഷന്, മൈനിങ് മേഖലയില്‍ നിന്നുള്ള നിക്ഷേപകര്‍ക്കായി ഖനി മന്ത്രാലയം ഏതാനും ദിവസം മുന്‍പ് കൊച്ചിയില്‍ ശില്പശാലയും റോഡ്ഷോയും സംഘടിപ്പിക്കുകയുണ്ടായി.
ഇന്ത്യയില്‍ ആദ്യമായി പുറംകടലിലെ ധാതുസമ്പത്ത് ഖനനത്തിന് ലേലം ചെയ്യുന്ന 13 ബ്ലോക്കുകളില്‍ മൂന്നെണ്ണമാണ് കൊല്ലത്തേത്. മൂന്നു ബ്ലോക്കുകള്‍ ഗുജറാത്തിലെ പോര്‍ബന്തറിലാണ് – സിമന്റ് നിര്‍മാണം, ജലശുദ്ധീകരണം, മണ്ണുപരിപാലനം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചുണ്ണാമ്പ്ചെളി (ലൈംമഡ്) ഖനനത്തിനുള്ളത്. ആന്‍ഡമാന്‍ കടലില്‍ ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിനടുത്ത് ഏഴു ബ്ലോക്കുകളില്‍ പോളിമെറ്റാലിക് നോഡ്യൂള്‍സ്, ക്രസ്റ്റ്സ് ഖനനത്തിനാണ് പദ്ധതി. വൈദ്യുതവാഹന ബാറ്ററി, ഇലക് ട്രോണിക്സ്, വിന്‍ഡ് ടര്‍ബൈന്‍ പോലുള്ള പുനരുപയോഗ ഊര്‍ജപദ്ധതി എന്നിവയ്ക്ക് ആവശ്യമായ ലിഥിയം, നിക്കല്‍, കോബാള്‍ട്ട്, മാംഗനീസ്, ചെമ്പ് തുടങ്ങിയ ‘ക്രിറ്റിക്കല്‍, സ്ട്രാറ്റജിക്’ ലോഹധാതുക്കളുടെ ഖനിയാണത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രം പര്യവേക്ഷണവും ഖനനവും നടത്താന്‍ അവകാശമുണ്ടായിരുന്ന 12 ആറ്റോമിക് മിനറലുകളില്‍ ആറെണ്ണം – ലിഥിയം, ബെറിലിയം, നിയോബിയം, ടൈറ്റാനിയം, ടാന്റലം, സിര്‍ക്കോണിയം എന്നിവ – സ്വകാര്യമേഖലയ്ക്കു പര്യവേക്ഷണത്തിനായി തുറന്നുകൊടുക്കുന്നതിലൂടെ ശതകോടികളുടെ വമ്പന്‍ ഇടപാടുകള്‍ക്കാണ് സാധ്യത തെളിയുന്നത്. ആന്‍ഡമാന്‍ കടലില്‍ 1193 മീറ്റര്‍ ആഴത്തില്‍ നിന്ന് 60 – 120 മില്ലിമീറ്റര്‍ വലുപ്പമുള്ള പോളിമെറ്റാലിക് നോഡ്യൂള്‍സ് കോരിയെടുക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ഡീപ് സീ മൈനിങ് ഗ്രൂപ്പ് വരാഹ-3 എന്ന ഖനനയന്ത്രം വികസിപ്പിച്ചെടുക്കുകയായിരുന്നു.
മംഗളൂരുവിലെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ സര്‍വേ ഡിവിഷന് 1985 മുതല്‍ കേരളതീരക്കടലില് നടത്തിവരുന്ന പര്യവേക്ഷണത്തില്‍ നദികളില്‍ നിന്ന് കടലില്‍ എത്തുന്ന എക്കലും മണലും അടിഞ്ഞുകൂടുന്ന പ്രധാന മേഖലകള്‍ കണ്ടെത്തിയിരുന്നു: പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിവ. ഏതാണ്ട് 745 ദശലക്ഷം ടണ്‍ കണ്‍സ് ട്രക് ഷന് ഗ്രേഡ് മണല്‍ നിക്ഷേപം കേരളതീരത്തിനടുത്ത് 22 മുതല്‍ 45 മീറ്റര്‍ വരെ ആഴത്തിലുണ്ടെന്നാണ് ജിഎസ്ഐയുടെ മാപ്പിങ്ങില്‍ കാണുന്നത്. കേരളത്തിലെ നിര്‍മാണമേഖലയ്ക്ക് പ്രതിവര്‍ഷം 30 ദശലക്ഷം ടണ്‍ മണലാണ് ആവശ്യം. അടുത്ത 25 വര്‍ഷത്തേക്ക് കേരളത്തിന് വേണ്ടത്ര മണല്‍ നമ്മുടെ പുറംകടലിലുണ്ടത്രെ. കേരളതീരത്ത് മണല്നിക്ഷേപമുള്ളതായി ജിഎസ്ഐ അടയാളപ്പെടുത്തിയിട്ടുള്ള 10 ബ്ലോക്കുകളില്‍ അഞ്ചെണ്ണത്തില്‍ നിന്ന് 2,750 ലക്ഷം ടണ്‍ മണല്‍ ലഭിക്കും. പാരിസ്ഥിതിക അനുമതി ലഭിക്കാത്തതിനാല്‍ 2016 മുതല്‍ സംസ്ഥാനത്ത് നദികളില്‍ നിന്നു മണല്‍ ഖനനം കര്‍ശന നിയന്ത്രണത്തിലാണ്. കരിങ്കല്ല് പൊടിച്ചുണ്ടാക്കുന്ന എം-സാന്‍ഡ് ആണ് നിര്‍മാണമേഖലയ്ക്ക് ആശ്രയം.
ട്രെയ്ലിങ് സക് ഷന് ഹോപ്പര്‍ ഡ്രെജര്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടില്‍ നിന്ന് മണല്‍ കുഴിച്ചെടുത്ത് കഴുകി ബാര്‍ജില്‍ കരയ്ക്കെത്തിക്കുന്നതിന് കരയിലെ മണല്ഖനനത്തെക്കാള് ചെലവു കുറവാണെന്ന് ഖനി മന്ത്രാലയത്തിന്റെ ശില്പശാലയില് പറയുന്നുണ്ട്. മൂന്നുനാലുവട്ടം കഴുകിയാല്‍ കടല്‍മണലിലെ ഉപ്പിന്റെ അംശം 99 ശതമാനവും നീക്കാനാകും. തീരത്തെ യാര്‍ഡില്‍ മണല്‍ കുന്നുകൂട്ടിയിട്ടാല് ഒരു മഴക്കാലം മതി അതിലെ ഉപ്പുരസം പൂര്‍ണമായി മാറാന്‍.
കൊല്ലത്ത് ശക്തികുളങ്ങര, നീണ്ടകര, ചവറ, തൃക്കടവൂര്‍, തൃക്കരുവ, ഇരവിപുരം, പരവൂര്‍ തീരപ്രദേശങ്ങളും, അഷ്ടമുടി, പരവൂര്‍ കായലുകളും പുന്നമട, കല്ലട, ഇത്തിക്കര ആറുകളുമായി ബന്ധപ്പെട്ട കടലോര മേഖലയുമാണ് കേന്ദ്ര ഗവണ്മെന്റിന്റെ നിര്‍ദിഷ്ട ഓഫ്ഷോര്‍ മണല്‍ഖനന പദ്ധതിയുടെ കരഭൂമിക.
ഒന്നാം ബ്ലോക്ക് തീരത്തുനിന്ന് 33 കിലോമീറ്റര്‍ അകലെയാണ്. വിസ്തീര്‍ണം 79 ചതുരശ്ര കിലോമീറ്റര്‍. പ്രതീക്ഷിക്കുന്ന മണല്‍ 100.33 ദശലക്ഷം ടണ്‍/ 73233576.64 ക്യുബിക് മീറ്റര്‍. വെള്ളത്തിന്റെ ആഴം 53.3 മുതല്‍ 62.5 മീറ്റര്‍ വരെ. രണ്ടാം ബ്ലോക്ക് തീരത്തുനിന്ന് 30 കിലോമീറ്റര്‍ അകലെയാണ്. വിസ്തീര്‍ണം 78 ചതുരശ്ര കിലോമീറ്റര്‍. ശേഷി 100.64 ദശലക്ഷം ടണ്‍. കടലിന്റെ ആഴം 48.4 മീറ്റര്‍ മുതല്‍ 61.4 മീറ്റര്‍ വരെ. മൂന്നാമത്തെ ബ്ലോക്ക് തീരത്തുനിന്ന് 27 കിലോമീറ്റര്‍ അകലെ. വിസ്തീര്‍ണം 85 ചതുരശ്ര കിലോമീറ്റര്‍, മണല്‍നിക്ഷേപം 101.45 ദശലക്ഷം ടണ്‍. ആഴം 49.3 മുതല്‍ 59 മീറ്റര്‍ വരെ. കോണ്ടിനെന്റല് ഷെല്ഫിന് (വന്‍കരത്തട്ട്) മധ്യഭാഗത്തായാണ് എക്കല്‍മണ്ണും ചെളിയും കളിമണ്ണും കാര്ബൊണേറ്റ് അവശിഷ്ടങ്ങളുമെല്ലാം കൊണ്ട് ആവരണം ചെയ്യപ്പെട്ട മണല്‍ഖനി.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തെ ഏറ്റവും ഫലസമൃദ്ധമായ മത്സ്യബന്ധന നിലമാണ് കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന മേഖല. ഇന്ത്യന്‍ തീരത്തെ പാരിസ്ഥിതികമായും ജൈവശാസ്ത്രപരമായും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനെ അടയാളപ്പെടുത്തുന്നത്. വര്‍ക്കലയില്‍ നിന്നു തുടങ്ങി 84 കിലോമീറ്റര്‍ അകലെ അമ്പലപ്പുഴ വരെയുള്ള തീരത്തിനു പടിഞ്ഞാറായി ഏതാണ്ട് 3,200 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പരപ്പ്, മണല്‍ക്കൊഞ്ച്, പല്ലിക്കോര, പുല്ലന്, കരിക്കാടി, പൂവാലന് ചെമ്മീനുകള്‍, കിളിമീന്‍, ചാള, കലവ, അയല, നത്തോലി എന്നിങ്ങനെ കയറ്റുമതിക്കും ആഭ്യന്തര വിപണിക്കുമായുള്ള സവിശേഷ സമുദ്രവിഭവങ്ങളുടെ വലിയൊരു സ്രോതസും സങ്കേതവുമാണ്. ആയിരത്തോളം ട്രോളറുകളും 500 ഫൈബര്‍ ബോട്ടുകളും നൂറോളം ഇന്‍-ബോര്‍ഡ് എന്ജിന് വള്ളങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തീരക്കടലിലെയും ആഴക്കടലിലെയും ഖനനങ്ങള്‍ സമുദ്ര ആവാസവ്യവസ്ഥയെയും തീരദേശ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും മത്സ്യലഭ്യതയെയും തീരദേശ ജനതയുടെ ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളതാണ്. കടലിന്റെ അടിത്തട്ടിലെ ബെന്തിക് സോണിലെ ചെളിയുടെയും എക്കല്പാളികളുടെയും കനത്ത ആവരണം നീക്കിവേണം ധാതുഖനനം നടത്താന്‍. ജൈവസമ്പത്തിന്റെയും മത്സ്യകേന്ദ്രീകരണത്തിന്റെയും ഉറവിടം ഈ മേല്‍മണ്ണാണ്. ബെന്തിക് സോണ്‍ എന്നറിയപ്പെടുന്ന ഈ പാരിസ്ഥിതിക മേഖല നശിച്ചാല്‍ അടിത്തട്ടിലുള്ള സമുദ്രജീവജാലങ്ങളുടെ നിലനില്പ് അവതാളത്തിലാകും. മത്സ്യക്കൂട്ടങ്ങള്‍ക്ക് അവിടെ തങ്ങാനാവില്ല. അടിയൊഴുക്കിന്റെയും തിരകളുടെയും ഡൈനാമിക്സ് മാറും. സമുദ്രവിഭവങ്ങളെയും തീരത്തെയും ഇതു ബാധിക്കും.
പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനങ്ങളൊന്നും നടത്താതെ ബ്ലൂ ഇക്കോണമിയുടെ പേരില്‍ കടലില്‍ ഗ്രിഡുകള്‍ തിരിച്ച് ഖനനം തുടങ്ങിയാല്‍ അത് കടലിലെ ജീവജാലങ്ങള്‍ക്കും തീരദേശത്തിനും ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വിനാശകരമായ ദുരന്തമന്ഥനമായിത്തീരും.
കൊല്ലത്തെ മൂന്ന് ഓഫ്ഷോര്‍ മൈനിങ് ബ്ലോക്കില്‍ ഒതുങ്ങുന്നതല്ല ഈ വിപത്ത്. കേരളത്തിലെ 570 കിലോമീറ്റര്‍ തീരത്തെയും 12 നോട്ടിക്കല്‍ മൈല്‍ (22.22 കിലോമീറ്റര്‍) വരുന്ന ടെറിട്ടോറിയല്‍ സമുദ്രാതിര്ത്തിയെയും അതിനുമപ്പുറത്ത് 200 നോട്ടിക്കല്‍ മൈല്‍ (370.4 കിലോമീറ്റര്‍) വ്യാപിച്ചുകിടക്കുന്ന രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയെയും (ഇഇസെഡ്) ആഴക്കടലിനെയും കോര്‍പറേറ്റ് ചങ്ങാത്ത മുതലാളിമാര്‍ക്ക് തീറെഴുതികൊടുക്കാന്‍ ആസൂത്രിതമായ നിഗൂഢ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, തീരദേശ ഹൈവേ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം എന്നിങ്ങനെ പല രീതികളില്‍ തീരദേശത്തെ പരമ്പരാഗത നിവാസികളെ കുടിയൊഴിപ്പിക്കാനും അവരുടെ പുരയിടങ്ങളും തൊഴിലിടങ്ങളും അന്യാധീനപ്പെടുത്താനും തന്ത്രങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടും അതിനു മുകളിലെ ജലവും തീരവും, കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരും നേരിടുന്ന കൊടിയ ഭീഷണിക്കെതിരെ അടിയന്തരമായി ജനകീയ മുന്നേറ്റം സംഘടിപ്പിക്കേണ്ടതുണ്ട്.
കടല്‍മണല്‍ ഖനനത്തിന് പ്രെഡക് ഷന് ലീസും കോംപൊസിറ്റ് ലൈസന്‍സും കേന്ദ്രം ലേലം ചെയ്യുന്നതില്‍ കേരളത്തിലെ ഇടതുമുന്നണി ഗവണ്മെന്റ് എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്. ഓഫ്ഷോര്‍ മൈനിങ് നിയമം ഭേദഗതി ചെയ്ത് സംസ്ഥാനത്തിന്റെ ടെറിട്ടോറിയല്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ ഖനനാധികാരവും കേന്ദ്രം കവര്‍ന്നെടുത്തതിലും മൈനിങ് റോയല്‍റ്റി മുഴുവന്‍ കേന്ദ്രം സ്വന്തമാക്കുന്നതിലുമാണ് സംസ്ഥാന സര്‍ക്കാരിന് പരിഭവം. കേരളത്തിലെ രണ്ടു ലക്ഷം മത്സ്യത്തൊഴിലാളികളുടെയും 15 ലക്ഷത്തോളം വരുന്ന അനുബന്ധ തൊഴിലാളികളുടെയും തീരദേശജനതയുടെയും ജീവിതവും ജീവസന്ധാരണവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുന്ന രാഷ് ട്രീയ ശക്തികളുമായും പരിസ്ഥിതി സംഘടനകളുമായും സാമൂഹിക പ്രസ്ഥാനങ്ങളുമായും കൈകോര്‍ത്തുകൊണ്ട് ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് നമ്മള് മുന്‍ഗണന നല്‍കണം.
തമിഴ്നാട്ടില്‍ മധുര ജില്ലയിലെ മേലൂര്‍ നായക്കര്പട്ടിയില് ടങ്സ്റ്റണ്‍ ഖനനം ചെയ്യാന്‍ വേദാന്ത ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിക്ക് 2015 ഹെക്ടര്‍ ഭൂമിയില്‍ എട്ട് മിനറല്‍ ബ്ലോക്കുകള്‍ ലേലത്തില്‍ കൊടുക്കാനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ തീരുമാനത്തെ ഡിഎംകെ സര്‍ക്കാരും ജനങ്ങളും ഒരുമിച്ചുനിന്ന് ചെറുത്തുതോല്പിച്ചതെങ്ങനെയെന്ന് കേരളം കണ്ടുപഠിക്കണം. ശിലായുഗത്തിലെ ചില ഘനടകളും 2200 വര്‍ഷം പഴക്കമുള്ള തമിഴ് ലിഖിതങ്ങളും പുരാതന ജൈനക്ഷേത്രങ്ങളും ഗുഹാക്ഷേത്രങ്ങളും അടങ്ങുന്ന അളകര്മലയിലെ അരിട്ടപതി ജൈവവൈവിധ്യ പൈതൃകകേന്ദ്രത്തില്‍ പരിസ്ഥിതിനാശം വരുത്തുന്ന ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും, അതിനു വഴങ്ങേങ്ങിവന്നാല് താന്‍ മുഖ്യമന്ത്രി പദത്തില്‍ തുടരുകയില്ലെന്നുമാണ് എം.കെ സ്റ്റാലിന് പ്രഖ്യാപിച്ചത്.
കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ 220 മെഗാവാട്ട് ഉത്പാദനശേഷിയുള്ള രണ്ട് ആണവവൈദ്യുതിനിലയങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുമെന്ന് വാശിപിടിക്കുന്ന കേരളത്തിലെ ഇടതുമുന്നണി ഭരണനേതൃത്വം കേന്ദ്രത്തിന്റെ ഏതെങ്കിലും ബ്ലൂ ഇക്കോണമി ഇടപാടിനെ എന്തിനെതിര്‍ക്കണം!