ആന്‍ഫീല്‍ഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലോസ്ക് ലില്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ്സ് തോല്‍പ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ലിവര്‍പൂള്‍ അവസാന പതിനാറിലെത്തിയത്. സൂപ്പർതാരം മുഹമ്മദ് സലാ, ഹാർവെ എലിയട്ട് എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ലില്ലെയ്ക്കായി ജൊനാഥൻ ഡേവിഡും ഗോള്‍ നേടി.
കളിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് ലിവര്‍പൂളാണ് മത്സരത്തില്‍ മുന്നിട്ടുനിന്നത്. 34-ാം മിനിറ്റില്‍ കര്‍ട്ടിസ് ജോണ്‍സിന്റെ പാസില്‍ നിന്ന് മുഹമ്മദ് സലായാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ബലത്തില്‍ മത്സരം ലിവര്‍പൂളിന് അനുകൂലമായി.
രണ്ടാം പകുതിയില്‍ ലില്ലെ താരം ഐസ മൻഡിക്ക് പുറത്തുവേണ്ടിവന്നു. പിന്നാലെ 59-ാം മിനിറ്റുമുതല്‍ പത്ത് പേരുമായാണ് ലില്ലെ കളിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി 62-ാം മിനിറ്റില്‍ ജോനാഥന് ഡേവിഡിന്റെ ഗോളിലൂടെ ലില്ലെ സമനില പിടിച്ചു.എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഹാര്‍വി എലിയറ്റിന്റെ ഗോളിലൂടെ ലിവര്‍പൂള്‍ ജയം ഉറപ്പിച്ചു. ഏഴ് മത്സരങ്ങളില്‍ ഏഴും വിജയിച്ച ലിവര്‍പൂള്‍ 21 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.