തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാംപ്യന്‍സ് ട്രാഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)നാണെന്ന ആരോപണവുമായി ശശി തരൂര്‍ എംപി. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്നും ശശി തരൂര്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ ട്രെയിനിങ് ക്യാംപില്‍ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു കെസിഎയെ അറിയിച്ചിരുന്നു. പിന്നീട് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് കെസിഎക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നിട്ടും കെസിഎ വിജയ് ഹസാരെക്കുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല.
‘വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും(212*), ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയും ഏകദിനത്തില്‍ 56.66 ബാറ്റിങ് ശരാശരിയുമുള്ള ഒരു ബാറ്ററാണ് സഞ്ജു. അതാണിപ്പോള്‍ കെസിഎ ഭാരവാഹികളുടെ ഈഗോ കാരണം നശിപ്പിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ സാധ്യത കൂടിയാണ് കെസിഎ തകര്‍ത്തതെന്നും ശശി തരൂര്‍’ എക്സ് പോസ്റ്റില്‍ പറഞ്ഞു.