ഷാജി ജോര്‍ജ്
മലയാള സാഹിത്യത്തിന് അന്യമായിരുന്ന ഒരു ജനതയെ, സംസ്ക്കാരത്തെ, അവര്‍ ജീവിച്ച ഇടത്തെ, തന്റെ എഴുത്തിലൂടെ അടയാളപ്പെടുത്താന്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് ശ്രമിച്ചിട്ടുണ്ട്. എം.ടി. ഹൃദയപൂര്‍വ്വം സെബാസ്റ്റ്യന്‍ പള്ളിത്തോടിന്റെ എഴുത്തിനെ കുറിച്ച് എഴുതിയ വാക്കുകള്‍ അതിനുള്ള അംഗീകാരമാണ്.
‘ഇരുണ്ട നാട്ടുവഴികളില്‍നിന്നും നനഞ്ഞ വയല്‍ വരമ്പുകളില്‍നിന്നും ഏകാന്തഭീകരമായ എല്ലാ സഞ്ചാരപഥങ്ങളില്നിന്നും ബാല്യവും കൗമാരവും പെറുക്കി സഞ്ചിയിലിട്ട സെബാസ്റ്റ്യന്റെ തീയണയാത്ത ഓര്‍മ്മകള്‍ വാക്കുകളെ തേടുകയായിരുന്നു. ഒരമ്മയുടെ പ്രാര്‍ത്ഥന നല്കിയ സൗഭാഗ്യത്തിന്റെ വറ്റുകളായി ആ വാക്കുകള്‍ വെന്തു തിളച്ചുപൊന്തുന്നതാണ് ഞാനിവിടെ കാണുന്നത്.
പ്രിയപ്പെട്ട സെബാസ്റ്റ്യന്‍,
നിങ്ങളുടെ നോവലുകള്‍ നന്നായിരുന്നു. പുതിയ ഒരു ലോകം. പുതിയ ഭാഷ. അതുവരെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ലാത്ത ചില ജീവിതസന്ധികള്‍. ഈ ഓര്മ്മകളിലാകട്ടെ ദാരുണമായ പീഡാസഹനങ്ങള്‍ ജീവിതത്തില്‍ ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ടവരുടെയെല്ലാം ആകാശങ്ങളില്‍ ഇന്നല്ലെങ്കില്‍ നാളെ കത്തേണ്ട നക്ഷത്രവിളക്കുകളുടെ കണ്ണീര് പുരണ്ട മന്ദഹാസം കോരിച്ചൊരിയുന്നുണ്ട്. സെബാസ്റ്റ്യന്‍, നന്ദിയുണ്ട്; സന്തോഷവും.’ (അവതാരിക / തോരാതെ പെയ്യുന്ന മഴയില്‍)
സെബാസ്റ്റ്യന്‍ പള്ളിത്തോട് എഴുതിയ കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത 23 കഥകളുടെ സമാഹാരം പ്രണത ബുക്സ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചു; ലത്തീനികള്‍.
ദേവദാരുവിന്റെ ആകാശങ്ങള്‍, ജൂതതെരുവ്, എന്തുകൊണ്ട് റസ്ക്കോള്‍ നിക്കോഫ്, കന്യാസ്ത്രീകള്‍ സീബ്രവര മുറിച്ചു കടക്കുന്നു, ഹിനയാനം, ബിന്‍ലാദനെ ആര്‍ക്കാണ് പേടി, അല്‍മിത്ര ഉറങ്ങുന്നില്ല തുടങ്ങി ശ്രദ്ധേയമായതും മലയാളദേശം ചര്‍ച്ചകള്‍ക്കു വിധേയമാക്കിയതുമായ കഥകള്‍ സമാഹാരത്തിലുണ്ട്.
ബൈബിളിന്റെ വെളിച്ചത്തില്‍ ചരിത്രവും മിത്തും സംസ്കാരവും കൂട്ടിക്കലര്‍ത്തി മനോഹരമായ ഭാഷയില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് കഥകള്‍ പറയുന്നു. ഒരു ഉദാഹരണം കാണുക.
‘കൊച്ചിയില്‍ ചീനവലകള്‍ എത്തിയതിന്റെ കഥ പറഞ്ഞുതരാമെന്നു പറഞ്ഞിരുന്നു ആബാ പണ്ടൊരിക്കല്‍.’ പാതി കളിയായും അതിലേറെ കാര്യമായും അവള് റബ്ബായിയുടെ മുഖത്തേക്കുനോക്കി. കഥ കേള്‍ക്കുക എന്നതിലുപരി അവള്‍ക്കാവശ്യം റൂത്തിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും ആബയെ വിടര്ത്തിയെടുക്കലായിരുന്നു. ഫിലീഷ്യന് മലനിരകള്ക്കരികെ നില്ക്കുന്ന ഏകാകിയും നിരായുധനുമായ ഒരിടയബാലന്റെ നിസ്സഹായതയോടെ സിനഗോഗിലെ റബ്ബായി മകളുടെ മുഖത്തേക്ക് നോക്കി വെറുതെ മന്ദഹസിക്കാന്‍ ശ്രമിച്ചു.
ചീനവലയും ചീന ഭരണിയും മാത്രമല്ല, സിനഗോഗിലെ തറയോടുകളും ചീനന്മാരുടെ സംഭാവനയാണെന്ന് താനിന്നേവരെ ഒരു സന്ദര്‍ശകനോടും പറഞ്ഞിട്ടില്ലല്ലോ! അജ്ഞാതനായ ഏതോ ചൈനീസ് ചിത്രകാരന് ഒരിക്കലും മങ്ങാത്ത നീലച്ചായത്തില്‍ കൈകൊണ്ടു വരച്ചെടുത്ത് തന്റെ രാജാവിനു സമ്മാനിച്ച ചിത്രങ്ങളോരോന്നും വിശദാംശങ്ങളില്‍ എത്രമാത്രം വിഭിന്നങ്ങളായിരിക്കുന്നുവെന്ന് സൂക്ഷിച്ചു നോക്കിയാലെ തിരിച്ചറിയാനാവൂ. ആ വൈഭവം മറ്റൊരിടത്തും ആവര്‍ത്തിക്കാതിരിക്കാനായി വിരലുകള്‍ പത്തും മുറിച്ചെടുത്ത് ആ കലാകാരന് അനശ്വരത സമ്മാനിച്ച മിങ് രാജവംശത്തിലെ ആദ്യത്തെ രാജാവിനെക്കുറിച്ചും ഞാന്‍ ഒരാളോടെ പറഞ്ഞിട്ടുള്ളു. റൂത്തിനോടു മാത്രം. എണ്ണ ടാങ്കറുകള്‍ക്കു പുറമേ പതിവുതെറ്റി ഇന്ത്യന്‍ നേവിയുടെ രണ്ടു കപ്പലുകള്‍ കൂടി വന്നു ചേര്‍ന്നാല്‍ ഇന്നും ഇടപ്പള്ളി ജങ്ഷന്പോലെ ജാമായിപ്പോകുന്ന കൊച്ചി തുറമുഖത്ത് 1406-ലെ ഒരു നട്ടുച്ചയ്ക്ക് മുന്നൂറു കപ്പലുകളും അവയിലെ മുപ്പതിനായിരം ആള്ക്കാരെയുമിറക്കി ഞെട്ടിച്ചുകളഞ്ഞ ഷെങ് ഹെ എന്ന നാവികനെക്കുറിച്ച് റൂത്തിന്റെ ഗവേഷണ പ്രബന്ധമുണ്ടായിരുന്നു ടൈം മാഗസിന്റെ പോയൊരു ലക്കത്തില്‍. നീയതു കണ്ടുകാണില്ല. (ജൂതതെരുവ്).
കാലഘട്ടത്തോട് പ്രതികരിച്ച എഴുത്തുകാരനേയും അയാളുടെ അക്ഷരങ്ങളുടെ ഉള്ത്താപത്തേയും പുസ്തകത്തിലെ കഥകള്‍ പ്രതിഫലിപ്പിക്കുന്നു.
മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സാഹിത്യസപര്യയുടെ പ്രകാശം കൂടിയാണ് ‘ലത്തീനികള്‍’ പ്രകടമാക്കുന്നത്. അതിലെ ഓരോ കഥകളും പഠനവിധേയമാക്കുന്ന ജൂബിറ്റ് ജെയുടെ അവതാരിക ‘വാക്കിലെ ഉള്സ്വരങ്ങള്’ പുസ്തകത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു. ജൂബിറ്റിന്റ മനോഹരമായ നിരീക്ഷണം ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
ഹെമിംഗ്വെ എന്ന പാലത്തിലൂടെ ഇടയ്ക്കിടെ ദസ്തേവിസ്കിയന് നക്ഷത്രങ്ങളെ കണ്ടുകൊണ്ട് ബോര്ഹസിലേക്കുള്ള യാത്രയാണ് പള്ളിത്തോടിന്റെ കഥകള്‍.