ബിജോ സില്‍വേരി
ഈ ചിത്രത്തിലെ നായകനായ എട്ടുവയസുകാരന് അമരിഗോയെ നമ്മള്, എത്രയോ തവണ നമ്മുടെ പരിസരങ്ങളില്‍ കണ്ടിട്ടുണ്ടെന്നോ!
രണ്ടാം ലോക മഹായുദ്ധം (1939 – 45) മനുഷ്യചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടമായാണ് കണക്കാക്കുന്നത്. നേരിട്ട് യുദ്ധത്തില്‍ പങ്കാളികളായ മിക്കവാറും രാജ്യങ്ങളും അതിന്റെ കെടുതികള്‍ അനുഭവിച്ചു. മുസോളിനിയുടെ ഭരണത്തിന് കീഴിലായിരുന്ന ഇറ്റലി, അഡോള്‍ഫ് ഹിറ്റ് ലര്‍ നേതൃത്വം നല്കിയ നാസി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 1940 മുതല്‍ 1945 വരെ, അഞ്ചു ലക്ഷത്തിലധികം ഇറ്റലിക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായിരുന്നു. സഖ്യകക്ഷികള്‍ 370 ടണ്‍ ബോംബുകളാണ് ഇറ്റലിക്കു മീതെ വര്‍ഷിച്ചത്. മുസോളിനിയുടെ ഭരണത്തിനോട് എതിര്‍പ്പുള്ള വലിയ വിഭാഗം ജനങ്ങള്‍ സഖ്യകക്ഷികള്‍ക്ക് കൂറുപ്രഖ്യാപിച്ചതോടെ രാജ്യം ആഭ്യന്തരയുദ്ധത്തിലുമായി. ജര്‍മന്‍കാരും അവരെ അനുകൂലിക്കുന്ന ഇറ്റാലിയന്‍ സൈന്യവും തെക്കന്‍ ഇറ്റലിയില്‍ ജനങ്ങളെ കൂട്ടക്കുരുതി നടത്തി. 1943ല്‍ ഇറ്റലി തെക്കും വടക്കുമായി പിളര്‍ന്നു. യുദ്ധമവസാനിക്കുമ്പോള്‍ വിധവകളും അനാഥരായ കുഞ്ഞുങ്ങളും നേപ്പിള്‍സ് പോലുള്ള തെക്കന്‍ നഗരങ്ങളുടെ മുഖമുദ്രയായി.
വിയോള ആര്ഡോണിന്റെ നോവലിനെ അടിസ്ഥാനമാക്കി ക്രിസ്റ്റീന കോമെന്സിനി സഹരചനയും സംവിധാനവും നിര്‍വഹിച്ച ഇറ്റാലിയന്‍ സിനിമ- ദി ചില്‍ഡ്രന്‍സ് ട്രെയിന്‍ (ഇല് ട്രെനോ ദേ ബാംബിനി) യുദ്ധാനന്തര ഇറ്റലിയുടെ വിഹ്വലതകളാകുന്ന പാളത്തിലൂടെ യാത്ര ചെയ്യുന്നു. 2024 ഒക്ടോബര്‍ 20-ന് 19-ാമത് റോം ഫിലിം ഫെസ്റ്റിവലില്‍ ദി ചില്‍ഡ്രന്‍സ് ട്രെയിന്‍ പ്രീമിയര്‍ ചെയ്തു. 2024 ഡിസംബര്‍ 4-ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തു.
യുദ്ധത്തിന്റെ അവസാനത്തോടെയാണ് സിനിമയുടെ ആരംഭം. യുദ്ധരംഗത്തു നിന്നും മകന് അമരിഗോയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് അന്റോണിയറ്റ എന്ന അമ്മ. എട്ടുവയസുകാരനും കുസൃതിയുമായ അമരിഗോ, അമ്മ തന്നെ അന്വേഷിച്ച് കരഞ്ഞുകൊണ്ട് നടക്കുന്നതു കണ്ട് ചിരിയടക്കാനാകാതെ ഒരു തകര്‍ന്ന വാഹനത്തിന്റെ അടിയില്‍ ഒളിച്ചിരിക്കുന്നു. പരമദരിദ്രയും അവിവാഹിതയുമാണ് അന്റോണിയറ്റ. മകനോട്, അച്ഛന് അമേരിക്കയിലാണെന്നാണ് അവള് കള്ളം പറഞ്ഞിരിക്കുന്നത്. ദാരിദ്ര്യത്തിന്റെ നിറരൂപമാണ് അമരിഗോ. പ്രദേശത്തെ ഭൂരിഭാഗം കുട്ടികളെ പോലെ അവനും സ്കൂളിലൊന്നും പോകുന്നില്ല. കീറിത്തുടങ്ങിയ ഒരു ബനിയനും ട്രൗസറുമാണ് അവന്റെ വേഷം. തെരുവില്‍ നിന്ന് പെറുക്കിക്കൊണ്ടു വരുന്ന സിഗരറ്റ് കുറ്റികള്ക്കുള്ളില് നിന്ന് പുകയില പുറത്തെടുത്ത് വീണ്ടും പുതിയഉറയില് നിറച്ച് വില്‍ക്കുകയാണ് അവന് അമ്മ നല്‍കിയിട്ടുള്ള ജോലി. കാപ്പിപ്പൊടി വില്‍ക്കലാണ് അന്റോണിയറ്റയുടെ തൊഴില്‍. തന്റെ സമാന സാഹചര്യങ്ങളില്‍ നിന്നു വന്ന സുഹൃത്ത് തോമാസിനോയുമായി യുദ്ധക്കെടുതിയും ദാരിദ്ര്യവും തുടിച്ചു നില്ക്കുന്ന പട്ടണത്തിലൂടെ കറങ്ങി നടന്ന് എന്തെങ്കിലും ‘തരപ്പെടുമോ’ എന്ന അന്വേഷണവും അമരിഗോ നടത്തുന്നുണ്ട്. ഒരു സെമിത്തേരിയില്‍ മരിച്ചവരുടെ ശവകുടീരത്തില്‍ ആരോ നിക്ഷേപിച്ച ചില്ലറതുട്ടുകള്‍ അവര്‍ പെറുക്കിയെടുക്കുന്നുണ്ട്. തോമാസിനോ ചോദിക്കുന്നു ‘ ചത്തവനെന്തിനാ കാശ്’ അവിടെ നിന്നു പിടികൂടിയ എലികളെ പെയിന്റടിച്ച് വില്‍ക്കാനും പഴയ തുണികള്‍ ശേഖരിച്ച് വില്‍ക്കാനും ശ്രമിക്കുന്നുണ്ട് അവര്‍. അന്റോണിയറ്റയ്ക്ക് ഒരു കാമുകനുണ്ട് (ഫ്രാന്‍സിസ്കോ ഡി ലെവ) സമ്പന്നനായ ഇയാള്‍ ഇടക്കിടെ അന്റോണിയറ്റയെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്താറുണ്ട്. അമരിഗോയ്ക്ക് ഇയാളെ ഇഷ്ടമല്ല. അമ്മയും മകനും തമ്മില്‍ ഇതേ ചൊല്ലി വഴക്കുകളുണ്ടാകാറുണ്ട്.
ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (പിസിഐ) ദരിദ്രരായ തെക്കന്‍ ഇറ്റലിയിലെ കുട്ടികളെ താരതമ്യേന സാമ്പത്തിക ഭദ്രതയുളള വടക്കന്‍ ഇറ്റലിയില്‍ കൊണ്ടുപോയി കുറച്ചുകാലത്തേക്ക് താമസിപ്പിക്കാനുള്ള ഒരു പദ്ധതി ആവിഷ്കരിക്കുന്നു. ‘സന്തോഷത്തിന്റെ ട്രെയിനുകള്‍’ എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്. അമരിഗോയെയും തോമാസിനോയേയും ഈ പദ്ധതി പ്രകാരം മെഡേനയിലേക്ക് കൊണ്ടുപോകാമെന്ന് പിസിഐ പ്രവര്‍ത്തക പറയുന്നു. അന്റോണിയറ്റക്കും മകനെ അയക്കുന്നതില്‍ അര്ദ്ധസമ്മതമുണ്ട്. അമ്മയെ വിട്ടുപോകാന്‍ അമരിഗോയ്ക്ക് താല്പര്യമില്ല. പുതിയ സ്ഥലത്തേക്കു പോകുമ്പോള്‍ പുതിയ ഷൂസുകളും ഉടുപ്പുകളും കിട്ടുമെന്ന് പിസിഐ പ്രവര്‍ത്തക പറയുന്നു. ഒരു ചെരുപ്പുപോലുമില്ലാത്ത അമരിഗോയ്ക്ക് അപ്പോള്‍ ചെറിയ താല്പര്യം ജനിക്കുന്നു. എന്നാല്‍ കുട്ടികളെ ഇപ്രകാരം കൊണ്ടുപോകുന്നതിനെ എതിര്‍ക്കുന്ന വലിയ പക്ഷം സ്ത്രീകളും അവിടെയുണ്ട്. കുട്ടികളെ കമ്യൂണിസ്റ്റുകള്‍ സൈബീരിയയിലേക്ക് നാടുകടത്തുമെന്നും ഓവനിലിട്ട് ചുട്ട് ഭക്ഷിക്കുമെന്നുമൊക്കെ അവര്‍ ഭയപ്പെടുത്തുന്നു. കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ് തങ്ങളിതു പറയുന്നതെന്ന് കമ്യൂണിസ്റ്റുകാര്‍ വിശദീകരിക്കുമ്പോള്‍ അമ്മമാര്‍ ഒടുവില്‍ സമ്മതിക്കുന്നു.
വികാരനിര്‍ഭരമാണ് യാത്രയയപ്പ്. പുത്തനുടുപ്പും ഷൂസുമെല്ലാം ധരിച്ച് സുന്ദരക്കുട്ടപ്പന്മാരായാണ് കുട്ടികള്‍ ട്രെയിനില്‍ കയറുന്നത്. ട്രെയിന്‍ വിടാറാകുമ്പോള്‍ തന്റെ പിഞ്ചിത്തുടങ്ങിയ ബാഗില്‍ നിന്ന് അന്റോണിയറ്റ മകന് ഒരു ആപ്പിള്‍ നല്കുന്നു. യാത്രയിലുടനീളം അവന്റെ നെഞ്ചിന്കൂട്ടിലാണ് ആ ആപ്പിളിന്റെ സ്ഥാനം. അമരിഗോ തന്റെ പുറങ്കുപ്പായമൂരി അമ്മയ്ക്ക് എറിഞ്ഞുകൊടുക്കുന്നു. ട്രെയിന്‍ യാത്ര കുട്ടികള്‍ നന്നായി ആസ്വദിക്കുന്നുണ്ട്. വീട്ടിലായിരിക്കുമ്പോള്‍ രാത്രിയില്‍ തണുക്കുമ്പോള്‍, ‘എനിക്കു തണുക്കുന്നു’ എന്നവന് അമ്മയോട് പറയാറുണ്ട്. അപ്പോള്‍ അമ്മ തന്റെ കാലുകള്‍ തടവിചൂടാക്കി തരുന്നത് അമരിഗോ ഇപ്പോള്‍ ഓര്‍ക്കുന്നു.
മെഡേനയില് ട്രെയിനെത്തുമ്പോള്‍ അപ്രതീക്ഷിത സ്വീകരണമാണ് അവര്‍ക്കു ലഭിക്കുന്നത്. മുതിര്‍ന്നവരും കുട്ടികളുമായി ധാരാളം പേര് അവിടെ തിങ്ങിക്കൂടിയിട്ടുണ്ട്. ‘തെക്കും വടക്കുമില്ല, ഇനി ഇറ്റലിമാത്രം’ എന്ന സംഗീതം മുഴക്കി ബാന്റുമേളവും തകര്‍ക്കുന്നു. സമൃദ്ധമായ പ്രഭാത ഭക്ഷണം അവിടെ ഒരുക്കിയിരുന്നു. കുട്ടികളാരും അതു തങ്ങളുടെ ജീവിതത്തില്‍ കണ്ടിട്ടു പോലുമില്ല. അതു തിന്നാല്‍ തങ്ങള്‍ മരിച്ചുപോകുമെന്ന് അവര്‍ പേടിക്കുന്നു. അവസാനം അവരെ അവിടേക്ക് ആനയിച്ച പിസിഐ പ്രവര്‍ത്തക അതു ഭക്ഷിച്ചു കാണിക്കുന്നു. അമ്മ നല്കിയ ആപ്പിള്‍ ഒരു നിധി പോലെ അമരിഗോ അപ്പോഴും നെഞ്ചോടടുക്കിപ്പിടിച്ചിരിക്കുകയാണ്.
കുട്ടികളെയെല്ലാം അവരുടെ താല്‍ക്കാലിക ദത്തുകാര് കൊണ്ടുപോയി; അമരിഗോയെ ഒഴിച്ച്. അവനെ കൊണ്ടുപോകാമെന്ന് ഏറ്റിരുന്നവര്‍ വന്നില്ല. സംഘാടകര്‍ ആശയക്കുഴപ്പത്തിലായി. ഒടുവില്‍ സംഘാടകരിലൊരാളായ ഡെര്‍ണ മനസില്ലാമനസോടെ അമരിഗോയെ ഏറ്റെടുക്കുന്നു. ഡെര്‍ണ വിവാഹം കഴിച്ചിട്ടില്ല. ഒറ്റയ്ക്കാണ് താമസിക്കുന്നത്. നമ്മുടെ നാട്ടില്‍ ആക്രികച്ചവടക്കാര്‍ സഞ്ചരിക്കുന്നതു പോലുള്ള സൈക്കിള്‍ ഘടിപ്പിച്ച വണ്ടിയിലാണ് ഡെര്‍ണ അമരിഗോയെ വീട്ടിലേക്കു കൊണ്ടുപോകുന്നത്. ഡെര്‍ണ, അമരിഗോയെ അല്പം അകലത്തിലാണ് നിര്‍ത്തുന്നത്. രാത്രിയില്‍ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് അമരിഗോ അമ്മയെ വിളിച്ചു കരയുന്നു. കരച്ചില് കേട്ടെത്തിയ ഡെര്ണയോട്, തനിക്കൊരു പുസ്തകം വായിച്ചുതരാന്‍ അവന് അഭ്യര്‍ഥിക്കുന്നു. ഏതോ കമ്യൂണിസ്റ്റ് പാര്‍ട്ടി പുസ്തകം ഡെര്‍ണ വായിച്ചുകൊടുക്കുന്നു. അവനതു കേട്ട് ഉറക്കത്തിലേക്ക് വഴുതി വീണു.
പുതിയ താമസസ്ഥലത്തെ പല കാര്യങ്ങളും അമരിഗോയ്ക്ക് പുതുമയാണ്. കനത്ത മൂടല്‍മഞ്ഞു കാണുമ്പോള്‍, ‘ബോബു പൊട്ടിയോ’ എന്നാണവന് ചോദിക്കുന്നത്. അവന്റെ ഓര്‍മയില്‍ ബോംബുകളുടെ ശബ്ദവും പുകയുമാണല്ലോ നിറഞ്ഞുനില്ക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്ന പശുക്കുട്ടിയെ കാണുമ്പോള്‍, ‘ഞങ്ങളുടെ നാട്ടില്‍ എലികള്‍ മാത്രമേയുള്ളൂ, മറ്റു മൃഗങ്ങളെയെല്ലാം ഞങ്ങള്‍ കൊന്നു തിന്നു’ എന്നവന് ഡെര്ണയോടു പറയുന്നു. ഡെര്‍ണയ്ക്ക് വൂള്‍ഫ് എന്ന ഓമനപ്പേരില്‍ ഒരു ഉറ്റ സുഹൃത്തുണ്ടായിരുന്നുവെന്നും ഫാസിസ്റ്റുകള്‍ അയാളെ കൊലപ്പെടുത്തിയെന്നും അതിനുശേഷമാണ് ഡെര്‍ണ ദുഃഖസൂചകമായ കറുത്ത വേഷമണിഞ്ഞു നടക്കുന്നതെന്നും കുട്ടികള്‍ അമേരിഗോയെ അറിയിച്ചു.
ഡെര്‍ണയുടെ ജ്യേഷ്ഠന് അല്സിഡ കുടുംബമായി അടുത്തുതന്നെ താമസിക്കുന്നുണ്ട്. അമേരിഗോയെ അല്സിഡ സന്തോഷത്തോടെ സ്വീകരിക്കുന്നു. തന്റെ നാട്ടിലെ ആളുകളില്‍ നിന്ന് വ്യത്യസ്തമായി, അല്സിഡയും കുടുംബവും തന്നോട് ദയയുള്ളവരും ഉദാരമതികളുമാണ് എന്ന് അമേരിഗോ ശ്രദ്ധിക്കുന്നു. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ താല്പര്യം അമരിഗോയെ ആകര്‍ഷിച്ചു. അല്‍സിഡോ, അമേരിഗോയുടെ ജന്മദിനത്തില് ഒരു വയലിന് ഉണ്ടാക്കി അവനു സമ്മാനിച്ചു. അവന് ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്ന സമ്മാനായിരിക്കാം അത്. അല്സിഡയുടെ കുടുംബത്തില്‍ അദ്ദേഹത്തിന്റെ മക്കളോടൊപ്പം ഫാമിലും മറ്റും ചെറിയ ജോലികള്‍ അമരിഗോയും ചെയ്യുന്നു. ഡെര്‍ണ അമരിഗോയുമായി സാവധാനം അടുക്കുന്നു.
എന്നാല്‍, അല്സിഡിന്റെ രണ്ടാമത്തെ മകന് ലൂട്ടിയോയ്ക്ക് അമരിഗോയെ ഇഷ്ടമല്ല. അച്ഛന് അമരിഗോയോടു കാണിക്കുന്ന സ്നേഹം അവന് കൂടുതല്‍ വൈരാഗ്യമുണ്ടാക്കുന്നു. ലൂട്ടിയോയുടെ ക്ലാസില്‍ അമരിഗോയേയും ചേര്‍ക്കുന്നു. ആരും സമീപത്തില്ലാത്തപ്പോള്‍ ലൂട്ടിയോ അമരിഗോയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. സ്കൂളില്‍ വച്ച് ഒരു ദിവസം കുട്ടികള്‍ ചേര്‍ന്ന് അമരിഗോയെ പരിഹസിക്കുന്നു, ‘നിന്നെ മീന്‍ മണക്കുന്നു’ എന്നാണവര്‍ പറയുന്നത്. അവന് വീട്ടില്‍ ചെന്ന് അതേക്കുറിച്ച് ഡെര്ണയോടു പറയുമ്പോള്‍, അവളവനെ ഒരു വലിയ പാത്രത്തിലിട്ട് കുളിപ്പിച്ചെടുക്കുന്നു. കുളി കഴിയുമ്പോള്‍ അവന് തണുത്തു വിറക്കുകയാണ്. സ്വന്തം വീട്ടിലായിരുന്നപ്പോള്‍ അമ്മയോടു പറഞ്ഞിരുന്നതുപോലെ’എനിക്കു തണുക്കുന്നു’ എന്നവന് പറയുമ്പോള്‍ ആദ്യമായി ഡെര്‍ണ അവനെ പുണരുന്നു. അവളുടെ മാതൃസ്നേഹം അവനിലേക്ക് നിറഞ്ഞൊഴുകുകയാണ്.
അല്സിഡിന്റെ വീട്ടുകാര്‍ അമേരിഗോയെ റൊട്ടി ചുടാന്‍ ക്ഷണിക്കുമ്പോള്‍, തന്നെ ഓവനിലിട്ട് ചുടാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് കരുതി അവന് ഓടി വൃക്ഷക്കൂട്ടത്തില് ഒളിക്കുന്നു. ഡെര്‍ണ അവനെ അന്വേഷിച്ച് കണ്ടെത്തുമ്പോള്‍, തനിക്ക് അമ്മയുടെ അടുത്തേക്ക് പോകണമെന്ന് അവന് പറയുന്നു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഗോതമ്പുപാടം ചൂണ്ടിക്കാട്ടി അവള് പറയുന്നു, പാടത്തിന് മഞ്ഞനിറമാകുമ്പോള്‍ നിനക്ക് അമ്മയുടെ അടുത്തേക്ക് പോകാമെന്ന്.
കമ്യൂണിസ്റ്റ് അനുയായികളുടെ ഒരു സംഗമത്തില്‍ ഡെര്ണയോടൊപ്പം അമേരിഗോ പങ്കെടുക്കുന്നു. വാക്കു തര്‍ക്കത്തിനിടയില്‍ ഒരു പാര്ട്ടിക്കാരന് ഡെര്‍ണയെ അടിക്കുമ്പോള്‍ അമരിഗോ തന്റെ കഴുത്തിലണിഞ്ഞിരുന്ന ചെമപ്പ് ഷാള്‍ ഊരി താഴെയിടുന്നു.
ആ രാത്രിയില്‍, ഡെര്‍ണ കരയുമ്പോള്‍ അവളെ ആശ്വസിപ്പിക്കുന്ന അമേരിഗോ തന്റെ അമ്മയായിരുന്നെങ്കില്‍ അടിച്ചയാളെ തിരിച്ചടിക്കുമായിരുന്നുവെന്ന് പറയുന്നു. ഗോതമ്പ് വിളവെടുപ്പ് സമയമായി. അതിഥികളായ കുട്ടികള്‍ക്ക് വീടുകളിലേക്കു മടങ്ങാം. വളരെ സന്തോഷത്തോടെ വീട്ടിലെത്തിയ അമരിഗോയെ തണുപ്പന്‍ ഭാവത്തിലാണ് അമ്മ, അന്റോണിയറ്റ സ്വീകരിക്കുന്നത്. അവനെ അവര്‍ പണിശാലയിലേക്ക് അയക്കുന്നു. അവന് നേപ്പിള്‍സില്‍ തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങുകയാണ്. അവന് ഡെര്‍ണ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ് വഴി അയച്ച കത്തുകളൊന്നും അന്റോണിയറ്റ വാങ്ങുകയോ അവന് കൊടുക്കുകയോ ചെയ്തിരുന്നില്ല. അവന്റെ വയലിന് അവളെടുത്ത് പണയം വച്ചു. അമേരിഗോ അവളെ സ്വാര്ത്ഥയായതിന് ആക്ഷേപിച്ചപ്പോള്‍, അന്റോണിയറ്റ അവനെ തല്ലുന്നു. അന്നു വൈകുന്നേരം, അമേരിഗോ ആരുമറിയാതെ ട്രെയിന്‍ കയറി മോഡേനയിലേക്ക് പോകുന്നു. അവിടെ ഡെര്ണയുമായി വീണ്ടും ഒന്നിക്കുന്നു. വികാരനിര്‍ഭരമായ ഒരു രംഗമായിരുന്നു അത്. പെറ്റമ്മയെ വിട്ട് ഏതാനും നാളുകള്‍ തന്നെ പോറ്റിയവളുടെ സമീപത്തേക്ക് അവന് അണയുന്നു.
കാലമൊരുപാട് കഴിഞ്ഞു. ഇപ്പോള്‍ വര്‍ഷം 1994 ആണ്. അമേരിഗോ പ്രശസ്തനായ ഒരു വയലിനിസ്റ്റാണ്. ഒരു സംഗീതപരിപാടിക്കായി ഒരുങ്ങുന്നതിനിടെ തന്റെ അമ്മ മരിച്ചുവെന്ന് അയാള്‍ക്ക് സന്ദേശം ലഭിക്കുന്നു. അയാള്‍ നേപ്പിള്‍സില്‍ തന്റെ പഴയ വാസസ്ഥലത്തെത്തി. അവിടെ അമ്മയുടെ വസ്തുക്കള്‍ കാണുന്നു. കട്ടിലിനടിയില്‍ നിന്ന് തന്റെ പഴയ വയലിന് അയാള്‍ക്കു ലഭിക്കുന്നു. അതില്‍ പണയപ്പാട് തിരിച്ചെടുത്തതിന്റെ രസീതും ഉണ്ടായിരുന്നു. അതയാളെ കണ്ണീരിലാഴ്ത്തി. യഥാര്‍ത്ഥത്തില്‍ അമേരിഗോയെ ഓടിപ്പോകാന്‍ അന്റോണിയറ്റ അവസരമൊരുക്കുകയായിരുന്നുവെന്നും അമേരിഗോയെ ശാശ്വതമായി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ അവനെ തിരികെ അയക്കണമെന്നും ആവശ്യപ്പെട്ട് ഡെര്‍ണയ്ക്ക് അവര്‍ കത്തെഴുതിയിരുന്നുവെന്നും ഒരു വോയ്സ് ഓവറിലൂടെ സംവിധായിക വെളിപ്പെടുത്തുമ്പോഴാണ് ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു കഥയായിരുന്നുവെന്ന് പ്രേക്ഷകന് ബോധ്യപ്പെടുന്നത്.
ഡെര്ണയായി ബാര്‍ബറ റോഞ്ചിയും അന്റോണിയറ്റയായി സെറീന റോസിയും അമേരിഗോ ആയി സ്റ്റെഫാനോ അക്കോര്സിയും മികച്ച അഭിനയമാണ് കാഴ്ചവച്ചത്. വേര്‍പിരിയല്‍, സഹിഷ്ണുത, സ്നേഹം, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണത ഇവയെല്ലാം കലുഷിതമായ ഒരന്തരീക്ഷത്തില്‍ വിചിന്തനം ചെയ്യപ്പെടുകയാണ്. സംവിധായിക, ക്രിസ്റ്റീന കൊമെന്സിനിയുടെ സിനിമാ ആഖ്യാനം, ആഴമേറിയ വികാര വിചാര തലങ്ങളിലേക്ക് പ്രേക്ഷകനെ ആനയിക്കും.
കുട്ടികളുടെ കഥയുടെ ആര്‍ദ്രത പലപ്പോഴും മുതിര്‍ന്നവരുടെ വീക്ഷണകോണില്‍ നിന്നാണ് സിനിമകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചില്‍ഡ്രന്‍സ് ട്രെയിനില്‍ പ്രധാന കഥാപാത്രമായ അമേരിഗോയാണ് ആഖ്യാതാവുന്നത്. സിനിമ മുഴുവനായും അവന്റെ വീക്ഷണകോണില്‍ നിന്നാണ് അവതരിപ്പിക്കുന്നത്. ഇത് സിനിമയുടെ ഘടനയേയും ഭാവത്തേയും അതി മനോഹരമാക്കുന്നുണ്ട്.
ചിത്രം വര്‍ത്തമാന കാലത്തില്‍ ആരംഭിക്കുകയും, അമേരിഗോ ഒരു ദരിദ്ര ബാലനായിരുന്ന ഭൂതകാലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുകയുമാണ്. കുട്ടികളും സ്ത്രീകളുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. മറ്റുള്ളവരെല്ലാം സഹായകഥാപാത്രങ്ങള് മാത്രമാണ്.
യുദ്ധാനന്തര ഇറ്റലിയുടെ അന്ധകാരം വ്യക്തമാക്കാന്‍ പ്രകൃതിദത്തമായ വെളിച്ചവും മങ്ങിയ നിറങ്ങളും ഉപയോഗിക്കുന്നു. തെക്കന്‍ പ്രദേശത്തെ വിശാലവും തരിശായതുമായ ഭൂപ്രകൃതികള്‍ പകര്‍ത്താന്‍ ദീര്‍ഘമായ ഷോട്ടുകളില്‍ ശ്രദ്ധചെലുത്തിയിരിക്കുന്നു. ഇറ്റാലോ പെട്രിക്കിയോണിന്റെ ഛായാഗ്രഹണം കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരിക നിമിഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പലപ്പോഴും അവരുടെ വികാരങ്ങളുടെ ആഴം, പ്രത്യേകിച്ച് കുട്ടികളുടെ ആന്തരിക അസ്വസ്ഥതകള്‍ അറിയിക്കാന്‍ ക്ലോസപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. നിക്കോളോ പിയോവാനിയുടെ നേര്‍ത്ത സംഗീതത്തിന്റെ അലകള്‍ ചിത്രത്തിന്റെ മികവിനു മിഴിവേകുന്നു.