കൊച്ചി: കെ.സി.വൈ.എം കൊച്ചി രൂപതയും എച്ച്.ആർ.ഡി കൊച്ചിനും സംയുക്തമായി സംഘടിപ്പിച്ച സിൽവസ്റ്റർ 2024-2025 ദീപാലങ്കാര മത്സരത്തിൽ വിജയികളായവർക്കും കൊച്ചിൻ കാർണിവലിൽ സർവ്വ മതസൗഹാർദ്ദം ലോകസമാധാനത്തിനായി എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച ഫ്ലോട്ടിൻ്റെ ഭാഗമായി പ്രവർത്തിച്ചവർക്കുമുള്ള അനുമോദനയോഗം, ഫോർട്ട് കൊച്ചി മെത്രാസന മന്ദിരത്തിൽ വച്ച് നടത്തപ്പെട്ടു.
കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആൻ്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ പാരമ്പര്യത്തിന്റെ മഹത്വം ലോകത്തിനു മുമ്പിൽ ഉദ്ഘോഷിക്കുവാൻ യുവജനങ്ങൾ സജ്ജരാവണമെന്ന് അദ്ദേഹം പറഞ്ഞു. സിൽവസ്റ്റർ കൺവീനർ കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. രൂപത പ്രൊക്യുറേറ്റർ ഫാ. മാക്സൺ കുറ്റിക്കാട്ട് മുഖ്യാതിഥി ആയിരുന്നു. സിൽവസ്റ്റർ 2024-2025 ദീപാലങ്കാര മത്സരത്തിൽ പങ്കെടുത്തു വിജയികളായ ബില്ല്യഴ്സ് ക്ലബ്, ചെറിയകടവ് (ഒന്നാം സമ്മാനം), വി.ജെ ജോസ്ലിൻ (രണ്ടാം സമ്മാനം), സാവിയോ ഷ്മിഡ്റ്റ് (മൂന്നാം സമ്മാനം) എന്നിവർക്കും പ്രോത്സാഹന സമ്മാനത്തിന് അർഹരായവർക്കുമുള്ള സമ്മാനങ്ങൾ നൽകി.
ടീം സിൽവസ്റ്റർ കൊച്ചിൻ കാർണിവലിൽ അവതരിപ്പിച്ച ഫ്ലോട്ട് തയ്യാറാക്കുവാൻ നേതൃത്വം നൽകിയ ആർട്ട് ഡയറക്ടർ മിൽട്ടൺ തോമസ്, മേക്കപ്പ് ആർട്ടിസ്റ്റ് അനീഷ് വൈപ്പിൻ, വസ്ത്രാലങ്കാരം ചെയ്ത അൽമാസ്, ഫ്ലോട്ടിൽ വേഷങ്ങളണിഞ്ഞവർ എന്നിവർക്കും സ്നേഹോപഹാരങ്ങൾ നൽകി.
കെ.സി.വൈ.എ കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി, രൂപത കോ-ഓർഡിനേറ്റർമാരായ ഡാനിയ ആൻ്റണി, അന്ന സിൽഫ, യേശുദാസ് വിപിൻ എന്നിവർ സംസാരിച്ചു. ക്രിസ്റ്റി ചക്കാലക്കൽ, ജോർജ്ജ് ജിക്സൺ, ആൻ്റണി നിതീഷ്, ആൻ്റണി ആൻസിൽ, നിബിൻ ആൻ്റണി, ഗോഡ്വിൻ സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു.