കൊച്ചി : നടിയെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിന്റെ നടപടിക്കെതിരെ അതിരൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി. കോടതിയെ മുന്നില്‍വെച്ച് നാടകം വേണ്ടെന്നും വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് പറഞ്ഞു.
മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു.ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. മാധ്യമശ്രദ്ധ കിട്ടാനുള്ള ശ്രമമാണോ ? കഥ മെനയരുത്. കോടതിയെ അപമാനിക്കാനാണോ ശ്രമം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് മുന്നറിയിപ്പ് നല്കി.ജയിലില്‍ നിന്നും ഇറങ്ങാന്‍ വൈകിയതെന്തെന്ന് 12 മണിക്ക് വിശദീകരിക്കണമെന്നും പ്രതി ഭാഗം അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ തുടരുകയായിരുന്നു.ജാമ്യം കിട്ടിയിട്ടും പല കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ അഭിഭാഷകരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങുകയായിരുന്നു.അതേ സമയം ബോബി ചെമ്മണ്ണൂരിന്റെ നടപടിക്കെതിരെ കോടതി ഇടപെടല്‍ നടക്കാനിരിക്കെ തിടുക്കപ്പെട്ട് ഇന്ന് രാവിലെ ജയിലില്‍ നിന്നും ഇറങ്ങുകയായിരുന്നു ഇയാൾ .