ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാർലമെന്റ് വളപ്പിലെ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വനിത എം.പിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമീഷൻ. നാഗാലാന്‍ഡില്‍ നിന്നുള്ള എം.പി ഫാംഗ്നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് നടപടി.
വനിത എം.പിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാധ്യക്ഷന്മാര് നടപടി സ്വീകരിക്കണമെന്ന് വനിത കമീഷന് അധ്യക്ഷ വിജയ രഹത്കര്‍ നിര്‍ദേശം നല്കി.
അമിത് ഷാക്കെതിരെ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത് ബഹുമതിയായി കാണുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കേസെടുത്തെന്നുവെച്ച് ആർ.എസ്.എസ് – ബി.ജെ.പി ഭരണത്തിനെതിരെ നിലകൊള്ളുന്നതില്‍നിന്ന് ഒരടി പിന്നോട്ട് പോകില്ല. തങ്ങളെ ശാരീരികമായി ആക്രമിച്ച ബി.ജെ.പി നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ് വനിതാ എംപിമാര്‍ നല്കിയ പരാതികളില്‍ എന്തുകൊണ്ട് ഡൽഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഡോ. ബി.ആര്. അംബേദ്കറെ പരാമർശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് രാഹുൽ ഗന്ധിക്കെതിരെ ബി.ജെ.പി എം.പി ലോക്സഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്സഭ സെക്രട്ടറിക്ക് നോട്ടീസ് സമർപ്പിച്ചത്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെക്കെതിരെയും അവകാശ നോട്ടീസ് നൽകുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.