മോസ്കോ :സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യയുടെ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. മോസ്കോയിലെ റിയാസന്‍സ്കി പ്രോസ്പെക്റ്റിലെ അപ്പാര്‍ട്ട്മെന്റിന്റെ മുന്നിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇഗോറിന്റെ സഹായിയായ സൈനികനും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.യുക്രൈനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ റഷ്യക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം.
നിരവധി രാസായുധ ആക്രമണങ്ങളുടെയടക്കം പിന്നിൽ പ്രവർത്തിച്ച ആളെന്ന നിലയിൽ യുക്രൈന്റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന സൈനിക ജനറലായിരുന്നു ഇഗോർ കിറില്ലോവ്. അതിനാൽത്തന്നെ ആക്രമണത്തിന് പിന്നിൽ യുക്രൈൻ സേനയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
കിറില്ലോവ് യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തിന്റെ കൊലപാതകം ‘തീര്‍ത്തും നിയമാനുസൃത’മാണെന്നും യുക്രെയ്നിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം, കിറില്ലോവിന്റെ കൊലപാതകത്തിൽ യുക്രെയിന് കനത്ത തിരിച്ചടി നൽകുമെന്ന് റഷ്യൻ സുരക്ഷ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് മുന്നറിയിപ്പ് നൽകി.