ഷാജി ജോര്‍ജ്
ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികം നവംബര്‍ 26ന് രാജ്യം ആഘോഷിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 75 രൂപയുടെ നാണയം പ്രകാശിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 75 വര്‍ഷം മുമ്പ് ഈ ദിവസം ഈ സെന്‍ട്രല്‍ ഹാളില്‍, ഭരണഘടനാ നിര്‍മ്മാണം എന്ന ബൃഹത്തായ ജോലി ഭരണഘടനാ നിര്‍മ്മാണ സഭ നടത്തി. നമ്മുടെ ഭരണഘടന ജീവിക്കുന്നതും പുരോഗമനപരവുമായ ഒരു രേഖയാണ്. നമ്മുടെ ഭരണഘടനയിലൂടെ സാമൂഹ്യനീതിയുടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന്റെയും ലക്ഷ്യങ്ങള്‍ നാം നേടിയെടുത്തു. – രാഷ്ട്രപതി പറഞ്ഞു. സംസ്കൃതത്തിലും മൈഥിലി ഭാഷയിലുമുള്ള ഭരണഘടന രാഷ്ട്രപതി പ്രകാശനം ചെയ്തു.
1946 ഡിസംബര്‍ 9 നാണ് ഭരണഘടനാ അസംബ്ലിയുടെ ആദ്യ സമ്മേളനം ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചേരുന്നത്. ഡോ. ബി.ആര് അംബേദ്കറുടെ നേതൃത്യത്തില്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു. 243 ലേഖനങ്ങളും 13 ഷെഡ്യൂളുകളുമുള്ള കരട് 1949ല്‍ പൂര്‍ത്തിയായി.
ഈ ദിനങ്ങളുടെ പ്രത്യേകത ഉള്‍ക്കൊണ്ട് നമ്മുടെ വായനയില്‍ ഉള്‍ച്ചേര്‍ക്കേണ്ട പുസ്തകമാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. എം.വി പൈലിയുടെ ‘ഇന്ത്യയുടെ ഭരണഘടനാ ചരിത്രം’. 1600 മുതല്‍ 1950 വരെയുള്ള ഭൗതിക രാഷ്ട്രീയ ചരിത്ര സാഹചര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന കൃതിയാണിത്. 1600ന്റെ പ്രത്യേകത; ഇംഗ്ലണ്ടില്‍ ഈസ്റ്റ് ഇന്ത്യ കമ്പിനി സ്ഥാപിതമായത് 1600ലാണ് എന്നത്രേ. അന്നുതൊട്ട് ബ്രട്ടീഷ് ആധിപത്യത്തിന്റെ ചരിത്രം ആരംഭിക്കുന്നു.
കമ്പനിയുടെ ആദ്യകാലത്തെ വ്യാപാരകേന്ദ്രങ്ങള്‍ ഇന്ത്യയുടെ തീരപ്രദേശങ്ങളിലായിരുന്നു. അവയില്‍ ആദ്യത്തേത് 1610-ല്‍ സൂററ്റില്‍ സ്ഥാപിതമായി. മുഗള്‍ചക്രവര്‍ത്തിയായിരുന്ന ജഹാംഗീറിന്റെ അനുമതിയോടുകൂടിയാണ് അത് സ്ഥാപിച്ചത്. പിന്നീട്, 1616-ല്‍ മസൂലി പട്ടണത്തിലും 1633-ല്‍ മഹാനദിയിലെ ഒരു ഡല്റ്റയായ ഹരിഹരപൂരിലും 1640-ല്‍ മദ്രാസിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജിലും 1669-ല്‍ ബോംബെയിലും (ചാള്‍സ് രണ്ടാമന് രാജകീയ സമ്പത്ത് എന്ന നിലയില്‍ കൊല്ലത്തില്‍ പത്തു പവന് വാടകയ്ക്ക് ദ്വീപും ബോബെ തുറമുഖവും കമ്പനിയെ ഏല്‍പ്പിച്ചിരുന്നു.) 1686ല്‍ കല്‍ക്കത്തയിലും വ്യാപാരകേന്ദ്രങ്ങള്‍ ആരംഭിക്കുകയുണ്ടായി. ഇംഗ്ലീഷുകാര്‍, തങ്ങളുടെ യൂറോപ്യന്‍ എതിരാളികളെ പോര്‍ച്ചുഗീസുകാരില്‍ നിന്നും ഡച്ചുകാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ വ്യാപാര കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു നയമാണ് അനുവര്‍ത്തിച്ചത്. തന്മൂലം അക്കാലത്ത് പ്രാദേശിക ശക്തികളുമായി അവര്‍ക്ക് ഇടയേണ്ടിവന്നില്ല.
എന്നാല്‍ 1686-ല്‍ ആദ്യമായി ഈ നയത്തിന് ഒരു വ്യതിചലനം സംഭവിച്ചു. ബംഗാള്‍ പ്രവിശ്യയിലെ ചിറ്റഗോങ്ങിനെ ആക്രമിക്കാന്‍ കമ്പനി ഒരു സൈനികസംഘത്തെ അയച്ചു. ഈ ആക്രമണസംരംഭം ദയനീയമായി പരാജയപ്പെടുകയും ഔറംഗസേബ് ചക്രവര്‍ത്തിയുടെ കോപത്തിന് കമ്പനി പാത്രമായിത്തീരുകയും ചെയ്തു. ഇംഗ്ലീഷുകാരെ അവരുടെ എല്ലാ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കുവാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു. എന്നാല്‍ കമ്പനിയുടെ നിലനില്‍പ്പിന് ഹാനികരമല്ലാത്ത നിലയില്‍ കാര്യങ്ങള്‍ പര്യവസാനിച്ചു. അതിന് കാരണം കമ്പനിമേധാവികള്‍ ചക്രവര്‍ത്തിക്ക് കീഴടങ്ങാന്‍ തയാറായതാണ്. മാത്രമല്ല, ഇംഗ്ലീഷ് നാവികസൈന്യത്തിന്റെ ഒരു ശക്തിപ്രകടനവും ഒത്തുതീര്‍പ്പിന് സഹായകമായി ഭവിച്ചു. 1690-ല്‍ ചക്രവര്‍ത്തിയുമായി നടന്ന ഒത്തുതീര്‍പ്പുവ്യവസ്ഥയനുസരിച്ച് കമ്പനിക്ക് മുന്‍ ആനുകൂല്യങ്ങളെല്ലാം വീണ്ടും സിദ്ധിക്കുകയുണ്ടായി. അതേ വര്‍ഷത്തില്‍ തന്നെ കല്‍ക്കത്തയില്‍ ഒരു പുതിയ ഫാക്ടറി നിര്‍മിക്കപ്പെട്ടു. ഒരു നൂറ്റാണ്ടിനു ശേഷം കല്‍ക്കത്ത, ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിത്തീര്ന്നതിന് അടിത്തറ പാകിയത്ത് ഈ സംഭവമായിരുന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനി, പാര്‍ലമെന്റിന്റെ നിയന്ത്രണം, ദ്വിഭരണം, ദ്വിഭരണം: ഒരു വിലയിരുത്തല്‍ 1784-1858,ഇന്ത്യ രാജവാഴ്ചയില്‍, ഭരണവികേന്ദ്രീകരണം, മിന്റോ-മോര്‍ലി ഭരണപരിഷ്കാരങ്ങള്‍, 1919-ലെ ഇന്ത്യാഗവണ്മെന്റ് ആക്ട്,1935-ലെ ഭരണഘടനാനിയമം, ഭരണഘടനാപരമായ വികാസപരിണാമം യുദ്ധത്തിന് മുന്‍പും പിന്‍പും, ഇന്ത്യന്‍ കാര്യങ്ങള്‍ക്കായുള്ള ‘ആഭ്യന്തര’ ഭരണം, ബ്രിട്ടീഷ് ചക്രവര്‍ത്തിയും ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും,പുതിയ ഭരണഘടന രൂപപ്പെടുന്നു എന്നിങ്ങനെ 13 അധ്യായങ്ങളിലായി പുസ്തകം വളരുന്നു.
1855 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണം, പുതുതായി രൂപീകരിക്കപ്പെട്ട കല്‍ക്കത്ത, ബോംബേ, മദ്രാസ് സര്‍വകലാശാലകള്‍ ഇന്ത്യയുടെ രാഷ്ട്രീയ ജാഗരണത്തിന് നല്കിയ ഗണ്യമായ സംഭാവനകള്‍, സര് ജോണ്‍ സൈമണ്‍ കമ്മീഷന്, സൈമണ്‍ കമ്മീഷന് ശുപാര്‍ശകള്‍ക്കെതിരെ ‘ഫെഡറേഷന് ‘ എന്ന ആശയം മുന്നോട്ട് വെച്ച അഖിലകക്ഷി കമ്മിറ്റി അഥവാ മോട്ടിലാല്‍ നെഹ്റു കമ്മിറ്റി, വട്ടമേശ സമ്മേളനങ്ങള്‍, 1939ലെ ലോകമഹായുദ്ധം ഇന്ത്യാ- പാകിസ്ഥാന് വിഭജനം തുടങ്ങിയ ചരിത്ര സംഭവങ്ങള്‍ ഭരണഘടന രൂപികരണത്തിന് എങ്ങനെ സഹായകരമായി എന്ന് പുസ്തകം വിവരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭരണഘടന പിറവിയെടുത്ത ചരിത്രം അവിസ്മരണീയമാംവിധം പുസ്തകം പകര്‍ന്നു നല്കുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.