ജെക്കോബി
മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടാനും സമൂഹത്തില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം കൊഴുപ്പിക്കാനുമുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ മന്ത്രിസഭ അംഗീകരിച്ച ‘നിയമവിരുദ്ധ മതപരിവര്‍ത്തനം തടയാനുള്ള’ പുതിയ ബില്ലും.
ഗോത്രവര്‍ഗക്കാരും ദുര്‍ബല വിഭാഗങ്ങളും ക്രിസ്തുമതം സ്വീകരിക്കുന്നതിലെ വിപത്തിനെക്കുറിച്ചും മുസ് ലിം പുരുഷന്മാര് ആദിവാസി സ്ത്രീകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും ആശങ്കാജനകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് രാജസ്ഥാന് നിയമമന്ത്രി ജോഗാറാം പട്ടേല്‍ പറയുന്നത്. പട്ടിണിയും തൊഴിലില്ലായ്മയും ഗ്രാമീണ കര്‍ഷകരുടെ ദുരിതങ്ങളും പരിഹരിക്കാനുള്ള വഴികാണാതെ അഞ്ചു ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് വീമ്പുപറയുന്ന മോദിയുടെ അനുയായികള്‍ക്ക് ക്രൈസ്തവ പ്രേഷിതരുടെ സാമൂഹിക ശുശ്രൂഷയോട് കടുത്ത വിരോധമാണ്. മുസ് ലിംകളുടെ മേല്‍ ആരോപിക്കാറുള്ള മതംമാറ്റത്തിനായുള്ള ‘ലൗ ജിഹാദ്’ വിവാഹതട്ടിപ്പിന്റെ കഥകളാകട്ടെ വിദ്വേഷപ്രചാരണത്തിന്റെ ഉഗ്രശിഖയുള്ള അഗ്നിസ്ഫുലിംഗങ്ങളാണ്. ഗോത്രവര്‍ഗക്കാര്‍ ഹിന്ദുക്കളല്ലെന്നു വാദിക്കുന്ന ഭാരത് ട്രൈബല്‍ പാര്‍ട്ടി തെക്കന്‍ രാജസ്ഥാനിലെ ബാംസ വാഡയിലും ഡൂംഗര്പുറിലും ഭീല്‍ വംശജരുടെ മറ്റു പ്രധാന മേഖലകളിലും അതിവേഗം വളര്‍ന്ന് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്നതും ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. ആദിവാസി മേഖല കൈവിട്ടുപോകുന്നതു തടയാന്‍ ഉദയ്പൂരിലെ ബിജെപി എംപി മന്നലാല്‍ റാവത്ത് പാര്‍ട്ടിനേതൃത്വത്തില്‍ ഏറെ സമ്മര്‍ദം ചെലുത്തിയാണ് മതപരിവര്‍ത്തന നിരോധന നിയമം തിടുക്കത്തില്‍ കൊണ്ടുവരുന്നതത്രെ.
‘ബലപ്രയോഗം, പ്രലോഭനം, വഞ്ചന’ എന്നിവയിലൂടെ മതപരിവര്‍ത്തനം നടത്തിയാല്‍ രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ ജയില്‍ശിക്ഷയും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ‘രാജസ്ഥാന് ധാര്‍മിക് സ്വതന്ത്രതാ വിധേയക്’ 2006-ല്‍ വസുന്ധരാ രാജേ സിന്ധ്യയുടെ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ആ ബില്ലിന് അന്ന് സംസ്ഥാന ഗവര്‍ണറായിരുന്ന പ്രതിഭാ പാട്ടില്‍ അനുമതി നല്‍കിയില്ല. മതപരിവര്‍ത്തനത്തിന് ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള ഭേദഗതികളോടെ 2008-ല്‍ സിന്ധ്യാ സര്‍ക്കാര്‍ അതു വീണ്ടും കൊണ്ടുവന്നു. ഗവര്‍ണറായിരുന്ന എസ്.കെ സിങ് പലവട്ടം തള്ളിയെങ്കിലും ഒടുവില്‍ ബില്ല് കേന്ദ്രത്തിലേക്ക് അയച്ചു. വസുന്ധരാ രാജേ രണ്ടാംവട്ടം മുഖ്യമന്ത്രിയായിരിക്കെ 2017 നവംബറില്‍ അത് കേന്ദ്രത്തില്‍ നിന്ന് തിരിച്ചയച്ചത് ‘ദേശീയനയവുമായി പൊരുത്തപ്പെടുന്നതല്ല’ എന്ന കുറിപ്പോടെയായിരുന്നു.
രാജസ്ഥാന് ഹൈക്കോടതി 2017-ല്‍ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയുന്നതിനുള്ള മാര്‍ഗരേഖ പുറപ്പെടുവിച്ചു. വാസ്തവത്തില്‍, മതപരിവര്‍ത്തനം തടയുന്നതിന് നിയമവിധേയമായി ഉചിതമായ നടപടികളെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ട്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ വ്യവസ്ഥയുണ്ട്.
രാജസ്ഥാനിലെ പുതിയ ബില്ലില്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാകുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരത്തിനു വ്യവസ്ഥയുണ്ട്. വ്യക്തിയോ സ്ഥാപനമോ തെറ്റിദ്ധരിപ്പിച്ചോ വഞ്ചനയിലൂടെയോ ബലപ്രയോഗത്തിലൂടെയോ മതം മാറ്റിയാല്‍ ആദ്യകുറ്റകൃത്യത്തിന് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയും, രണ്ടാം തവണ 10 വര്‍ഷം വരെയും തടവുശിക്ഷ നിര്‍ദേശിക്കുന്നു. സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേസില്‍ രണ്ടു മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും, രണ്ടോ അതിലധികമോ പേരുടെ ‘വലിയതോതിലുള്ള മതംമാറ്റത്തിന്’ മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. അനധികൃത മതപരിവര്‍ത്തനത്തിനുവേണ്ടിയുള്ള വിവാഹം കുടുംബ കോടതിക്ക് അസാധുവായി പ്രഖ്യാപിക്കാനാകും. മതപരിവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ 60 ദിവസം മൂന്‍കൂറായി ജില്ലാ മജിസ്ട്രേട്ടിന് അപേക്ഷ സമര്‍പ്പിക്കണം. മതംമാറ്റത്തിന്റെ ലക്ഷ്യം, കാരണം, സാഹചര്യം എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തും. മതപരിവര്‍ത്തനം കഴിഞ്ഞ് 21 ദിവസത്തിനകം ഡിഎം മുമ്പാകെ നേരിട്ട് ഹാജരായി സത്യവാങ്മൂലം സമര്‍പ്പിക്കണം. അത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. പൂര്വമതത്തിലേക്കുള്ള തിരിച്ചുപോക്കിന് – ഹിന്ദുത്വ അജന്‍ഡയിലെ ഘര്‍വാപസിക്ക് – ഈ കാര്യക്രമങ്ങളൊന്നുംതന്നെ ആര്‍ക്കും ബാധകമല്ല.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2021-ല്‍ നടപ്പാക്കിയ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയുടെ 25-ാം വകുപ്പ് ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമാണെന്ന് കഴിഞ്ഞ മേയ് 16ന് സുപ്രീം കോടതി, പ്രയാഗ്രാജിലെ സാം ഹിഗിന്‍ബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍, ടെക്നോളജി ആന്‍ഡ് സയന്‍സസ് വൈസ് ചാന്‍സലറുമായി ബന്ധപ്പെട്ട മതപരിവര്‍ത്തന കേസില്‍ നിരീക്ഷിക്കുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ കഴിഞ്ഞ ജൂലൈയില്‍ യുപി നിയമസഭ പാസാക്കിയ ഭേദഗതി നിയമത്തില്‍ ജീവപര്യന്തം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് അനധികൃത മതപരിവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കുന്നതിന് 14 വര്‍ഷം വരെ തടവുശിക്ഷയ്ക്കു വകുപ്പുണ്ട്.
യുപിയില്‍ 2020-ല്‍ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് 2023 ജൂലൈ വരെ 835 കേസുകളിലായി 1,682 പേരെ അറസ്റ്റു ചെയ്തു. ജാമ്യമില്ലാ വകുപ്പില്‍ ആരെയും മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റുചെയ്യാവുന്ന അവസ്ഥയാണ്. അലഹാബാദ് രൂപതയിലെ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. ബാബു ഫ്രാന്‍സിസിനെ 83 ദിവസം ജയിലിലിട്ടത് അദ്ദേഹം കത്തോലിക്കനായ തന്റെ ഡ്രൈവറെ അറസ്റ്റു ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നതോടെയാണ്. ലഖ്നൗ രൂപതയിലെ ഫാ. ഡോമിനിക് പിന്റോയെ ആറ് ആഴ്ച തടവില്‍ വച്ചത് രൂപതാ പാസ്റ്ററല്‍ സെന്റര്‍ ഒരു ഇവാഞ്ചലിക്കല്‍ ഗ്രൂപ്പിന് മീറ്റിങ് നടത്താനായി വിട്ടുകൊടുത്തതിനാണ്.
അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ്മ ഈയിടെ കൊണ്ടുവന്ന മാജിക്കല്‍ ഹീലിങ് (പ്രിവന്‍ഷന്‍ ഓഫ് ഈവിള്‍ പ്രാക്റ്റീസസ്) ആക്ട് പ്രകാരം അപ്പര്‍ ഗോലാഘാട്ടില്‍ പദംപുര്‍ ഗ്രാമത്തിലെ ഏതാനും ഗോത്രവര്‍ഗക്കാരുടെ രോഗശാന്തിക്കായി പ്രാര്‍ഥിച്ച ബാപ്റ്റിസ്റ്റ് സഭാ പാസ്റ്ററെ മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പില്‍ ഇക്കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. രോഗികളെ ആശ്വസിപ്പിക്കാന്‍ ഭവനസന്ദര്‍ശനം നടത്തുന്നവരെയും രോഗശാന്തി ശുശ്രൂഷയും സുവിശേഷ കണ്‍വെന്‍ഷനുകളും നടത്തുന്നവരെയും മാജിക്കല്‍ സൗഖ്യദാനത്തിലൂടെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടക്കുകയാണ് അസം ഭരണകൂടം.
ഒഡീഷ, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നിലവിലുണ്ട്. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമം കോണ്‍ഗ്രസ് ഭരണകൂടം റദ്ദാക്കി. ഈ സംസ്ഥാനങ്ങളിലൊന്നും ഇന്നേവരെ ഒരാളെപ്പോലും മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ വിചാരണ ചെയ്ത് അന്തിമമായി ശിക്ഷിക്കാനായിട്ടില്ല എന്നത് നിയമവിരുദ്ധ മതപരിവര്‍ത്തന കേസുകളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നു.
ഓരോ മുസ് ലിം പള്ളിയിലും ശിവലിംഗം തിരയേണ്ടതില്ലെന്ന് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് പറഞ്ഞിട്ടും കാശിയിലെ ഗ്യാന്‍വാപി മസ്ജിദിലും മഥുരയിലെ ശാഹി ഈദ് ഗാഹിലും നിന്ന് ഹിന്ദു സേന ഇപ്പോള്‍ പടിഞ്ഞാറന്‍ യുപിയിലെ സംഭലില്‍ ബാബറിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട ശാഹി ജുമാ മസ്ജിദിലും, രാജസ്ഥാനിലെ അജ്മീരില്‍ 800 വര്‍ഷത്തെ ചരിത്രമുറങ്ങുന്ന ഹസ്രത്ത് ഖ്വാജാ ഗരീബ് നവാസ് ദര്‍ഗാ ശരീഫിലും, അഡായി ദിന് കാ ഛോപ്ഡാ എന്ന അജ്മീറിലെ അതിപുരാതന മസ്ജിദിലും, മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് 1644 – 1656 കാലഘട്ടത്തില്‍ നിര്‍മിച്ച ഡല്‍ഹി ജുമാ മസ്ജിദിലും വരെ ഹിന്ദുക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ബിംബങ്ങളും മാന്തിയെടുക്കാനുള്ള പുറപ്പാടിലാണ്.
1947 ഓഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയില്‍തന്നെ രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം നിലനിര്‍ത്താനുള്ള 1991-ലെ ആരാധനാലയ സംരക്ഷണ നിയമം, അയോധ്യയിലെ ബാബ്റി മസ്ജിദ് ദുരന്തം ഭാവിയില്‍ ഒരിടത്തും ആവര്‍ത്തിക്കില്ല എന്ന ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കിന്റെ ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കിയത്. എന്നാല്‍, വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദുക്കളുടെ ആരാധനാമൂര്ത്തികളുണ്ടെന്ന വാദത്തിന് ഉപോദ്ബലകമായ തെളിവുകള്‍ കണ്ടെത്തുന്നതിന് കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) സര്‍വേ നടത്തണമെന്ന ഹിന്ദുപക്ഷത്തിന്റെ ഹര്‍ജിക്ക് അനുകൂലമായി വാരാണസിയിലെ കീഴ്ക്കോടതിയും അലഹാബാദിലെ ഹൈക്കോടതിയും വിധിച്ചത് 1991-ലെ ആരാധനാലയ നിയമത്തിനു വിരുദ്ധമായാണ്. ഒരു സ്ഥലത്തിന്റെയോ വസ്തുവിന്റെയോ മതപരമായ സ്വഭാവം പരിശോധിക്കുന്നത് ആരാധനാലയ നിയമം ചോദ്യം ചെയ്യുന്നില്ലെന്നാണ് സുപ്രീം കോടതിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്. ഗ്യാന്‍വാപിയുടെ നിലവറയില്‍ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നാണ് എഎസ്ഐ റിപ്പോര്‍ട്ട് നല്‍കിയത്. വാരാണസി ജില്ലാ കോടതി ഗ്യാന്‍വാപിയില്‍ ഉടന്‍ പൂജയ്ക്ക് അനുമതി നല്കി.
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുവദിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇന്ത്യന്‍ ഭരണഘടനയോടും രാജ്യത്തോടും വലിയ അന്യായമാണ് ചെയ്തതെന്നാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സംഭലിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ചത്. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ സംഭലിലെ പുരാതന കല്‍ക്കി ക്ഷേത്രം നശിപ്പിച്ചിട്ടാണ് 1526-ല്‍ ശാഹി ജുമാ മസ്ജിദ് നിമിച്ചതെന്ന ഒരു ഹൈന്ദവ പൂജാരിയുടെ വാദം സ്ഥിരീകരിക്കാന്‍ അവിടത്തെ ഒരു സിവില്‍ കോടതി ഏകപക്ഷീയമായി ഒരു അഭിഭാഷക കമ്മിഷനെ നിയോഗിക്കുകയും, ആ കമ്മിഷന് മൂന്നു മണിക്കൂറിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, അഞ്ചു ദിവസം കഴിഞ്ഞ് എഎസ്ഐയുടെ സര്‍വേ ടീം മസ്ജിദില്‍ എത്തുകയും ചെയ്തതോടെ പുറത്ത് ജനക്കൂട്ടം അക്രമാസക്തമാവുകയും പൊലീസ് നടപടിയില്‍ അഞ്ചു മുസ് ലിംകള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭല്‍ ശാഹി ജുമാ മസ്ജിദ് സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത് സംഘര്‍ഷത്തിന് അയവുവരുത്താന്‍ സഹായകമായി.
സംഭലില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയെയും ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാജിപുറില് യുപി പൊലീസ് തടഞ്ഞു. ന്യൂ ഓഖ്ല, ഗ്രെയ്റ്റര്‍ നോയിഡ, യമുന എക്സ്പ്രസ് വേ വ്യവസായ വികസന അതോറിറ്റിക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര പാക്കേജിനുവേണ്ടി ഡല്‍ഹിയിലേക്കു മാര്‍ച്ച് നടത്തുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ നോയ്ഡയിലും, മിനിമം താങ്ങുവിലയ്ക്ക് നിയമപ്രാബല്യം ഉറപ്പുവരുത്താനായി പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ ഹരിയാണയിലെ ശംഭുവിലും ഖനോരിയിലും തടഞ്ഞുവച്ചിരിക്കുന്നതുപോലെ രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞാല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് സ്തംഭിക്കും.