പ്രഫ. ഷാജി ജോസഫ്
Cinema Paradiso (Italy/174 minutes /1988)
Director: Giuseppe Tornatore
അതുല്യമായ ഭാവനയും, അനുഭവങ്ങളിലൂടെ മനുഷ്യന്റെ ജീവനെ തൊട്ടുനില്ക്കുന്ന അഭിനയ മുഹൂർത്തങ്ങളും, പ്രേക്ഷകരുടെ ഹൃദയത്തെ ആർദ്രമായി തലോടുന്ന രചനയുമാണ് ‘സിനിമ പാരഡീസോ’ എന്ന ഇറ്റാലിയൻ സിനിമയുടെ അടിത്തറ. 1988ൽ ‘ജ്യൂസെപ്പെ ടൊർണറ്റോർ’ സംവിധാനം ചെയ്ത ഈ മാസ്റ്റർപീസ്, കുട്ടിക്കാല ഓർമകളുടെ നൊമ്പരങ്ങളും, പ്രണയത്തിന്റെ സൗന്ദര്യവും, സിനിമയുടെ അഗാധ സ്വാധീനവും പ്രദർശിപ്പിക്കുന്ന ഒരു കലാസൃഷ്ടിയാണ്.
സിനിമ പാരഡീസോയുടെ കഥ ഒരു സിനിമാ സംവിധായകനായ സാൽവദോർ ‘ഡി വിറ്റയുടെ ജീവിതത്തിന് ചുറ്റുമാണ് തിരിയുന്നത്. ടോട്ടോയുടെ കുട്ടിക്കാലം, വളർച്ച, ആദ്യ പ്രണയാനുഭവം, ജീവിതത്തിലെ നഷ്ടങ്ങളുമൊക്കെ ഈ കഥയുടെ മുഖ്യ അടയാളങ്ങളാണ്. ചിത്രത്തിൽ ടോട്ടോയുടെ പ്രധാന വഴികാട്ടിയായാണ് സിനമാ പ്രൊജക്ഷനിസ്റ്റ് ആൽഫ്രെഡോ രംഗപ്രവേശം ചെയ്യുന്നത്. ആൽഫ്രെഡോ ടോട്ടോയ്ക്ക് സിനിമയുടെ വൈഭവം പരിചയപ്പെടുത്തുകയും, സിനിമ കാണൽ എന്ന അനുഭവത്തിന്റെ ആഴവും ഗൗരവവും മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു. ഇരുവരുടേയും ബന്ധം, ഗുരു-ശിഷ്യ ബന്ധത്തിന്റെ ഏറ്റവും സ്വാഭാവിക രൂപം പ്രദർശിപ്പിക്കുന്നു.
ഇറ്റലിയിലെ സിസിലിയിലെ ഒരു ചെറു പട്ടണത്തിലാണ് കഥ നടക്കുന്നത്. ജ്യൂസപ്പെ ടൊർണറ്റോർ സംവിധാനം നിർവ്വഹിച്ച സിനിമയിൽ ഫിലിപ്പ് നോയറെറ്റ്, ജാക്ക് പെറിൻ, ലിയോപോൾഡോ ട്രീസ്റ്റെ, മാർക്കോ ലിയോനാർഡി, ആഗ്നീസ് നാനോ, സാൽവദോർ കാസിയോ… മുതലായവരാണ് അഭിനേതാക്കൾ. മുപ്പത് വർഷമായി സിസിലിയിലെ തന്റെ ഗ്രാമത്തെ വിട്ട് റോമിലേക്ക് ചേക്കേറിയ പ്രശസ്ത ചലച്ചിത്ര സംവിധായകനായ സാൽവദോർ ഡി വിറ്റ ഒരുദിവസം നാട്ടിലേക്ക് തിരിക്കാൻ തീരുമാനിക്കുന്നു. അയാളുടെ പ്രിയ്യപ്പെട്ട ചങ്ങാതിയും വഴികാട്ടിയുമായ ആൽഫ്രെഡോയുടെ മരവാർത്ത അറിഞ്ഞതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കന്നത്. ആൽഫ്രെഡോയെ പറ്റിയുള്ള ഓർമ്മകൾ അയാളെ ബാല്യത്തിലേക്ക് നയിക്കുന്നു.
ടോട്ടോ എന്ന് വിളിപ്പേരുള്ള എട്ട് വയസ്സുകാരൻ സാൽവദോർ വിധവയായ അമ്മയോടൊപ്പമാണ് താമസം. രണ്ടാം ലോകമഹായുദ്ധത്തിൽ പിതാവിനെ നഷ്ടപ്പെട്ട വികൃതിയായ ടോട്ടോ സദാസമയവും ഗ്രാമത്തിലെ സിനിമാ തീയ്യേറ്ററായ സിനിമാ പാരഡീസോവിനെ ചുറ്റിപ്പറ്റി ജീവിക്കുന്നു, സിനിമ അവന്റെ ജീവനാണ്. ആദ്യമൊക്കെ അടുപ്പിച്ചില്ലെങ്കിലും ക്രമേണ അവനെ പ്രൊജക്ഷൻ മുറിയിൽ നിന്നുകൊണ്ട് സിനിമകൾ കാണാൻ അനുവദിക്കുന്നു മധ്യവയസ്കനായ ആൽഫ്രെഡോ. അധികം വൈകാതെ അവർക്കിടയിലെ സൗഹൃദം വളരുന്നു. ഫിലിം പ്രൊജക്ടർ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ആൽഫ്രെഡോ ഒടുവിൽ സാൽവദോറിനെ പഠിപ്പിക്കുന്നു. പുരോഹിതരുടെ സെൻസറിങ്ങിനു ശേഷമേ സിനിമ പ്രദർശിപ്പിക്കാൻ അനുവാദമുള്ളൂ. അനുവാദം ലഭിക്കാത്ത രംഗങ്ങൾ പ്രദശനത്തിനു മുൻപ് ആൽഫ്രെഡോ മുറിച്ചുമാറ്റും. ഒരുദിവസം തിയേറ്ററിലുണ്ടായ തീപ്പിടുത്തത്തിൽനിന്നും ടോട്ടോ ആൽഫ്രഡോയെ രക്ഷിച്ചെങ്കിലും അയാളുടെ കാഴ്ച ശക്തി പൂർണ്ണമായും നഷ്ടപ്പെട്ട നിലയിലായി. കത്തിപ്പോയ തിയ്യേറ്റർ പുനർ നിർമ്മിച്ചപ്പോൾ ടോട്ടോ പ്രൊജക്ഷനിസ്റ്റായി നിയമിക്കപ്പെട്ടു. അതുമുതൽ അന്ധനായ ആൽഫ്രെഡോയുമായുള്ള ബന്ധം കൂടുതൽ ദൃഢമായി.
എലീന മെൻഡോള എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്ന സാൽവദോർ അവളുമായി പ്രണയത്തിലാവുകയാണ്. അധികം വൈകാതെ അവർ പിരിയുന്നു. തുടർന്ന് നിർബന്ധിത സൈനിക സേവനത്തിനായി സാൽവദോർ നഗരം വിടുന്നു. സൈന്യത്തിൽ നിന്ന് മടങ്ങിയെത്തിയ സാൽവദോറിനെ നാട് വിടാൻ ആൽഫ്രെഡോ പ്രേരിപ്പിക്കുന്നു, അവസരങ്ങൾ വളരെ കുറഞ്ഞ ആ നാട്ടിലെ ജീവിതം അവന്റെ വളർച്ചക്ക് തടസമാണെന്നും, അതിനാൽ നാട് വിട്ട് പോകാനും ആൽഫ്രഡോ സാൽവദോറിനോട് പറയുന്നു. നാടിനെ കുറിച്ചും പഴയ കാലത്തെ കുറിച്ചും ഓർക്കരുതെന്നും യാത്രയാകുമ്പോൾ സാൽവദോറിനെ ഉപദേശിച്ചു ആൽഫ്രഡൊ. ഒരിക്കലും നാട്ടിലേക്ക് തിരിച്ചു വരരുതെന്നാണ് ആൽഫ്രെഡോ അവനോട് പറയുന്നത്. സംവിധായകനാവണം എന്ന ആഗ്രഹത്തോടെ അയാൾ റോമിലേക്ക് പോകുന്നു. വർത്തമാനകാലത്തിലേക്ക് മടങ്ങുമ്പോൾ, ആൽഫ്രെഡോയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അയാൾ നാട്ടിൽ തിരിച്ചെത്തുകയാണ്. സാൽവദോറിനെ ഏൽപ്പിക്കാനായി വൃദ്ധൻ ഏൽപ്പിച്ച വസ്തുക്കൾ അയാളുടെ ഭാര്യ അവനു കൈമാറുന്നു. ഒരു ഫിലിം റീലും, പ്രൊജക്ടർ പ്രവർത്തിപ്പിക്കാനായി അവൻ കയറി നിന്നിരുന്ന പഴയ സ്റ്റൂളുമായിരുന്നു അത്.
വളരെ കണിശതയോടെയാണ് സംവിധായകൻ സാൽവദോറിന്റെ വിവിധ പ്രായങ്ങളിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യുവാവായ സാൽവദോർ ആയി വേഷമിട്ട ജാക് പെറിന്റെ പ്രകടനം ചിന്തയിലും തനിമയിലും ശ്രേഷ്ഠമാണ്. നിഷ്കളങ്കനായ ബാലൻ ടോട്ടോയിലൂടെ സാൽവദോർ കാസിയോ കാണികളുടെ മനസ്സുനിറച്ചു, കൗമാരക്കാരനായ സാൽവദോറായി മാർക്കോ ലിയോനാർഡിയും. ആൽഫ്രഡോയിലൂടെ ഫിലിപ്പ് നോയറെറ്റ് നല്കുന്ന പ്രകടനം ഉദാത്തമാണ്. അദ്ദേഹത്തിൻ്റെ അഭിനയത്തിന്റെ മറ്റൊരു പ്രത്യേകത സാങ്കേതികമല്ലാത്ത സമീപനമാണ്, പ്രകൃതിസഹജമായ പ്രകടനങ്ങളിലൂടെ ആൽഫ്രഡോ സജീവമാകുന്നു. സംവിധായകൻ കഥാഗതിയിൽ സത്യസന്ധതയും സ്വാഭാവികതയും കൈവിടുന്നില്ല, തിരക്കഥ വളരെ ശുദ്ധവും. സിനിമയുടെ ഓരോ ഘട്ടവും ലളിതമായ രീതിയിലാണ് മുന്നോട്ടു പോവുന്നത്.
ടൊർണാറ്റോറിന്റെ ആത്മ മിത്രമായിരുന്ന ‘എന്നിയോ മൊറിക്കോനെ’യും അദ്ദേഹത്തിന്റെ മകനായ ‘ആന്ദ്രിയ മൊറിക്കോനെ’യും ഒരുമിച്ചുണ്ടാക്കിയ സംഗീതം, സിനിമയുടെ ആത്മാവായി പ്രവര്‍ത്തിക്കുന്നു. വ്യത്യസ്ത മനസികാവസ്ഥകൾ എത്രത്തോളം സംഗീതത്തിലൂടെ പ്രേക്ഷകനെ കീഴടക്കാം എന്നതിന് ഒരു ഉദാഹരണമാണ് ഈസൗണ്ട് ട്രാക്കുകൾ. സിനിമയുടെ വലിയൊരു ഭാഗം 1950-കളുടെ സിസിലിയിലാണ് നടക്കുന്നത്. ഈ പ്രദേശത്തിന്റെ മനോഹരമായ ഭൗതികവും സാമൂഹികവും പശ്ചാത്തലങ്ങൾ കാണിക്കുന്നതിൽ ഛായാഗ്രാഹകന്‍ ബ്ളാസ്കോ ഗിരാതോ വിജയിക്കുന്നു. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും നന്നായി ബാലന്‍സ് ചെയ്യുന്ന ഫ്രെയിമുകള്‍ ദൃശ്യാനുഭവത്തെ ആഴത്തിൽ വെളിപ്പെടുത്തുന്നു.
തകർച്ചയിലേക്ക് പതിച്ച ഇറ്റലിയിലെ ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിച്ചതിൻ്റെ ക്രെഡിറ്റ്, എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘സിനിമാ പാരഡീസോ’ എന്ന ചിത്രത്തിനാണ്. കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ ഗ്രാൻഡ് പ്രിക്സ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി . മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡും. 11 ബാഫ്റ്റ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഫിലിപ്പ് നൊയിററ്റിന് മികച്ച നടൻ , സാൽവറ്റോർ കാസിയോയ്ക്ക് മികച്ച സഹനടൻ , മികച്ച ഒറിജിനൽ തിരക്കഥ , മികച്ച വിദേശ ഭാഷാ ചിത്രം എന്നിവ ഉൾപ്പെടെ അഞ്ചെണ്ണം നേടുകയും ചെയ്തു. സിനിമ പാരഡീസോയുടെ പ്രാഥമിക സന്ദേശം ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളില്‍ പ്രേരണയുടെയും വഴികാട്ടലിന്റെയും പ്രാധാന്യം ആണ്. ആൽഫ്രഡൊ ടോട്ടോയ്ക്ക് മാത്രമല്ല, പ്രേക്ഷകർക്കും ഒരു ജീവിതം കാണിച്ചു നല്കുന്ന ഗുരുവായി മാറുന്നു. സിനിമാ പ്രേമികളായ ഓരോരുത്തരും അവശ്യമായി കാണേണ്ട ഒരു ചിത്രമാണ് സിനിമ പാരഡീസോ.
ഒരു മാധ്യമമെന്ന നിലയിൽ മാത്രമല്ല, ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി എന്ന നിലയിലും ഈ സിനിമ ഏറെ പ്രസക്തമാണ്. പ്രണയം, നഷ്ടം, ഓർമ്മകൾ, സ്വപ്നങ്ങൾ എന്നിവയുടെ ഒരു സമഗ്രമായ കൂട്ടുചേരലാണ് രണ്ട് മണിക്കൂർ അമ്പതിനാല് മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ. ‘ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലം, അത് അന്നത്തെ നമുക്ക് മനസ്സിലായിരുന്നില്ലെങ്കിലും, പിന്നീട് ഓർത്തു നോക്കുമ്പോൾ എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് മനസ്സിലാക്കാം’ എന്ന ആഴമേറിയ സന്ദേശവുമായി സിനിമ പാരഡീസോ പ്രേക്ഷകരുടെ ഹൃദയത്തിൽ ദീർഘകാലം നിലനില്ക്കും.