ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റില്‍ നട്ടംതിരിഞ്ഞ് തമിഴ്നാട്. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഇതിനകം തന്നെ സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായി. വരും മണിക്കൂറുകളില്‍ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, വില്ലുപുരം, അരിയലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിൽ 10 കിലോമീറ്റർ വേഗതയില്‍ വടക്ക് ദിശയിലേക്ക് നീങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 190 കിലോമീറ്റർ തെക്കുകിഴക്കായും തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ നിന്ന് 470 കിലോമീറ്റർ തെക്കുകിഴക്കായും പുതുച്ചേരിയിൽ നിന്ന് 580 കിലോമീറ്റർ തെക്കുകിഴക്കായും ചെന്നൈയിൽ നിന്ന് 670 കിലോമീറ്റർ തെക്കുകിഴക്കായുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുള്ളത്. ഈ ന്യൂനമര്‍ദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി നവംബർ 27 ന് ചുഴലിക്കാറ്റായി മാറുകയും അതിശക്തമായ മഴക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.