തൃശൂര്‍: നാട്ടികയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന് (50), നാഗമ്മ (39), ബംഗാഴി (20), ജീവന് (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തൃശൂർ നാട്ടികയിൽ ഉണ്ടായ അപകടം ഏറെ നിർഭാഗ്യകരമായ സംഭവമെന്ന് മന്ത്രി കെ രാജൻ. അതിവേഗം അലക്ഷ്യമായി ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവം അറിഞ്ഞ ഉടൻ കമ്മീഷ്ണറെയും കലക്ടറെയും ബന്ധപ്പെട്ടു എന്നും മന്ത്രി പറഞ്ഞു. അപകടം വിശദമായി അന്വേഷിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുത്തു. വാഹനം ഓടിച്ചവർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. ക്ലീനറും ഡ്രൈവറും മധ്യപിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടം മരിച്ചവരെ വീടുകളിൽ എത്തിക്കും. ഇതിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയടക്കം എല്ലാ പിന്തുണയും നൽകും. ഇതിനായി തൃശൂർ ജില്ലാ കളക്ടറെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.