തൃശൂര്‍ : യു ആര് പ്രദീപിനെ വീണ്ടുംനെഞ്ചേറ്റി ചേലക്കര. 2016 മുതല്‍ 2021 വരെ നിയമസഭയില്‍ ചേലക്കരയെ പ്രതിനിധീകരിച്ച പ്രദീപ് അക്കാലയളവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനമനസ്സുകളിലെ സ്ഥാനവുമാണ് വിജയത്തിന് അടിസ്ഥാനമായത്.
കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളാണ് അദ്ദേഹത്തിന് മണ്ഡലത്തിലുള്ളതെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായി തിരഞ്ഞെടുപ്പ് ഫലം. ചേലക്കര മണ്ഡലത്തിലെ ദേശമംഗലം ഗ്രാമത്തില്‍ പാളൂര്‍ തെക്കേപുരക്കല്‍ പരേതരായ രാമന്റെയും ശാന്തയുടെയും മകനായി ജനിച്ച പ്രദീപ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി ബി എ ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് തെളിയിക്കുന്നതാണ് ചേലക്കരയിലെ തിളക്കമാര്‍ന്ന ഇടത് വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനുള്ള ജനപിന്തുണയെയും അംഗീകാരത്തെയും കൂടുതല്‍ ദൃഢപ്പെടുത്തുന്നതാണ് ചേലക്കരയിലെ തിരഞ്ഞെടുപ്പ് ഫലം. കുപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും ജനം മുഖവിലയ്ക്കെടുത്തില്ലെന്നും പാലക്കാട്ട് വര്‍ഗീയതക്കെതിരായ വോട്ടുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.