ഷാജി ജോസഫ്
Life Is Beautiful ( Italy/116 minutes/1997)
Director: Roberto Benigni
റോബർട്ടോ ബെനീഞ്ഞി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രമായ ഗ്വിഡോയെ അവതരിപ്പിച്ച ‘ലൈഫ് ഇസ് ബ്യൂട്ടിഫുൾ’ ഹൃദയഹാരിയായ കഥയിലൂടെ കാണികളുടെ മനസ്സിൽ മാറാത്ത ഇടം നേടി. രണ്ടാം ലോക മഹായുദ്ധകാലം പശ്ചാത്തലമാക്കിയ ഈ ചിത്രം ദു:ഖവും പ്രതീക്ഷയും ഒരുപോലെ പകർന്നു നൽകുന്നു. സംവിധായകനായ റോബർട്ടോ ബനീഞ്ഞി തന്നെയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.
നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലെ ഭീകരതകളെക്കുറിച്ച് അനേകം സിനിമകൾ ഇതിനകം വന്നിട്ടുണ്ട്. എന്നാൽ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് അതിന്റെ വേറിട്ട് നിൽക്കുന്ന അവതരണം കൊണ്ടാണ്, തീവ്ര ദുരന്തത്തെ നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന അസാധാരണമായ അവതരണം. റബ്ബിനോ റോമിയോ സാൽമോനിയുടെ ‘In the end, I Beat Hitler’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്തു കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ക്രൂരതകളനുഭവിക്കേണ്ടി വന്ന സ്വന്തം പിതാവിൻ്റെ അനുഭവങ്ങളും തിരക്കഥാ രചനയിൽ സംവിധായകനെ സഹായിക്കുന്നുണ്ട്. ഗ്വിഡോ എന്ന പേരിലുള്ള ഹാസ്യ പ്രധാനമായ കേന്ദ്ര കഥാപാത്രം തന്റെ കുടുംബത്തെ നാസി കോൺസൻട്രേഷൻ ക്യാമ്പിന്റെ വെറുപ്പും ദുരന്തങ്ങളും നേരിടാൻ പ്രചോദിപ്പിക്കുന്നതിന്റെ ഹൃദ്യമായ കഥയാണ്. പ്രത്യേകിച്ച്, തന്റെ മകനായ ജോഷ്വയെ സംരക്ഷിക്കാൻ ഗ്വിഡോ സ്വീകരിക്കുന്ന സ്നേഹവും ധൈര്യവും പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്നു.
കഥയുടെ ആദ്യപകുതി നർമ്മത്തിൽ ചാലിച്ചതും രസകരവുമാണ്. ഗ്വിഡോ (റോബർട്ടോ ബെനീഞ്ഞി) എന്ന യുവാവ് തന്റെ പ്രണയത്തെ (ഡോറയെ) നേടിയെടുക്കുന്നതിന്റെ സുന്ദരമായ കഥയാണ് പ്രാരംഭം. ഡോറയായഭിനയിക്കുന്നത് ബെനീഞ്ഞിയുടെ ഭാര്യ നിക്കോലെറ്റബ്രാസ്സിയാണ്. ഗ്വിഡോയുടെ പ്രണയവും സാക്ഷാത്ക്കാരവും തുടർന്ന് കുഞ്ഞു ജോഷ്വയുടെ(ജോർജിയോ കാന്ററിനി) ജനനവും. സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുമ്പോൾ പ്രതീക്ഷിക്കാതെ ദുരന്തങ്ങൾ വന്നു മൂടുന്നു. രാജ്യത്തെ പുതിയ രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ ജൂതന്മാരുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നു. ഗ്വിഡോയും കുടുംബവും നാസി ക്യാമ്പിലേക്ക് എത്തപ്പെടുന്നു. എന്നാൽ, സിനിമയുടെ രണ്ടാമത്തഭാഗം ഹോളോകോസ്റ്റിന്റെ പശ്ചാത്തലത്തിലേക്ക് മാറുകയും ദുരിതം നിറഞ്ഞൊരു അനുഭവമായി മാറുകയും ചെയ്യുന്നു. ഗ്വിഡോ, തന്റെ മകൻ ജോഷ്വയിൽ നിന്നും ക്യാമ്പിലെ യാഥാർഥ്യങ്ങൾ ഒളിപ്പിക്കുന്നതിനുവേണ്ടി ഓരോ സാഹചര്യവും ഒരു ഗെയിം ആയി ചിത്രീകരിക്കുന്നു.
ചിത്രം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നത് ഒരു പ്രത്യേകതയാണ്. ആദ്യ ഭാഗം തികച്ചും നർമ്മത്തിലൂടെയും പ്രണയത്തിലൂടെയും പ്രേക്ഷകനെ ആകർഷിക്കുന്നു. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം മുഴുനീളം ഭിന്നാനുഭവമാണ് പ്രേക്ഷകന് നൽകുന്നത്. നാസി കോൺസൻട്രേഷൻ ക്യാമ്പിലെ ദുരന്തകരമായ അനുഭവങ്ങൾ ഒരുപക്ഷേ സിനിമയുടെ തനിമ തന്നെ മാറ്റിപ്പറയുന്നു. തന്റെ മകനായ ജോഷ്വയെ ആ കഠിന സാഹചര്യത്തിൽ സന്തോഷത്തോടെ നിലനിർത്താൻ ഗ്വിഡോ നടത്തുന്ന ശ്രമം കാണികളുടെ ഹൃദയത്തെ തൊടും. ക്യാമ്പിലെ പട്ടാളക്കാരിൽ നിന്നും മകനെ ഒളിപ്പിക്കാനാണ് ഗ്വിഡോ കഥ മെനയുന്നത്. ഗെയിമിന്റെ ഭാഗമാണ് അവിടെ നടക്കുന്നതെന്ന് മകനെ തെറ്റിദ്ധരിപ്പിക്കുകയാണ് അയാൾ. ഗ്വിഡോ തന്റെ മകനെ ചിരിപ്പിക്കാനായി സൃഷ്ടിച്ച ഗെയിം മുഖേന, ആ ദുരന്തകരമായ സാഹചര്യങ്ങളിൽ പോലും ജീവിതത്തിന്റെ സൗന്ദര്യം കണ്ടെത്താൻ ശ്രമിക്കുന്നു.
നാസി കാലഘട്ടം ചർച്ച ചെയ്യുന്ന പല സിനിമകളിൽ നിന്നും വ്യത്യസ്തമായി ഈ സിനിമ നർമ്മത്തിൽ പൊതിഞ്ഞു കാണികൾക്കു മുൻപിൽ വയ്ക്കുകയാണ് സംവിധായകൻ. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ വിപുലമായ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. പുറമെ നർമ്മത്തിൽ പൊതിഞ്ഞതാണെങ്കിലും അകത്തേക്ക് പ്രവേശിക്കുമ്പോൾ കാണികളെ നടുക്കുന്ന ദുരന്തങ്ങൾ കാത്തിരിക്കുന്നുണ്ട്.
സംവിധായകനെന്ന നിലയിൽ മികച്ച കഴിവുകൾ വയ്ക്കുന്ന റോബർട്ടോ ബെനീഞ്ഞി തൻ്റെ ഉജ്ജ്വല പ്രകടനത്തിലൂടെ നായകൻ ഗ്വിഡോയെ ജീവസ്സുറ്റതാക്കുന്നു. ഫാസിസത്തിനെതിരെയുള്ള കലാകാരന്മാരുടെ ആവിഷ്ക്കാരങ്ങൾ പലവിധത്തിലാണ്. ബനീഞ്ഞി തന്റെ സിനിമയിൽ ഹ്യൂമറിൽ ചാലിച്ച തന്ത്രമായാണ് അത് കൊണ്ടുവരുന്നത്, ഏതാണ്ട് ചാർളി ചാപ്ലിനെപ്പോലെ. ചിലപ്പോഴെങ്കിലും ചാപ്ലിനെ ഓർമിപ്പിക്കും അദ്ദേഹത്തിന്റെ ശരീര ഭാഷ. കറുത്ത കാലത്തിലൂടെ പ്രതീക്ഷയോടെ മകനെ കൊണ്ടുപോകാൻ ശ്രമിക്കുന്ന അച്ഛൻ ഗ്വിഡോ പ്രേക്ഷകരെ ചിരിപ്പിക്കുകയും അതിനൊപ്പം കരയിക്കുകയും ചെയ്യുന്നു. ഗ്വിഡോ എന്ന കഥാപാത്രത്തിന്റെ കോമഡി, ആത്മാർഥത, വിശ്വസ്തത എന്നിവ ഒരുപോലെ ആവിഷ്കരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
രചനയും സംഗീതവും സിനിമയുടെ ഹൃദയത്തോട് ബന്ധപ്പെട്ടിരിക്കുന്നു. നിക്കോള പിയോണിയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ പ്രേക്ഷകരെ കൂടുതൽ കഥയിലേക്ക് ആകർഷിക്കുന്നു, ആ നിമിഷങ്ങളിലെ ദു:ഖവും പ്രതീക്ഷയും ശക്തമാക്കുന്നു. ചിത്രത്തിലെ കാമറ പ്രവർത്തനം രണ്ടാം ലോകമഹായുദ്ധ കാലത്തിന്റെ അന്തരീക്ഷം തീർച്ചയായും അനുഭവിപ്പിക്കുന്നു.
1999 ലെ ഓസ്കാർ പുരസ്കാര ചടങ്ങുകളിൽ മികച്ച നടനായി ബെനീഞ്ഞി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ലഭിച്ച ഏഴു നോമിനേഷനുകളിൽ മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച സംഗീതം എന്നിവക്ക് അവാര്ഡുകൾ ലഭിച്ചു. സിനിമയ്ക്ക് കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലടക്കം അനേകം പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി.
‘ലൈഫ് ഇസ് ബ്യൂട്ടിഫുൾ’ ഒരു മികച്ച സിനിമ മാത്രമല്ല, ജീവിതത്തിനോടുള്ള പുതിയ ഒരു കാഴ്ചപ്പാട് കൂടിയാണ്. ഹൃദയത്തെയും ചിന്തയെയും ഒരുപോലെ ആഴത്തിൽ സ്പർശിക്കുന്ന ഈ സിനിമ നിശ്ചയമായും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും. ഹോളോകോസ്റ്റിന്റെ ദുരന്ത സാഹചര്യത്തിൽ സ്നേഹവും ഹാസ്യവും മുൻനിർത്തി കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ അടയാളപ്പെടുന്ന ഒരു ദൃശ്യാനുഭവം മാത്രമല്ല, എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് എന്ന് വിളിക്കാനും തക്കതാണ്. പ്രണയത്തിന്റെയും കുടുംബ ബന്ധത്തിന്റെയും പ്രാധാന്യവും, ജീവിതത്തിന്റെ സൗന്ദര്യവും പറയുമ്പോൾത്തന്നെ, പ്രതീക്ഷയുടെ ലോകത്തേക്കുള്ള യാത്ര അവസാനിപ്പിക്കരുതെന്ന സന്ദേശവും ഈ സിനിമ കൈമാറുന്നു.