ഇംഫാല്‍: തുടർച്ചയായി സംഘര്‍ഷം പുകയുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേനയ്ക്ക് കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇംഫാല്‍ വെസ്റ്റിലും ഇംഫാല്‍ ഈസ്റ്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ തകര്‍ത്തു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം പടര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്നാണ് ആറ് കുടുംബാംഗങ്ങളെ കാണാതായത്. അഫ്സ്പ പുനഃസ്ഥാപിച്ച നടപടി പിന്‍വലിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.