വയനാട് /തൃശൂർ : പ്രിയങ്ക ഗാന്ധി വാദ്ര തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും സംസ്ഥാന നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിലും വിധിയെഴുത്ത് തുടങ്ങി. വയനാട്ടിലും ചേലക്കരയിലും ഭൂരിഭാഗം ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിര തന്നെ കാണാം.
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ എന്നിവര്‍ തമ്മിലാണ് മത്സരം
വയനാട്ടില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളതെങ്കില്‍ ചേലക്കരയില്‍ ആറ് പേര് തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. ചേലക്കരയില്‍ വോട്ടര്‍മാരുടെ എണ്ണം 2,13,103 ആണ്.ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ജയിച്ചതോടെ വയനാട് മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.
എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.