കൊച്ചി: മുനമ്പം – കടപ്പുറം ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ നേതൃത്വത്തിൽ മുനമ്പം – കടപ്പുറം ഭൂസംരക്ഷണ സമിതി എറണാകുളം ഗസ്റ്റ് ഹൗസിൽ മുനമ്പം ഭൂവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത് .
ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷം ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് ഇരുപത്തിഎട്ടാം തീയതിയിലേക്ക് വച്ച ഉന്നതതല യോഗം ഇരുപത്തിരണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു. നിയമമന്ത്രി പി.രാജീവും കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ യും കൂടെയുണ്ടായിരുന്നു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ലത്തീൻ സമുദായ വക്താവ് ജോസഫ് ജൂഡ്, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ,ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവർ പങ്കെടുത്തു.
മുനമ്പം ജനതയ്ക്ക് റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതുവരെ നിരാഹാര സമരം സമാധാനപരമായി തന്നെ തുടരുമെന്ന് ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി അറിയിച്ചു.