ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ് വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ സംബന്ധിക്കും.
കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച മോണ്‍. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേക തിരുകര്‍മങ്ങള്‍ 2024 നവംബര്‍ 10ന് കണ്ണൂര്‍ ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും.
റോമിലെ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയുടെ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ അപ്പസ്തോലിക നുണ്‍ഷ്യോയുമായ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ മെത്രാഭിഷേക തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ് വാള്‍ഡ് ഗ്രേഷ്യസും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും മുഖ്യസഹകാര്‍മികരായിരിക്കും. കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി (കെആര്‍എല്‍സിബിസി) അധ്യക്ഷനും കണ്ണൂരിലെ പ്രഥമ ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനസന്ദേശം നല്‍കും.
ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി, കേരള മെത്രാന് സമിതി പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, സീറോ മലബാര്‍ സഭാ സിനഡിന്റെ സെക്രട്ടറിയും തലശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ ഉള്‍പ്പെടെ നിരവധി സഭാമേലധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും സംബന്ധിക്കും.
മാള്‍ട്ടയിലെ അപ്പസ്തോലിക ന്യുണ്ഷ്യേച്ചറില് രണ്ടാം സ്ഥാനക്കാരനായി ഹെഡ് ഓഫ് ദ് മിഷന് പദവിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മോണ്‍. ഡെന്നീസ് കുറുപ്പശേരിയെ ഫ്രാന്‍സിസ് പാപ്പാ പുതിയ ദൗത്യം ഏല്പിക്കുന്നത്. ബുറുണ്ടി, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്ലന്ഡ്, ഗബോണ്‍, യുഎസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍ കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയില്‍ കുറുപ്പശ്ശേരി സ്റ്റാന്‍ലി – ഷേര്‍ളി ദമ്പതികളുടെ മകനായി 1967 ഓഗസ്റ്റ് നാലിനാണ് ജനനം. അപ്പര്‍ പ്രൈമറി പഠനത്തിനു ശേഷം എറണാകുളം സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്ക്കൂളില്‍ ഹൈസ്കൂള്‍ പഠനം നടത്തി. തുടര്‍ന്ന് കളമശേരി സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ താമസിച്ച് കളശേരി സെന്റ് പോള്‍സ് കോളജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളിലായിരുന്നു തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍. 1991 ഡിസംബര്‍ 23ന് കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സഹവികാരി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സഹവികാരി, കടല്‍വാതുരുത്ത് ഹോളിക്രോസ് പള്ളി പ്രീസ്റ്റ് ഇന്‍-ചാര്‍ജ്, പുല്ലൂറ്റ് സെന്റ് ആന്റണീസ് പള്ളി വികാരി, കോട്ടപ്പുറം രൂപത മതബോധന ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോമില്‍ നിന്ന് സഭാനിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.