പ്രഫ. ഷാജി ജോസഫ്
Perfume: The Story of a Murderer (Germany/147 minutes/2006)
Director: Tom Tykwer
2006ല്‍ പുറത്തിറങ്ങിയ ‘പെര്‍ഫ്യൂം: ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍’ എന്ന ചലച്ചിത്രം 1985ല്‍ പാട്രിക് സുസ്കൈന്ഡ് എഴുതിയ സമാനമായ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ടോം ടിക്വര്‍ സംവിധാനം ചെയ്ത ഈ ചിത്രം പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ പശ്ചാത്തലത്തില്‍, അസാധാരണമായ ഘ്രാണ ശേഷിയുഉള്ള ജീന്‍ ബാപ്റ്റിസ്റ്റ് ഗ്രനൂയേയുടെ കഥയാണ്. ബെന്‍ വിഷോ, അലന് റിക്ക്മാന്, റേച്ചല്‍ ഹര്‍ഡ്-വുഡ്, ഡസ്റ്റിന് ഹോഫ്മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ജീന്‍ ബാപ്റ്റിസ്റ്റ് ഗ്രനൂയേ എന്ന കുപ്രസിദ്ധ കൊലപാതകിയുടെ ശിക്ഷാവിധിയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഫ്ളാഷ്ബാക്കിലാണ് അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ മത്സ്യമാര്‍ക്കറ്റില്‍ മാലിന്യക്കൂമ്പാരത്തിലേക്ക് പ്രസവിച്ചു വീണ ജീന്‍ ബാപ്റ്റിസ്റ്റ് ഗ്രനൂയേ എന്ന കുഞ്ഞ്, ദുര്ഗന്ധപൂര്ണ്ണമായ വായുവാണ് ആദ്യമായി ശ്വസിച്ചെടുത്തത്. മത്സ്യ മാര്‍ക്കറ്റില്‍ ജനിച്ച് ഉപേക്ഷിക്കപ്പെട്ട ഗ്രനൂയേ പിന്നീട് അനാഥാലയത്തില്‍ വളരുന്നു. മറ്റുള്ളവരെക്കാള്‍ വ്യത്യസ്തനായിരുന്നുവെങ്കിലും, അയാളെ ഏറ്റവും ശ്രദ്ധേയമായമാക്കിയത് അവന്റെ അത്യപൂര്ണ്ണമായ വാസനാശേഷിയായിരുന്നു.
ബാല്യത്തില്‍ ഗുരുതരമായ പ്രയാസങ്ങളിലൂടെയാണ് അവന് കടന്നുപോയത്. ഗ്രനൂയേയുടെ അഭിരുചി ഗന്ധങ്ങളോടാണ്, കൂടാതെ ലോകത്തിലെ ഏറ്റവും മനോഹരമായ സുഗന്ധം സൃഷ്ടിക്കാന്‍, ശ്വസനത്തിലൂടെ അസാമാന്യമായ സുഗന്ധങ്ങളെ തിരിച്ചറിയാനുള്ള കഴിവുകള്‍ കൈവശമാക്കുന്നു അയാള്‍. ജൂസെപ്പെ ബാല്ഡിനി (ഡസ്റ്റിന് ഹോഫ്മാന്‍) എന്ന ഇറ്റാലിയന്‍ വ്യാപാരിയുടെ സുഗന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് കണ്ട്, അത്യപൂര്‍വ്വമായ സുഗന്ധദ്രവ്യങ്ങള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് തന്നെ പഠിപ്പിക്കണമെന്ന് ഗ്രനൂയേ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. എല്ലാ പെര്‍ഫ്യൂമുകളും പന്ത്രണ്ട് സുഗന്ധങ്ങളുടെ യോജിപ്പുകളാണെന്ന് ബാല്ഡിനി വിശദീകരിക്കുന്നു. പുതിയ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ചുള്ള ബാല്ഡിനിയുടെ വാറ്റിയെടുക്കല്‍ രീതി അയാള്‍ വേഗത്തില്‍ വശമാക്കുന്നു. ഏറ്റവും വിശിഷ്ടമായ ഒരു പരിമളത്തിന്റെ സൃഷ്ടിക്കായി പതിമൂന്നാമത്തെ ഗന്ധത്തിനുവേണ്ടിയുള്ള അന്വേഷണത്തില്‍, സൗന്ദര്യവും സന്തോഷവുമുള്ള സ്ത്രീകളാണ് ഇത്തരം മാസ്മര സുഗന്ധങ്ങള്‍ പ്രസരിപ്പിക്കുന്നത് എന്ന് കണ്ടെത്തുന്നു അയാള്‍.
അതിന്റെ കേന്ദ്രഘടകമായുള്ള യുവതികളുടെ മണമെടുക്കുന്നതിനായി കൊലപാതകങ്ങളുടെ പരമ്പര തന്നെ അരങ്ങേറുന്നു. പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് അവന് അവരുടെ നഗ്ന ശവങ്ങള് നഗരത്തിന് ചുറ്റും വലിച്ചെറിയുന്നു. ഒടുവില്‍ ഗ്രനൂയേയെ തന്റെ പെര്‍ഫ്യൂം തയ്യാറാക്കുന്നത് പൂര്‍ത്തിയാക്കിയ നിമിഷങ്ങളില്‍ സൈനികരാല്‍ പിടികൂടപ്പെടുന്നു. വധശിക്ഷ നടപ്പാക്കുന്ന ദിവസം, അവന് സ്വയം പെര്‍ഫ്യൂം പ്രയോഗിക്കുന്നു. ആരാച്ചാരും കാണികളായി വന്ന ആയിരക്കണക്കിനായ ആള്‍ക്കൂട്ടവും മത്തുപിടിപ്പിക്കുന്ന ഗന്ധത്തില്‍ നിശബ്ദരാണ്; ഒരു വലിയ ഉന്മാദത്തില് വീഴുന്നതിന് മുമ്പ് അവര്‍ ഗ്രനൂയേ നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നു. ലോകത്തെ ഭരിക്കാന്‍ ആവശ്യമായ സുഗന്ധദ്രവ്യങ്ങള്‍ ഇപ്പോള്‍ ഗ്രനൂയേയുടെ കൈവശമുണ്ട്, എന്നാല്‍ ഒരു സാധാരണ വ്യക്തിയെപ്പോലെ സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ അത് അവനെ സഹായിക്കില്ലെന്ന് കണ്ടെത്തി. തന്റെ ലക്ഷ്യമില്ലാത്ത അന്വേഷണത്തില്‍ മനംമടുത്ത്, താന്‍ ജനിച്ച പാരീസിലെ മത്സ്യമാര്‍ക്കറ്റിലേക്ക് മടങ്ങുകയും ശേഷിക്കുന്ന സുഗന്ധദ്രവ്യം തലയില്‍ ഒഴിക്കുകയും ചെയ്യുന്നു. ഗന്ധത്താല്‍ മതിമറന്നു, സമീപത്തെ ജനക്കൂട്ടം അവനെ വിഴുങ്ങുന്നു. പിറ്റേന്ന് രാവിലെ, അവന്റെ വസ്ത്രങ്ങളും പെര്‍ഫ്യൂം ബോട്ടിലുമാണ് അവശേഷിക്കുന്നത്, അതില്‍ നിന്ന് ഒരു അവസാന തുള്ളി വീഴുന്നു.
കേന്ദ്ര കഥാപാത്രമായ ജീന്‍-ബാപ്റ്റിസ്റ്റ് ഗ്രനൂയേ (ബെന്‍ വിഷോ) മനോഹരമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അദ്ദേഹം തന്റെ എല്ലാ വികാരങ്ങളും അത്യന്തം സൂക്ഷ്മമായി അവതരിപ്പിച്ചുകൊണ്ട് തന്റെ കഥാപാത്രത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്നു. ദുഃഖവും ആഗ്രഹങ്ങളും ഉന്മാദവും പ്രകടിപ്പിക്കുന്നതില്‍ ഏറെ വിജയകരമായിരുന്നു ആ കഥാപാത്രം. കൂടാതെ, സഹകഥാപാത്രങ്ങളില്നിന്നും ലഭിച്ച പ്രകടനങ്ങളും മികച്ചതാണ്.
ടോം ടിക്വറിന്റെ സംവിധാനത്തില്‍, ദൃശ്യഭാഷയും സംഗീതവും കൃത്യമായി ഇണങ്ങുന്നു. കാലഘട്ടത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, വസ്ത്രാലങ്കാരങ്ങള്‍ മുതലായവ അതീവ സൂക്ഷ്മതയോടെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് ഈ ചിത്രത്തില്‍. സംഗീതം, ഈ ചിത്രത്തിന്റെ ആന്തരികമായ വികാരങ്ങളെ കൂടുതല്‍ ഉയര്‍ത്തുന്നു. തുടക്കം മുതല്‍ അവസാനം വരെ, പ്രേക്ഷകനെ കൂടുതല്‍ ആഴങ്ങളിലേക്ക് നയിക്കുന്ന സംഗീതത്തിന്റെ ശക്തിയും, ദൃശ്യങ്ങളുടെ മനോഹാരിതയും വേറിട്ട ആസ്വദനം നല്കുന്നു.
കോസ്റ്റ്യൂം ഡിസൈനറായ പിയറി-യെവ്സ് ഗെയ്റൗഡ് 18-ാം നൂറ്റാണ്ടിലെ ഫാഷനുകളെ കുറിച്ച് വിശദമായ ഗവേഷണം നടത്തി തയ്യാറാക്കിയ വസ്ത്രങ്ങള്‍ ചിത്രത്തിന് മാറ്റുകൂട്ടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ വിപുലമായ നവീകരണം മൂലം പാരീസിന്റെ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം സാധ്യമല്ലായിരുന്നു, അതിനാല്‍ സ്പെയിനിലെ കാറ്റലോണിയയില്‍ 18-ാം നൂറ്റാണ്ടിലെ പാരീസ് പുനര്‍നിര്‍മ്മിച്ചു. സ്പെയിനിലും ഫ്രാന്‍സിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ണ്ണമായത്. ഏകദേശം ആയിരത്തോളം പേരെ ഒരേസമയം ഉപയോഗിച്ചാണ് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത്. ടോം ടിക്വര്‍ ഇപ്രകാരം പറയുന്നുണ്ട്
‘വാസനയിലൂടെ മാത്രം വെളിപ്പെടുന്ന ഗ്രെനൂയേയുടെ ലോകം ഭാഷയിലൂടെ തന്റെ വായനക്കാരെ അനുഭവിക്കാന്‍ നോവലിന്റെ രചയിതാവായ സസ്കിന്ഡിനു കഴിഞ്ഞു. പക്ഷെ, ഗ്രനൂയേ അനുഭവിക്കുന്ന ഗന്ധങ്ങളും സുഗന്ധങ്ങളുടെ ലോകത്തെ അറിയിക്കുക എന്നതായിരുന്നു സിനിമ നിര്‍മ്മിക്കുന്നതിന്റെ പ്രധാന വെല്ലുവിളി’.
പെര്‍ഫ്യൂം ജീവിതത്തില്‍ വാസനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു സിനിമയാണ്, അത് മണമുള്ളതാക്കാന്‍ ശ്രമിക്കുമ്പോള്‍ നിറങ്ങളോ സ്പെഷ്യല്‍ ഇഫക്റ്റുകളോ ഉപയോഗിക്കാതെ ദൃശ്യപരമായി ഗന്ധം അറിയിക്കാനുള്ള സംവിധായകന്റെ ശ്രമം ഏറെക്കുറെ വിജയിക്കുന്നുണ്ട്.
പാട്രിക് സുസ്കൈന്റിന്റെ ഏറ്റവും പ്രശസ്തമായ കൃതി ‘പെര്‍ഫ്യൂം: ദി സ്റ്റോറി ഓഫ് എ മര്‍ഡറര്‍ (1985)’ ഇതിനകം 49 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 2000ത്തിന്റെ തുടക്കത്തില്‍, ബിബിസിയുടെ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട 100 നോവലുകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ദൃശ്യവിസ്മയം, സാഹസികത, അസാധാരണമായ കഥപറച്ചില്‍ എന്നിവ യഥാര്‍ത്ഥ കഥയെ വിശദമായും ഗഹനമായും ചിത്രീകരിച്ച സംവിധായകന് ടോം ടിക്വര്‍ ചിത്രത്തിന് വേറിട്ടൊരു കാഴ്ചപ്പാട് നല്കുന്നു മനോഹരമായൊരുക്കിയ ഈ സിനിമയില്‍. ‘പര്‍ഫ്യൂം: ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍’ എന്ന സിനിമ കാഴ്ചക്കാരന്റെ മനസ്സില്‍ നിന്നും ദീര്‍ഘകാലത്തേക്ക് മായാതെ നില്ക്കും. ”റണ്‍ ലോല റണ്‍” എന്ന ലോകശ്രദ്ധയാകര്‍ഷിച്ച ചിത്രമടക്കം നിരവധി സിനിമകളുടെ സംവിധായകനാണ് ടോം ടിക്വര്‍.