കൊച്ചി :വഖഫ് ബോർഡിന്റെ അന്യായമായ അവകാശവാദങ്ങൾ ജീവിതം വഴിമുട്ടിച്ച മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് K C B C യുടെ അധ്യക്ഷനും മലങ്കര കത്തോലിക്ക സഭയുടെ തലവനുമായ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്ക ബാവയും K C B C ജാഗ്രത കമ്മീഷൻ ചെയർമാനും മൂവാറ്റുപുഴ രൂപത അധ്യക്ഷനുമായ യൂഹാനോൻ മാർ തിയഡോഷ്യസും ആലപ്പുഴ രൂപത അധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവും കോട്ടപ്പുറം രൂപത അധ്യക്ഷൻ അഭിവന്ദ്യ അംബ്രോസ് പുത്തൻ വീട്ടിൽ പിതാവും നവംബർ ആറാം തീയതി രാവിലെ 11 മണിക്ക് മുനമ്പം സമരപ്പന്തൽ സന്ദർശിക്കുന്നു.
പരിമിതമാണെങ്കിലും ഉള്ള സൗകര്യങ്ങളിൽ സമാധാനത്തോടെ ജീവിച്ചിരുന്ന, മൽസ്യബന്ധനം മുഖ്യ തൊഴിലായിട്ടുള്ള ഇവിടുത്തെ മനുഷ്യർ പക്ഷേ ഇപ്പോൾ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനങ്ങൾക്കുമെതിരെ തങ്ങളുടെ ഏക ഉപജീവന മാർഗമായ മൽസ്യ ബന്ധനവും മാറ്റിവെച്ച് സമരം ചെയ്യുകയാണ് ഈ അറുന്നൂറോളം കുടുംബങ്ങൾ.
പലരുടെയും വള്ളങ്ങളും തോണികളും കരയിൽ സ്ഥാപിച്ചിട്ടുള്ള മീൻ പിടിത്ത ഉപകരണങ്ങളും പ്രവർത്തനം നിലച്ചിട്ടിട്ട് മാസങ്ങളായി. ഒരു വശത്ത് ജീവനും ജീവിതം നിലനിർത്താനുള്ള പെടാപ്പാടും അതിനൊപ്പം ജനിച്ചുവളർന്ന കരയും മണ്ണും കൈവിടാതിരിക്കാനുള്ള പ്രതിരോധത്തിലുമാണവർ. അറുന്നൂറോളം കുടുംബങ്ങളുടെയും അതിലെ രണ്ടായിരത്തിന് മുകളിൽ വരുന്ന മനുഷ്യരുടെയും അവരുടെ ആവാസ വ്യവസ്ഥയെയും വരെ ബാധിക്കുന്ന പ്രശ്നമായിട്ടും മുഖ്യധാരാ കേരളം ഗൗരവത്തിലെടുത്തിട്ടില്ല.