കൊച്ചി: എറണാകുളം ജില്ലയിൽ കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം – കടപ്പുറം മേഖലയില്‍ 1989 മുതല്‍ ഫാറൂക്ക് കോളേജ് അധികൃതരില്‍ നിന്നും വിപണി വിലയ്ക്കുവാങ്ങി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യപ്പെട്ട ആയിരത്തോളം ആധാരങ്ങളില്‍ ഉള്‍പ്പെട്ടതും ക്രൈസ്തവരും ഹൈന്ദവരും ഉള്‍പ്പെട്ട 600 ല്‍പരം കുടുംബങ്ങള്‍ വസിക്കുന്നതുമായ ഭൂമി വഖഫ് ബോര്‍ഡ് ആസ്തി രേഖകളിൽ ഉൾപ്പെടുത്തിയതിനാലും കേസുകൾ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണ്‍ എടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വിവാഹം, കുട്ടികളുടെ പഠനം, ഭവന നിര്‍മ്മാണം തുടങ്ങി സ്ഥലവാസികളുടെ പല ആവശ്യങ്ങളും മുടങ്ങിക്കിടക്കുന്നു.
വഖഫ് ഭൂമി അല്ലാത്തതിന്റെ പേരിലും, ഇത്രയും ആളുകളുടെ മനുഷ്യാവകാശ വിഷയമായതുകൊണ്ടും ഈ വിഷയത്തിൽ ‘വഖഫ് സംരക്ഷണ സമിതി’ എന്ന പേരിൽ ചിലർ നൽകിയിരിക്കുന്ന ഹർജിയെ തുടർന്നുള്ള അവകാശവാദത്തിൽ നിന്ന് വഖഫ് ബോർഡ് പിന്മാറണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ദുരിതത്തിൽ ആയിരിക്കുന്ന ഭൂവുടമകൾക്ക് സി. എസ്. എസ്. ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈ ഭൂമി തർക്കം രമ്യമായും ശാശ്വതമായും പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയും സർക്കാരും ഉടൻ ഇടപെടണമെന്നും സി. എസ്. എസ്. ആവശ്യപ്പെട്ടു.
കൊച്ചിയിൽ ചേർന്ന ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സി. എസ്. എസ്.) ഉന്നതാധിക്കാര സമിതി യോഗത്തിൽ ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ,ട്രെഷറർ ആനി ജേക്കബ്, ബെൻഡിക്ട് കോയിക്കൽ, വി. എം . സേവിയർ, പി. എ. സാമൂവൽ എന്നിവർ പ്രസംഗിച്ചു.