മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എട്ടാം ദിനത്തിലേക്ക് . ഏഴാം ദിനത്തിൽ വിസിറ്റേഷൻ സന്യാസിനി സഭാംഗവും,മുനമ്പം – കടപ്പുറം ബീച്ചിലെ വിസിറ്റേഷൻ കോൺവെന്റിലെ സുപ്പീരിയറുമായ സിസ്റ്റർ മെറ്റിൽഡ ലോറൻസ് നിരാഹാരമനുഷ്ഠിച്ചു .
സമരത്തിനു ഐക്യദാർഢ്യവുമായി ആലപ്പുഴ ശാന്തിഭവൻ ആശ്രമത്തിലെ ഫാ.വിൻസെന്റ് ചിറ്റിലപ്പിള്ളി എംസിബിഎസ്, നാഷണൽ ഹിന്ദു ലീഗ് ജനറൽ സെക്രട്ടറി മുക്കപ്പുഴ നന്ദകുമാർ,എന്നിവർ സമര പന്തലിലെത്തി . കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആൻറണി സേവ്യർ തറയിൽ, സഹവികാരി ഫാ. ആൻ്റണി തോമസ് പോളക്കാട്ട്, സമരസമിതി ചെയർമാൻ ജോസഫ് റോക്കി ,കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന വഖഫ് ബോർഡ് 2019 ൽ മുനമ്പം – കടപ്പുറത്തു താമസിക്കുന്ന 610-ത്തോളം വരുന്ന ഭൂ ഉടമകൾക്ക് നോട്ടീസുപോലും നൽകാതെ അവരുടെ ഭൂമി അന്യായമായി ബോർഡിൻ്റെ ആസ്ഥി വിവരക്കണക്കിൽ എഴുതിച്ചേത്തത് സാമാന്യ നീതിക്ക് നിരക്കാത്തതും മനുഷ്യാവകാശ ലംഘനവുമാണെന്ന് സമരസമിതി കൺവിനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി പ്രസ്താവിച്ചു.