വിശ്വാസികളോട് പ്രാര്‍ഥനയില്‍ രത്തന്‍ ടാറ്റയെ സ്മരിക്കാന്‍ ആഹ്വാനം
ബംഗളുരു: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ഭാരത കത്തോലിക്ക മെത്രാന് സമിതി (സിസിബിഐ) അനുശോചനമറിയിച്ചു. ദീര്‍ഘവീക്ഷണമുള്ള നേതാവും മനുഷ്യസ്നേഹിയുമായിരുന്ന രത്തന്‍ ടാറ്റയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സിസിബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി: ‘രത്തന്‍ ടാറ്റ കേവലം ഒരു വ്യവസായ പ്രമുഖനല്ല, മറിച്ച് അനുകമ്പയുടെയും ഔദാര്യത്തിന്റെയും ദീപസ്തംഭമായിരുന്നു. ടാറ്റ ട്രസ്റ്റുകളിലൂടെയും അദ്ദേഹത്തിന്റെ നിരവധി ജീവകാരുണ്യ സംരംഭങ്ങളിലൂടെയും അദ്ദേഹം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ലക്ഷ്യത്തിനായി പോരാടി. ഇന്ത്യയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗ്രാമവികസനം എന്നിവയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത കത്തോലിക്കാ സഭയുടെ അടിസ്ഥാന മൂല്യങ്ങളുമായി, പ്രത്യേകിച്ച് ദരിദ്രരെയും ദുര്‍ബലരെയും സേവിക്കാനുള്ള ദൗത്യത്തില്‍ ആഴത്തില്‍ പ്രതിധ്വനിച്ചതായും സിസിബിഐ നിരീക്ഷിച്ചു.
ടാറ്റയുടെ പൈതൃകം അദ്ദേഹത്തിന്റെ വ്യവസായ നൈപുണ്യത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. അദ്ദേഹത്തിന്റെ ധാര്‍മ്മിക നേതൃത്വം, സമഗ്രത, സാമൂഹിക ലക്ഷ്യങ്ങളോടുള്ള സമര്‍പ്പണം എന്നിവ ഇന്ത്യയിലെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന് ഒരു പുതിയ മാനദണ്ഡം സജ്ജമാക്കി.
രാഷ്ട്രനിര്‍മ്മാണത്തിനുള്ള അദ്ദേഹത്തിന്റെ സുപ്രധാന സംഭാവനകളും ഇന്ത്യയെ ഒരു ആഗോള സാമ്പത്തിക ശക്തിയായി സ്ഥാപിക്കുന്നതിലെ അദ്ദേഹത്തിന്റെ പങ്കും സിസിബിഐ വിലമതിക്കുന്നു. ഈ അസാധാരണ വ്യക്തി വിടപറയുമ്പോള്‍, ഇന്ത്യയിലെ കത്തോലിക്കാ സഭ അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്ക് വേണ്ടി തീക്ഷ്ണമായ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ നേതൃത്വവും അതിരുകളില്ലാത്ത ഔദാര്യവും സ്പര്‍ശിച്ച എല്ലാവര്ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
സിസിബിഐ തങ്ങളുടെ വിശ്വാസികളോട് അവരുടെ പ്രാര്‍ഥനയില്‍ രത്തന്‍ ടാറ്റയെ സ്മരിക്കാന്‍ ആഹ്വാനം ചെയ്തു. അദ്ദേഹത്തിന് നിത്യവിശ്രമം നല്‍കാനും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും ദൈവത്തോട് അപേക്ഷിക്കുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രയത്നിക്കാനും നിസ്വാര്‍ത്ഥതയോടും അനുകമ്പയോടും കൂടി മറ്റുള്ളവരെ സേവിക്കാനും ഭാവി തലമുറയെ പ്രചോദിപ്പിക്കുന്ന ഒരു വഴികാട്ടിയായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സിസിബിഐ പ്രതീക്ഷ പ്രകടിപ്പിച്ചു.
രത്തന്‍ ടാറ്റയുടെ സ്മരണയുടെ ബഹുമാനാര്‍ത്ഥം, സിസിബിഐ കൂടുതല്‍ നീതിയും സമത്വവുമുള്ള ഒരു സമൂഹത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
86 കാരനായ രത്തന്‍ ടാറ്റയെ രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ നിലയില്‍ ഒക്ടോബര്‍ 7ന് പുലര്‍ച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്താം തിയതി രാവിലെ മരണമടഞ്ഞു. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള ബിസിനസ് സാമ്രാജ്യത്തെ നയിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രത്തന്‍ ടാറ്റ സജീവമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ സംഭാവന നല്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ജീവിതകാലത്തെ പ്രവര്‍ത്തന മികവുകള്‍ക്ക് നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും രത്തന്‍ ടാറ്റയെ തേടിയെത്തി. 2000ത്തില്‍ രാജ്യം അതിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ രത്തന്‍ ടാറ്റയ്ക്ക് സമര്‍പ്പിച്ചു. 2008ല്‍ രാജ്യത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണും ടാറ്റയ്ക്ക് ലഭിച്ചു. ഹോണററി നൈറ്റ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് 2009ല്‍ എലിസബത്ത് രാജ്ഞി രത്തന്‍ ടാറ്റയ്ക്ക് സമ്മാനിച്ചു. ഇക്കണോമിക്സ് ടൈംസിന്റെ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് (2006), ഓസ്ലോ ബിസിനസ് ഫോര്‍ പീസ് അവാര്‍ഡ് (2010), റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് (2014), കാര്‍ണഗീ മെഡല്‍ ഓഫ് ഫിലാന്ത്രോപ്പി (2007), സിഎന്‍എന്‍-ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ഇന്‍ ബിസിനസ് (2006) തുടങ്ങിയ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
1937 ഡിസംബര്‍ 28 ന് മുംബൈയില്‍ പാഴ്സി കുടുംബത്തിലാണ് ജനനം. മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വെല്ലുവിളികള്‍ അദ്ദേഹം ചെറുപ്പത്തില്‍ നേരിട്ടിരുന്നു, കോര്‍ണല്‍ യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍ തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടി.1961-ല്‍ ടാറ്റ സ്റ്റീലിന്റെ കടയില്‍ സാധാരണ തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്താണ് തുടക്കം.

