ജെക്കോബി
വൈപ്പിന്‍-മുനമ്പം തീരദേശത്തിന്റെ വടക്കേ അറ്റത്ത്, ടൂറിസം മേഖലയായ ചെറായി ബീച്ചിനടുത്തായി മുനമ്പം കടപ്പുറം ഭാഗത്ത്, മത്സ്യത്തൊഴിലാളികളായ ലത്തീന്‍ കത്തോലിക്കരും ഹൈന്ദവരും ഉള്‍പ്പെടുന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 610 കുടുംബങ്ങള്‍ തലമുറകളായി അധിവസിച്ചുവരുന്ന തീറുഭൂമി ഓര്‍ക്കാപ്പുറത്ത് ഒരുനാള്‍ ‘വഖഫ്’ വസ്തുവായി ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജീവിതം വഴിമുട്ടി ആധിപൂണ്ടും വേവലാതിപ്പെട്ടും കഴിഞ്ഞുവരുന്ന സഹോദരങ്ങളുടെ നീതിക്കുവേണ്ടിയുള്ള മുറവിളി കേരളസമൂഹം ഉല്‍ക്കടമായ ഉള്ളുരുക്കത്തോടെയും ഉശിരോടെയും ഏറ്റെടുക്കുകയാണ് – വഖഫിന്റെ പേരില്‍ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ ഇനിയും വീഴ്ചവരുത്തിയാല്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പോടെ.
വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ ഭൂമി വില്‍ക്കാനോ മക്കള്‍ക്ക് സ്വത്ത് ഭാഗംവയ്ക്കാനോ, വിവാഹത്തിനോ മക്കളുടെ വിദ്യാഭ്യാസത്തിനായോ ഈടുവച്ച് ബാങ്കുകളില്‍ നിന്ന് വായ്പെടുക്കാനോ ആര്‍ക്കും കഴിയുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടോ തൊഴിലുപകരണങ്ങളോ വാങ്ങാന്‍ ഒരു പാങ്ങുമില്ല. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ‘ലൈഫ്’ ഭവനപദ്ധതി വായ്പയുമില്ല. കൊള്ളപ്പലിശക്കാര്‍ ഒരുക്കുന്ന കടക്കെണിയുടെ തീരാബാധ്യതയിലാണ് മിക്ക കുടുംബങ്ങളും. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള കടപ്പുറം വേളാങ്കണ്ണിനാഥയുടെ പള്ളിയും വൈദികമന്ദിരവും സെമിത്തേരിയും ഒരു കോണ്‍വെന്റും ഒരു ഡിസ്പെന്‍സറിയും ‘വഖഫ്’ ചാപ്പ കുത്തിയ ഈ ഭൂമിയിലാണ്.
കൊച്ചിയിലെ ഗുജറാത്തി കച്ചി മേമന് വ്യവസായപ്രമുഖനായിരുന്ന അബ്ദുല്‍ സത്താര്‍ ഹാജി മൂസ സേട്ടിന് – ഇദ്ദേഹം മലബാര്‍ നാവിഗേഷന്‍ ഇന്‍ഡസ്ട്രിയല്‍സ് കമ്പനി എന്ന പേരില്‍ കൊച്ചിയില്‍ നിന്ന് ചങ്ങനാശേരിയിലേക്കും കൊല്ലത്തേക്കും ജലയാത്രയ്ക്കും ചരക്കുനീക്കത്തിനും സ്റ്റീം ബോട്ട് സര്‍വീസ് ആരംഭിച്ചു, കൊച്ചി-തിരുവിതാംകൂര്‍ മേഖലയിലെ ഒന്നാംകിട അരിവ്യാപാരിയുമായിരുന്നു – 1902ല്‍ തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിനു നല്കിയ 404 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടും ഉള്‍പ്പെടുന്ന പ്രദേശമാണ് മുനമ്പം കടപ്പുറത്തെ ഇപ്പോഴത്തെ തര്‍ക്കഭൂമിയുടെ പശ്ചാത്തലം. പണ്ടാരകടപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഉള്‍പ്പെടെ പാട്ടഭൂമിയുടെ നല്ലൊരുഭാഗം കടലെടുത്തുപോയി. അദ്ദേഹത്തിന്റെ അനന്തരാവകാശി സിദ്ദിഖ് സേട്ട് 1948ല്‍ ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തുവാങ്ങി 1950 നവംബര്‍ ഒന്നിന് ഫാറൂഖ് കോളജിന് ദാനം ചെയ്യുകയായിരുന്നു. പുരാതന ബെനഡിക്റ്റൈന്‍ സന്ന്യാസസമൂഹത്തിന്റെ ‘ഓരാ എത്ത് ലബോരാ’ (പ്രാര്‍ഥിക്കുക, പ്രവര്‍ത്തിക്കുക) എന്ന ലത്തീന്‍ ആപ്തവാക്യമാണ് കോഴിക്കോടിനടുത്ത് ഫറോഖില്‍ 1948ല്‍ സ്ഥാപിതമായ ആ കോളജ് – മധ്യമലബാറിലെ അന്നത്തെ ഏക റെസിഡന്‍ഷ്യല്‍ ഫസ്റ്റ് ഗ്രേഡ് കോളജ് – സ്വീകരിച്ചത്!
ക്രയവിക്രയം നടത്താമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഈ ഭൂമി ഉപയോഗിക്കരുതെന്നും ഏതെങ്കിലും കാലത്ത് കോളജ് ഇല്ലാതാകുന്നപക്ഷം ഭൂമി നിലനില്ക്കുന്നുണ്ടെങ്കില് തന്റെ സന്തതിപരമ്പരകള്‍ക്ക് അതു തിരികെ ലഭിക്കണമെന്നുമുള്ള വ്യവസ്ഥകളോടെയായിരുന്നു ദാനാധാരം. അതില്‍ രണ്ടിടത്ത് ‘വഖഫ്’ എന്ന വിശേഷണം കടന്നുകൂടിയത് ആശ്ചര്യകരമാണ്.
നിരുപാധികം, എന്നന്നേയ്ക്കുമായി അള്ളാഹുവിന് സമര്‍പ്പിക്കുന്ന ആസ്തിയാണ് വഖഫ് എന്നാണ് സങ്കല്പം. മുഖൈരിഖ് എന്ന യഹൂദന് തന്റെ ഏഴു കായ്കനിത്തോട്ടങ്ങള് മുഹമ്മദ് നബിക്ക് സമ്മാനിച്ചതില്‍ നിന്നാണ് വഖഫ് ചരിത്രം തുടങ്ങുന്നതെന്ന് ഹദീസ് പാരമ്പര്യത്തില്‍ കാണാം. ഇന്ത്യയിലെ ഇസ് ലാമിക ചക്രവര്‍ത്തിമാരുടെ ഭരണപ്രദേശങ്ങളിലെ ധര്‍മ്മസ്ഥാപനങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും സാമൂഹികക്ഷേമത്തിന്റെയും അടിത്തറയായി ഇത്തരം അവ്ഖാഫ് വസ്തുവകകള്‍ മാറിയിരുന്നു. 1932ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് മുസല്മാന് വഖഫ് ആക്ട് കൊണ്ടുവന്നത് ഇവയുടെമേല്‍ നിയമപരമായ നിയന്ത്രണങ്ങള്ക്കുവേണ്ടിയായിരുന്നു. എന്തായാലും, ഉപാധികളോടെ ഫാറൂഖ് കോളജിന് സിദ്ദിഖ് സേട്ട് ദാനം ചെയ്ത മുനമ്പത്തെ ഭൂമി, വഖഫ് എന്ന നിര്‍വചനത്തില്‍ പെടുകയില്ലെന്ന് ഇസ് ലാമിക ജൂറിസ്പ്രൂഡന്‍സ് വിദഗ്ധരും സമ്മതിക്കും. ഒരിക്കല്‍ നല്കിയാല് അത് തിരിച്ചെടുക്കാനാവില്ല. അതിനാല്‍ത്തന്നെ മുനമ്പത്തെ ഭൂമി വഖഫ് ആവുകയില്ല.
പറവൂര്‍ മുന്‍സിഫ് കോടതിയില്‍ തുടര്‍ന്നുവന്ന വ്യവഹാരങ്ങളിന്മേല്‍ 1987ല്‍ ഉണ്ടായ ഒത്തുതീര്‍പ്പു പ്രകാരം മുനമ്പത്തെ കുടികിടപ്പുകാര്‍ തലമുറകളായി അധിവസിച്ചുവന്ന ഭൂമി ഫാറൂഖ് കോളജ് മാനേജ്മെന്റില്‍ നിന്ന് തീറുവിലയ്ക്ക് വാങ്ങി. കടല്പ്പണിക്കാരെന്ന നിലയില്‍ തീരംവിട്ടുപോകാതെ ജീവിക്കാനായി അക്കാലത്തെ വിപണിവിലയെക്കാള്‍ കൂടുതല്‍ പണം (സെന്റിന് 250 രൂപ) അതിന് അവര്‍ക്കു നല്‍കേണ്ടിവന്നു. ഫാറൂഖ് കോളജ് മാനേജിങ് കൗണ്‍സില്‍ സെക്രട്ടറി ഒപ്പുവച്ച 280 ആധാരങ്ങളാണ് 1989 – 1993 കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ആ ഭൂമിയില്‍ കേരള വഖഫ് ബോര്‍ഡിന് എന്തെങ്കിലും അവകാശമുള്ളതായി ഇത്രയും ദശകങ്ങളായി ആരും പറഞ്ഞിരുന്നില്ല. 2022 ജനുവരിയില്‍ പ്രദേശവാസികളില്‍ ഒരാള്‍ കരമടയ്ക്കാന്‍ വില്ലേജ് ഓഫിസിലെത്തുമ്പോഴാണ് അത് വഖഫ് ഭൂമിയാണെന്ന് തഹസില്‍ദാരുടെ ഉത്തരവുള്ളതായി ആദ്യമായി തടസവാദം ഉയരുന്നത്. 2019ല്‍ ഈ ഭൂമി വഖഫ് ബോര്‍ഡിന്റെ ആസ്തിവിവരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്രെ. ഭൂമിയുടെ അവകാശം തങ്ങള്‍ക്കാണെന്നു കാണിച്ച് 2022 ജനുവരി 13ന് വഖഫ് ബോര്‍ഡ് റവന്യു വകുപ്പിന് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ 1989നു ശേഷമുള്ള ആയിരത്തിലേറെ ആധാരങ്ങള്‍ കൈവശമുള്ള തദ്ദേശവാസികള്‍ക്ക് ഇതു സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. വഖഫ് അവകാശവാദം ഉന്നയിക്കുന്നതിനുള്ള കാലപരിധി മൂന്നുവര്ഷമാണെന്ന് 2013ലെ വഖഫ് നിയമഭേദഗതിയിലുമുണ്ട്.
ഇവിടെയുള്ളവരെ കുടിയൊഴിപ്പിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രദേശവാസികളെ കരം അടയ്ക്കാനും പോക്കുവരവു നടത്താനും അനുവദിച്ചു. എന്നാല്‍, വഖഫ് സംരക്ഷണ വേദി എന്ന പേരില്‍ ചില മുസ് ലിം സമുദായ അംഗങ്ങള്‍ സമര്‍പ്പിച്ച അപ്പീലില്‍ ഡിവിഷന് ബെഞ്ച് ആ ഉത്തരവ് സ്റ്റേ ചെയ്തു. അഞ്ചു കേസുകള്‍ കോടതിയില്‍ നിലവിലുണ്ട്. സ്വത്തുവാങ്ങാനും കൈവശം വയ്ക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കേണ്ടത് സര്‍ക്കാരാണ്. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. വഖഫ് ബോര്‍ഡില്‍ സര്‍ക്കാരിന്റെ പ്രതിനിധികളു ണ്ട്. വഖഫ് ട്രൈബ്യൂണല്‍ വഴി മുനമ്പം ഭൂമിയുടെ കാര്യത്തില്‍ നീതിപൂര്‍വകമായ തീര്‍പ്പുണ്ടാക്കാന്‍ കഴിയും. മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തെയും ബന്ധപ്പെട്ട സാമുദായിക പ്രതിനിധികളെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, പ്രായോഗികതലത്തില്‍ പ്രതിവിധി കണ്ടെത്താന്‍ മുഖ്യമന്ത്രിയും സംസ്ഥാന നിയമമന്ത്രിയും സത്വര നടപടി സ്വീകരിക്കണം. ഇതിനായി അടിയന്തരമായി ഒരു കമ്മിഷനെ നിയോഗിക്കണം.
മുനമ്പം കടപ്പുറത്തെ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരും യാതനകളും, വിദ്വേഷപ്രചാരണങ്ങള്‍ക്കും മതധ്രുവീകരണത്തിനുമായി ചൂഷണം ചെയ്യാന്‍ ഒരുമ്പെടുന്നവരെ നാം തിരിച്ചറിയേണ്ടതുണ്ട്. മുനമ്പത്ത് നീതി നടപ്പാക്കാന്‍ ഒരു മതവിഭാഗത്തെയും ആക്ഷേപിക്കേണ്ടതില്ല. സംസ്ഥാന രജിസ്ട്രേഷന് വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറലിന് പ്രാഥമികമായി റഫര്‍ ചെയ്യേണ്ട ഈ വിഷയത്തെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വഖഫ് നിയമഭേദഗതി ബില്ലിന്റെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നതിലെ ദുരുദ്ദേശ്യം മനസിലാക്കേണ്ടതുമുണ്ട്.
വഖഫ് നിയമത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ക്കായി, യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് എന്ന പേരില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മോദി സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്ല്, മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും ഫെഡറലിസവുമായി ബന്ധപ്പെട്ട ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി എംപി ജഗദംബികാ പാലിന്റെ അധ്യക്ഷതയിലുള്ള 31 അംഗ സംയുക്ത പാര്‍ലമെന്റ് സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരിക്കയാണ്. അഹമ്മദാബാദ്, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ സിറ്റിങ് നടത്തി തെളിവുകള്‍ ശേഖരിച്ച ജെപിസി കേരളത്തില്‍ സിറ്റിങ് നടത്തുന്നില്ല. കേരളത്തിലെ മുസ് ലിം ലീഗ് എംപിമാര്‍ക്ക് ജെപിസിയില്‍ പ്രാതിനിധ്യവുമില്ല. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ജെപിസിക്ക് പൊതുജനങ്ങളില്‍ നിന്ന് ഇതിനകം 1.2 കോടി ഇമെയില്‍ സന്ദേശങ്ങളും 75,000 നിവേദനപത്രികകളും ലഭിച്ചതായി ബില്ലിന്റെ അവതാരകനായ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വെളിപ്പെടുത്തി.
ജെപിസിക്കു ലഭിച്ചതായി പറയുന്ന രണ്ടു കോടിയോളം വരുന്ന മെമ്മോറാണ്ടങ്ങളില്‍ രണ്ടെണ്ണം തിരഞ്ഞെടുത്ത് റിജിജു ഔദ്യോഗിക ‘എക്സ്’ പോസ്റ്റിലൂടെ പങ്കുവച്ചു: കെസിബിസി പ്രസിഡന്റായ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും, സിബിസിഐ പ്രസിഡന്റ് കൂടിയായ തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും (സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷന് ചെയര്മാന് എന്ന നിലയില്‍) മുനമ്പം കടപ്പുറത്തെ പ്രശ്നം ഉയര്‍ത്തിക്കാട്ടി ലോക്സഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറിക്ക് എഴുതിയ കത്തുകള്‍ പരസ്യപ്പെടുത്തി റിജുജു ഇങ്ങനെ കുറിച്ചു: ”വിവിധ മതസമൂഹങ്ങളെ ബാധിക്കുന്ന പ്രശ്നം. രണ്ടു പ്രമുഖ ക്രൈസ്തവ മേലധ്യക്ഷന്മാര് പ്രകടിപ്പിക്കുന്ന വ്യാകുലത ഏറെ വേദനിപ്പിക്കുന്നു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കുന്നു.”
മുനമ്പത്തെ ‘വഖഫ് ഭൂമി’ പ്രശ്നം അങ്ങനെ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ട്രിച്ചിയില്‍ കാവേരി നദീതിരത്തെ തിരുച്ചെന്തുരൈ ഗ്രാമത്തിലെ പുരാതന ചന്ദ്രശേഖരസ്വാമി ക്ഷേത്രം ഉള്‍പ്പെടെ 480 ഏക്കര്‍ പ്രദേശം വഖഫ് ഭൂമിയാണെന്ന് തമിഴ്നാട് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചത് മന്ത്രി റിജിജു വഖഫ് നിയമഭേദഗതിയുടെ ആവശ്യകത ചൂണ്ടിക്കാട്ടാന്‍ ലോക്സഭയില്‍ നിരത്തിയ ദൃഷ്ടാന്തങ്ങളിലൊന്നാണ്. കടപ്പുറത്തെ വേളാങ്കണ്ണി പള്ളിയുടെ ദൃഷ്ടാന്തവും ഇനി പാര്‍ലമെന്റില്‍ വരും. വഖഫ് നിയമത്തില്‍ അവശ്യം വേണ്ട ഭേദഗതികള്‍ തീര്‍ച്ചയായും രാജ്യം ചര്‍ച്ച ചെയ്യണം. ഏതു ഭൂമിയും വഖഫ് ആയി പ്രഖ്യാപിക്കപ്പെടും എന്ന ആശങ്ക ഒഴിവാക്കപ്പെടണം. 1995ലെ വഖഫ് നിയമത്തിലെ 40-ാം വകുപ്പ് മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്താല്‍ മുനമ്പത്തെ പ്രശ്നം തീരുമോ?
ബെംഗളൂരുവില്‍ സിറ്റിങ് നടത്തിയ ജെപിസി ചെയര്മാന് ജഗദംബികാ പാലിനു കോട്ടപ്പുറം രൂപതാ വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തിലിന്റെ നേതൃത്വത്തില്‍ നേരിട്ടു നിവേദനം സമര്‍പ്പിച്ചപ്പോള്‍, കേരളത്തിലെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ചിട്ടുള്ളവരില് ഒരാളും ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥയുമായ ജെപിസി അംഗം അപരാജിത സാരംഗി മുനമ്പം കടപ്പുറത്ത് എത്തി പ്രശ്നബാധിതരെ നേരിട്ടുകണ്ട് വിവരങ്ങള്‍ ശേഖരിച്ചതും ശ്രദ്ധേയമായി. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന് എന്തായാലും മുനമ്പം വിഷയത്തില്‍ ഇടപെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
അതിനിടെ, വഖഫ് നിയമഭേദഗതി നിര്ദേശങ്ങളിന്മേല് ജെപിസിക്ക് അയച്ചുകിട്ടിയ 1.25 കോടി ഇ-മെയില്‍ സന്ദേശങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെയോ ചൈനയുടെയോ ടൂള്‍കിറ്റ് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ഝാര്‍ഖണ്ഡിലെ ബിജെപി നേതാവ് നിഷികാന്ത് ദുബെയുടെ ആവശ്യം ജെപിസി തെളിവെടുപ്പ് പ്രക്രിയ ഏതെങ്കിലും തരത്തില്‍ അട്ടിമറിക്കപ്പെടുന്നുവെന്ന സൂചനയാകുമോ?
ദേശീയ രാഷ്ട്രീയ വിവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, കേരളത്തിലെ തീരപ്രദേശത്തെ ഒരുപറ്റം മനുഷ്യരുടെ ജീവിതം അനിശ്ചിതാവസ്ഥയിലാക്കുന്ന ഈ കൊടിയ ദുരിതപര്‍വ്വത്തെ അതിജീവിക്കാനുള്ള പോരാട്ടത്തില്‍ കേരളസമൂഹം തങ്ങളോടൊപ്പം ഒരുമയോടെ ഉണര്‍ന്നിരിക്കുന്നത് കാണുമ്പോള്‍ ആ പാവങ്ങളുടെ ഉള്ളം തുടിക്കുന്നുണ്ട്. അവരെ നാം കൈവിടരുത്.