കൊച്ചി : കേരളത്തിന്റെ വ്യവസായ നഗരമായ എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജുബിലി നിറവിൽ .
രൂപതകളുടെ മാതാവായ വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ ദൈവദാസൻ അട്ടിപ്പേറ്റി പിതാവിനാൽ 1965 ൽ സ്ഥാപിതമായ വ്യവസായ പരിശീലന കേന്ദ്രമാണ് ലിറ്റൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. 2025ൽ ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് 60 വയസ്സ് തികയുകയാണ്.
ജുബിലീ ആഘോഷങ്ങൾക്ക് സ്വർഗ്ഗീയ മാധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനത്തിൽ ആരംഭം കുറിച്ചു. ഒക്ടോബർ ഒന്നിന് നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വലുങ്കൽ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം പി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിൻസിപ്പാളുമായ ഫാ.ഡോമിനിക്ക് ഫിഗരേദൊ സ്വാഗതവും അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ നന്ദിയും പറഞ്ഞു .
കളമശ്ശേരി നോഡൽ ഐ ടി ഐ ട്രെയിനിങ് ഓഫീസർ ചിന്ത മാത്യു, തൈക്കൂടം പള്ളി വികാരിയും മുൻ ഡയറക്ടറുമായ ഫാ. ജോബി അസീതുപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രചിച്ചു സംഗീതം നിർവ്വഹിച്ച ജൂബിലി ഗാനം ലിറ്റിൽ ഫ്ളവർ കൊയർ ആലപിച്ചു.