കൊച്ചി: അമിത ജോലിഭാരം കാരണം കുഴഞ്ഞുവീണുമരിച്ച കൊച്ചി കങ്ങരപടി സ്വദേശി അന്ന സെബാസ്റ്റ്യന്റെ വീട്ടിലാണ് ഇ വൈ കമ്പനി അധികൃതർ എത്തിയത്. ഇ വൈ കമ്പനിയിലെ നാല് പേരാണ് അന്നയുടെ വീട്ടിലെത്തിയത്. കമ്പനി അധികൃതരിൽ നിന്നും വ്യക്തമായ നടപടി ലഭിച്ചിട്ടില്ലെന്ന് അന്നയുടെ അച്ഛൻ സിബി ജോസഫ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കമ്പനിയുടെ ഉറപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിബി ജോസഫ് പറഞ്ഞു. ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ അന്നയുടെ സിബി ജോസഫ് ആരോപണമുന്നയിച്ചിരുന്നു. ജോലിക്ക് മേല്‍ അമിത ജോലി നല്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്നാണ് സിബി ജോസഫ് പറഞ്ഞത്. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് പിതാവ് പറഞ്ഞു
സിഎ പരീക്ഷ പാസായ ശേഷം അന്ന ആദ്യമായി ജോലിക്ക് കയറിയത് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലാണ്. മാര്‍ച്ച് പതിനെട്ടിന് അവള് ജോലിക്ക് പ്രവേശിച്ചു. ടാക്സ് ഓഡിറ്റ് വിഭാഗത്തിലായിരുന്നു അന്നയ്ക്ക് ജോലി. ബജാജ് ഓട്ടോയുടെ അടക്കം ഓഡിറ്റിംഗ് ചെയ്തിരുന്നത് അന്നയായിരുന്നു. ഇത്തരത്തിലുള്ള കമ്പനികള്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ അന്നയ്ക്ക് അമിത ജോലി ഭാരം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒന്നര മണിയാകും. അന്നയ്ക്ക് വീട്ടിലെത്തിയിട്ടും ജോലി ചെയ്യേണ്ടിവന്നിരുന്നു-പിതാവ് പറഞ്ഞു.