ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്ജുന് ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള നാലാം ഘട്ട തിരച്ചില്‍ ഇന്ന് പുനരാഭിക്കും. ഗോവയില്‍ നിന്നും കാര്‍വാറിലെത്തിച്ച ഡ്രഡ്ജര്‍ ഇന്ന് തന്നെ ഷിരൂരിലെത്തിക്കും . ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാല്‍ വേലിയിറക്ക സമയയത്താകും ഡ്രഡ്ജര്‍ വെസല്‍ ഷിരൂരിലേക്ക് കൊണ്ടുപോകുക.
ഡ്രഡ്ജര്‍ ഷിരൂരിലെത്തിയാല്‍ ഉടന്‍ തന്നെ ദൗത്യം ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കാലാവസ്ഥ അനുകൂലമായതിനാല്‍ പെട്ടെന്ന് തന്നെ തിരച്ചില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. നാവികസേനാസംഘം ഇന്ന് ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും.
ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കണം. ഇതിനു മൂന്നു മുതല്‍ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനി കണക്കു കൂട്ടുന്നത്.