തൃശൂര്‍: തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്. ഓണാഘോഷത്തിന് സമാപനം കുറിച്ചാണ് വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ടില്‍ എത്തുക. രണ്ടരയോടെ വിവിധ ദേശങ്ങളില്‍ നിന്ന് പുലികളി സംഘങ്ങള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. പുലര്‍ച്ചെ മുതല്‍ തന്നെ പുലികളെ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുലി മടകളില്‍ ആരംഭിച്ചുകഴിഞ്ഞു.
എല്ലാ പുലിമടകളിലും വരയ്ക്കാന്‍ തയ്യാറായി ഒരുങ്ങി നില്‍ക്കുകയാണ് ആളുകള്‍. ആദ്യമായി വരയ്ക്കുന്നവരും വര്‍ഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തില്‍. 40 ലേറെ വര്‍ഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്. കറുപ്പ് പുലിയെയാണ് വരയ്ക്കാന്‍ ഏറ്റവും എളുപ്പമെന്നാണ് ഇവര്‍ പറയുന്നത്. വനിതകളും കുട്ടിപ്പുലികളുമടക്കം പുലി വേഷം കെട്ടുന്നുണ്ട്. രണ്ടരയോടെ ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. സ്വരാജ് റൗണ്ട് വലം വച്ച് നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക.
എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരമുണ്ട്.പുലിക്കളിയുടെ ഭാഗമായി തൃശൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് ഇന്ന് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.