കൊച്ചി. പെരുമാനൂർ അംബികാപുരം പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ കൊമ്പ്രേര്യ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിത്തൂസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റി .
തന്നിലാശ്രയിക്കുന്ന മക്കൾക്കായി എത്ര മാത്രം വ്യാകുലങ്ങൾ ഏറ്റുവാങ്ങുവാൻ ഒരമ്മയ്ക്ക് കഴിയുമെന്നതിന്റെ സാക്ഷ്യമാണ് പരിശുദ്ധ വ്യാകുല മാതാവ്.
രാജ്യത്തിന്റെ വികസന സ്വപ്നങ്ങളിൽ സമൂഹത്തോട് സഭയ്ക്കുള്ള പ്രതിബദ്ധതയും ഒരു ജനതയുടെ ത്യാഗത്തിന്റെ ഓർമ്മകളും സമന്വയിപ്പിക്കുന്ന തിരുനാൾ കൂടിയാണ് അംബികാപുരം ദേവാലയത്തിലെ കൊമ്പ്രേര്യ തിരുനാൾ.
1972 ഏപ്രിൽ മാസം പ്രവർത്തനമാരംഭിച്ച കൊച്ചിൻ ഷിപ്പ് യാർഡിന്റെ നിർമ്മാണ പ്രവർത്തികൾക്കായി നിലവിലുണ്ടായിരുന്ന വരവ്കാട്ട് കുരിശു പള്ളിയും അതോടൊപ്പം പൂർവ്വികരെ അടക്കം ചെയ്തിരുന്ന സിമിത്തേരിയും അംബികാ പുരമെന്ന പുതിയ ദേവാലയത്തിലേക്ക് മാറ്റി സ്ഥാപിച്ച വലിയൊരു ത്യാഗത്തിന്റെ കഥയാണ് ഈ ആത്മീയ കേന്ദ്രത്തിന് പറയുവാനുള്ളത്.
അഞ്ചു നാൾ നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങൾ സെപ്റ്റംബർ 15 ന് സമാപിക്കും.ഞായറാഴ്ച്ച വൈകീട്ട് 5.00 ന് നടക്കുന്ന തിരുനാൾ ദിവ്യബലിയിൽ മാവേലിക്കര രൂപതാ മെത്രാൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യ കാർമ്മികനായിരിക്കും.
ഫാ. യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തും. സെപ്റ്റംബർ 14 ന് വേസ്പര ദിനം വൈകീട്ട് 5 മണിക്കുള്ള ദിവ്യബലിയ്ക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ.ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. വിൻസന്റ് വാര്യത്ത് പ്രസംഗിക്കും.
തിരുനാൾ ദിനങ്ങളിലെ ദിവ്യബലികൾക്ക് ഫാ.ജോസ് ഡോമിനിക് ചൂരേപ്പറമ്പിൽ, അതിരൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ. ക്യാപിസ്റ്റൺ ലോപ്പസ് എന്നിവർ പ്രസംഗിക്കും.
സെപ്റ്റംബർ 12 ന് വൈകീട്ട് 7 മണിക്ക് ” കെസ്റ്ററും കപ്പിയച്ചനും ചേർന്നവതരിപ്പിക്കുന്ന മറിയപാട്ട് ” എന്ന ദൃശ്യശ്രാവ്യ വിരുന്നും സെപ്റ്റംബർ 16 ന് രാവിലെ 7.15 ന് ഇടവകയിൽ നിന്നും മരിച്ചു പോയ കെമ്പ്രേര്യ അംഗങ്ങൾക്കായുള്ള പ്രത്യേക ദിവ്യബലിയും ഉണ്ടായിരിക്കും.
തിരുനാളാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജെസ്റ്റിൻ ആട്ടുള്ളിൽ, സഹവികാരി ഫാ.ജോസഫ് ടോണി കാർവാലിയോ, പ്രസുദേന്തി ജോൺസൺ എബ്രഹാം ചൂരേപ്പറമ്പിൽ എന്നിവർ അറിയിച്ചു.