കൊച്ചി: 1856 – 57 കാലഘട്ടങ്ങളിൽ പള്ളികളെക്കാൾ കൂടുതൽ പള്ളിക്കൂടങ്ങൾ നിർമ്മിക്കുവാൻ കൽപ്പന പുറപ്പെടുവിക്കുകയും കാലഘട്ടത്തിലെ വിദ്യാഭ്യാസ സംസ്കാരത്തെ കൂടുതൽ ജനകീയമാക്കാൻ പ്രയത്നിക്കുകയും ചെയ്ത മഹാമിഷനറിയായിരുന്നു വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന പുണ്യ സ്മരണാർഹനായ ആർച്ച്ബിഷപ്പ് ബർണാഡ് ബച്ചിനെല്ലി പിതാവെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ പ്രസ്താവിച്ചു.
ദേശീയ അധ്യാപക ദിനത്തിൽ ആർച്ച് ബിഷപ്പ് ബർണാഡ് ബച്ചിനെല്ലി പിതാവിൻ്റെ 156 മത് ചരമ വാർഷികവും ഛായാചിത്ര പ്രകാശന കർമ്മവും എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു ബിഷപ്പ്. ജാതിമതഭേദമന്യേ ഏവർക്കും വിദ്യാഭ്യാസം എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്തിയ മഹാനായ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്നു ബച്ചിനെല്ലി പിതാവ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഫാ. പീറ്റർ കൊച്ചുവീട്ടിൽ, അൽമ്മായ കമ്മീഷൻ അസോസിയേറ്റ് ഡയറക്ടർ ഷാജി ജോർജ് ,കെ എൽ സി എച്ച്എ ജനറൽ സെക്രട്ടറി ഗ്രിഗറി പോൾ, അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജയൻ പയ്യപ്പിള്ളി,കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷെറി ജെ തോമസ് ,അലക്സ് ആട്ടുള്ളില് ,സി ജെ പോൾ , ബേബി തദേവൂസ് ക്രൂസ് , സിബി ജോയ്, ബെന്നി ,അതിരൂപത ജനറൽ മിനിസ്ട്രി കോഡിനേറ്റർ ഫാ.യേശുദാസ് പഴമ്പിള്ളി എന്നിവർ പ്രസംഗിച്ചു.സെൻ്റ് ആൽബർട്ട്സ് സ്കൂളിൽ പ്രതിഷ്ഠിക്കുവാനുള്ള ആർച്ച്ബിഷപ്പ് ഡോ.ബർണാഡ് ബച്ചിനെല്ലിയുടെ ഛായ ചിത്രവും കൈമാറി.