വഡോദര :ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്തില്‍ പ്രളയസമാന സാഹചര്യമാണ്. മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ 32 പേര് മരിച്ചു. 23000 ലധികമാളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കരസേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വഡോദരയില്‍ മുതല കൂട്ടങ്ങള്‍ എത്തിയത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ പങ്കിട്ട വിഡിയോയില്‍ നഗരത്തിലെ അകോട്ട സ്റ്റേഡിയം പ്രദേശത്ത് ഒരു വീടിന്റെ മേല്‍ക്കൂരയില്‍ മുതലയെ കാണാം. മുതലയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് 11 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. 122 ഡാമുകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശിലും ദില്ലിയിലും പെയ്ത കനത്ത മഴയിൽ പ്രധാനറോഡുകളിലടക്കം വെള്ളക്കെട്ട് രൂക്ഷമാണ്.