സിബി. ജോയ്
യേശുവിന്റെ വെളിച്ചത്തില്‍ നിന്ന് ഒരിക്കലും കണ്ണെടുക്കരുത്. ലക്ഷ്യത്തില്‍ കണ്ണുനട്ടു നീങ്ങുക. ജീവിതയാത്രയില്‍ ക്രിസ്ത്യാനികളായ നമ്മള് വിളിക്കപ്പെട്ടിരിക്കുന്നത്, യേശുവിന്റെ പ്രശോഭിത വദനം എപ്പോഴും നമ്മുടെ കണ്മുമ്പില് സൂക്ഷിക്കുന്നതിനാണ്. അതിനാല്‍ നമ്മുടെ കണ്ണുകള്‍ യേശുവില്‍ നിന്ന് നാം ഒരിക്കലും മാറ്റരുത്.- ഫ്രാന്‍സിസ് പാപ്പ.
യേശുവിന്റെ വെളിച്ചത്തിലേക്കു കണ്ണുതുറക്കുകയും ദൈവം നല്കിയ വിളക്കുമായി ഇരുളടഞ്ഞതും ഏകാന്തവുമായ ഒരു ദേശത്തിലെ സഹജീവികളെ പ്രകാശത്തിലേക്കു നയിക്കുകയും ചെയ്തുവെന്നതാണ് മോണ്‍. ജി. ക്രിസ്തുദാസിന്റെ ജീവിതയാത്ര നമുക്കു നല്കുന്ന സന്ദേശം. ചിലപ്പോള്‍ പൂര്‍ണ അന്ധതയിലും മറ്റു ചിലപ്പോള്‍ ഭാഗികമായ അന്ധതയിലും 20 വര്‍ഷമായി നെയ്യാറ്റിന്‍കര രൂപതയെ വികാരി ജനറല്‍ സ്ഥാനത്തിരുന്ന് അദ്ദേഹം നയിച്ചുകൊണ്ടിരിക്കുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും.
സ്വന്തം ഭവനവും മദര്‍ തെരേസയും പ്രചോദനമായി
നെയ്യാറ്റിന്‍കര രൂപതയില്‍ ജാതിമത ഭേദമെന്യേ മോണ്‍സിഞ്ഞോര്‍ ക്രിസ്തുദാസ് ചെയ്ത കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. 1975ലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുന്നത്. തന്റെ കുടുംബത്തില്‍ നിന്നുതന്നെയാണ് സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നു മോണ്‍സിഞ്ഞോര്‍ പറയുന്നു. സ്കൂള്‍ അധ്യാപകനായിയുന്ന പിതാവ് ഗബ്രിയേല്‍ കുട്ടിക്കാലത്ത് തങ്ങളെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോത്സാഹിപ്പിച്ചിരുന്നു. മാതാവ് മറിയാമ്മയും ഏറെ പിന്തുണ നല്‍കിയിരുന്നു. വൈദിക ശുശ്രൂഷയോടൊപ്പം സാമൂഹ്യസേവനവും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്നത് ഏറെ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം രൂപതയുടെ ഭാഗമായിരുന്ന അരുവിക്കര ഇടവകയില്നിന്നായിരുന്നു ക്രിസ്തുദാസച്ചന്റെ ശുശ്രൂഷയുടെ ആരംഭം. 1979 ല്‍ അരുവിക്കര സെന്റ് അഗസ്റ്റിന്‍സ് ഇടവക കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ സന്ദര്‍ശിച്ചു. വിശുദ്ധയെ സമീപത്തു നിന്നു കാണാനും സംസാരിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും സാധിച്ചത് ക്രിസ്തുദാസച്ചനെ അതിയായി സ്വാധീനിച്ചു. മോണ്‍. ജി. ക്രിസ്തുദാസിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുനല്കിയത് മദര്‍ തെരേസയുടെ ഈ സന്ദര്‍ശനമായിരുന്നു. നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളില്‍, എന്നുവേണ്ട തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അര്‍ഹരായ വ്യക്തികള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
ജനഹൃദയങ്ങളിലെ ഇടയന്
ഇടവകഭരണത്തിന്റെ തുടക്കം വളരെ സങ്കീര്‍ണമായിരുന്നു. ഇടവകയിലെ ചില ആഭ്യന്തര പ്രശ്നങ്ങള്‍ നിമിത്തം ദീര്‍ഘകാലമായി അവിടെ സ്ഥിരം വൈദികരില്ലായിരുന്നു. മാത്രമല്ല ഇടവകയിലെ കുടുംബങ്ങള്‍ പല ഭാഗങ്ങളായി പിരിഞ്ഞ് ചില ഭാഗങ്ങള്‍ അകത്തോലിക്കാ വിഭാഗങ്ങളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അരുവിക്കര ഇടവകയില്‍ മോണ്‍. ജി. ക്രിസ്തുദാസ് വൈദികനായി എത്തുന്നത്. കുടുംബങ്ങളെ ഒരുമിക്കുന്ന ഭവനസന്ദര്‍ശനം, നടന്നും സൈക്കിള്‍ ചവിട്ടിയുമുളള യാത്രകള്‍. അച്ചന് ജനഹൃദയങ്ങളെ ചേര്‍ത്തുപിടിച്ചുവെന്ന് തന്നെ പറയാം. അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. ഇനി മറ്റൊരു ഇടവകയിലേക്ക് സ്ഥലമാറ്റം. എന്നാല്‍ അത് ഇടവക ജനത്തിന് ഉള്‍ക്കൊള്ളാനായില്ല. ഇടവകയിലെ പുരുഷന്മാര്ക്കൊപ്പം സ്ത്രീകളും കുട്ടികളുമടക്കം ഫാ. ജി. ക്രിസ്തുദാസിനെ തല്‍സ്ഥാനത്തുനിന്നും മാറ്റാതിരിക്കാന്‍ പ്രക്ഷോഭവുമായി തിരുവനന്തപുരം രൂപതാമന്ദിരത്തിന് മുന്നില്‍ സത്യഗ്രഹമിരുന്നത് ചരിത്രം.
ഇടവക വികസനത്തിന്റെ ഭാഗമായി നടത്തിയ നാഷണല്‍ സര്‍വീസ് സ്കീം ക്യാമ്പില്‍ പങ്കെടുത്ത തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് പള്ളിമേടയും വിദ്യാര്‍ഥികള്‍ക്ക് പള്ളിയും ഉറങ്ങുന്ന തിനായി വിട്ടുകൊടുത്തിട്ട്, പുറത്ത് ചുമരില്‍ ചാരി ഇരുന്ന് ഉറങ്ങിയ അച്ചനെ ഇടവകക്കാര് എങ്ങനെ മറക്കും? കൈയില്‍ നിന്നും പണം നല്കി വിദ്യാര്‍ഥികളെ
കോളജുകളില്‍ അയച്ച് അദ്ദേഹം പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക തയ്യല്‍, എംബ്രോയിഡറി പരിശീലനവും നല്കി. മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസിനികള്‍ ഇതിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. പരിശീലകരിലധികവും അക്രൈസ്തവരായ പെണ്‍കുട്ടികള്‍. തൊഴിലധിഷ്ഠിത ക്ലാസുകള്‍ ഇടവക യില്‍ ക്രമമായി നടത്തി. സൗജന്യ രക്തദാന സംവിധാനവും സന്ന്യാസിനികളുടെ നേതൃത്വത്തില്‍ ആഴ്ചതോറും സൗജന്യ മരുന്നുവിതരണവും ആരംഭിച്ചു.
ആത്മീയതലത്തിലും നവചൈതന്യമുണ്ടായി. മതബോധനക്ലാ സുകള്‍ക്ക് അടുക്കും ചിട്ടയും രൂപപ്പെട്ടു. ഫാ. ജി. ക്രിസ്തുദാസ് ഇടവകയില്‍ ആരംഭിച്ച സാമൂഹ്യസേവനപ്രവര്ത്തനങ്ങളെല്ലാം ഇന്നും നിലനില്‍ക്കുന്നുവെന്നത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനമാണ്.
അരുവിക്കര ഇടവക ശുശ്രൂഷയോടൊപ്പം രൂപത മതബോധന ഡയറക്ടറായും ഫാ. ക്രിസ്തുദാസ് സേവനം ചെയ്തു. മതബോധന വിദ്യാര്‍ഥികള്‍ക്കായി പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സിലൂടെ ഒരു വീടിന് അത്യാവശ്യം വേണ്ട പച്ചമരുന്നുകള്‍ വച്ചുപിടിപ്പിക്കുന്ന കാര്യത്തില്‍ കര്‍ഷ
കര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്ലൊരു വരുമാനമാര്‍ഗവുമാണ് അച്ചന് തെളിച്ചുകൊടുക്കുന്നത്. 77 ക്രെഡിറ്റ് യൂണിറ്റുകളും 990 സ്വയം സഹായഗ്രൂപ്പുകളും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സ്ത്രീകളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുമുള്ള വിവിധ പദ്ധതികളും ശിശുക്കളുടെ മാനസിക-ശാരീരിക വളര്‍ച്ചയ്ക്കായി 83 ശിശുവികസന കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
നെയ്യാറ്റിന്‍കര രൂപതയിലെ ജനങ്ങള്‍ മുഖ്യമായും ദരിദ്രരാണ്. ഇതില്‍ സ്വന്തമായി ഭവനങ്ങള്‍ ഇല്ലാത്തവരെയും കാണാം. അധികം പേരും കര്‍ഷകരാണ്. നിയന്ത്രണമില്ലാതെ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ അവരുടെ സ്വപ്നങ്ങളെയാണ്
തകര്‍ത്തെറിയുന്നത്. കുടുംബങ്ങളിലുണ്ടാകുന്ന രോഗം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ചെലവുകള്‍ സാമ്പത്തികമായി ഇവരെ തളര്‍ത്തുന്നു. ഒരു യഥാര്‍ത്ഥ ഇടയന്റെ ദൗത്യമേറ്റെടുത്ത് ഫാ. ക്രിസ്തുദാസ് സജീവമായി ജനങ്ങളിലേക്കിറങ്ങി. പക്ഷേ വലിയൊരു പ്രതിബന്ധം അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു.
യേശുവും മറിയവും പകര്‍ന്നു നല്കിയ ഉള്‍ക്കാഴ്ച
” 1950 ജനുവരിയില്‍ ആരംഭിച്ച എന്റെ ജീവിതയാത്ര ഇപ്പോള്‍ പ്ലാറ്റിനം ജൂബിലിയില്‍ എത്തിനില്‍ക്കുന്നു. 48 വര്‍ഷത്തെ വൈദിക ജീവിതത്തിനിടയില്‍ 1998ല്‍ കൊണ്ണിയൂര്‍ ഇടവകയിലേക്ക് വികാരിയായി പോകാനുള്ള സാഹചര്യം ഉണ്ടായി. രണ്ടായിരമാണ്ട് മെയ് മാസത്തില്‍ രാവിലെ കുര്‍ബാനയ്ക്കായി ഇറങ്ങിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു മങ്ങല്‍ അനുഭവപ്പെട്ടു. മഴക്കാര് ആയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ ഡയബറ്റിക് കാരണം എന്റെ കണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞതാണെന്ന് ക്രമേണ എനിക്കു മനസിലായി.” മോണ്‍. ക്രിസ്തുദാസ് എഴുതുന്നു. ക്രമേണ അദ്ദേഹത്തിന് കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. പല ആശുപത്രികളിലും ചികിത്സനടത്തിയെങ്കിലും കാഴ്ച പൂര്‍ണമായി വീണ്ടെടുക്കാനായില്ല.
” ചികിത്സ കഴിഞ്ഞ് ബിഷപ്സ് ഹൗസില്‍ തിരിച്ചെത്തിയ എനിക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി കുറവായിരുന്നു. എന്നെ ആഴമായി സ്നേഹിക്കുന്ന എന്റെ ദൈവത്തോടും, പരിശുദ്ധ മറിയത്തോടുമുള്ള എന്റെ അഭ്യര്‍ഥനയും പ്രാര്‍ഥനയും, മറ്റുള്ളവരുടെ സഹായം ഇല്ലാതെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നല്കണമേ എന്നതായിരുന്നു. അതോടൊപ്പം ഒരു കാര്യം കൂടി അഭ്യര്‍ഥിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കുറച്ചുകൂടി കാഴ്ച ശക്തി ലഭിക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍കരയിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ ഒരുമിച്ചുചേര്ക്കുന്നതിന്, അവരെ വിളിച്ചുവരുത്തി സംസാരിച്ച് കുടുംബബന്ധങ്ങള്‍ ക്രമീകരിക്കുന്നതിന്, എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യുമെന്നും. കാഴ്ച കുറവായിരിന്നിട്ടും ഞാന്‍ ഇമ്മാനുവല്‍ കോളജിലെ ബര്‍സര്‍ ആയതിനാല്‍ മറ്റുള്ളവരുടെ സഹായത്തോടെ അവിടെ പോയി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തിരുന്നു. എന്റെ കാഴ്ചയെ കുറിച്ച് പലരും ചോദിച്ചു. ഞാന്‍ ഒരിക്കലും അതിനു മറുപടി നല്‍കിയിരുന്നില്ല. ഷാജി അച്ചന് ഒരവസരത്തില്‍ എന്നോട് എത്രമാത്രം കാഴ്ചശക്തിയുണ്ടെന്ന് ചോദിച്ചു. ഞാന്‍ ഇപ്രകാരം മറുപടി പറഞ്ഞു, ” എന്റെ കണ്ണ് എന്നില്‍ത്തന്നെ ഉണ്ട്. അതിന് എന്തുമാത്രം ശക്തി ഉണ്ടെന്ന് ഒരു ദിവസം ഞാന്‍ പറയും”. എന്റെ കാഴ്ചയെ കുറിച്ച് ആരോടും പറയാന്‍ ഞാന്‍ അഗ്രഹിച്ചില്ല. കാരണം, അത് അറിഞ്ഞാല്‍ സഹതാപത്താല്‍ എനിക്ക് ഒന്നും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുക. 2003ല്‍ ഒരു ദിവസം അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവ് എന്റെ അടുത്തുവന്ന് രൂപതയുടെ വികാരി ജനറല്‍ ആകണമെന്ന് ആവശ്യപ്പെട്ടു. എന്റെ പരിമിതികള്‍ എനിക്ക് അറിയാമായിരുന്നതുകൊണ്ടും വികാരി ജനറല്‍ ആകാന്‍ താല്പര്യമില്ലാതിരുന്നതു കൊണ്ടും ഞാന്‍ അത് നിരസിക്കുകയും മറ്റു രണ്ടു പേരുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. ഒന്നും പറയാതെ മടങ്ങിയ പിതാവ് രണ്ടുമൂന്നു മാസക്കാലം ഈ ചുമതല ഏറ്റെടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അവസാനം, ഞാന്‍ നിര്ദേശിച്ചവരുമായി ഒരുമിച്ചു പോകാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ഈ ചുമതല ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങിനെ 20 വര്‍ഷക്കാലമായി ഞാന്‍ ഈ ചുമതലയില്‍ തുടരുകയാണ്.
സജീവമായ ഇടപെടലുകള്‍; തനിച്ചുള്ള യാത്രകള്‍
കാഴ്ചപരിമിതി ഉണ്ടായിരുന്ന ഞാന്‍ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടു. രൂപതയുടെ കാര്യങ്ങളില്‍, ഇടവകയുടെ കാര്യങ്ങളില്‍, ഇടവകകളുടെ പ്രശ്നങ്ങളില്‍, വൈദികരുടേയും സന്നന്യസ്തരുടേയും കാര്യങ്ങളില്‍, അവരുടെ പ്രശ്നങ്ങളില്‍, കോളജിന്റെ കാര്യങ്ങളില്‍, കോഴ്സുകളുടെ കാര്യങ്ങളില്‍ എല്ലാം സാധാരണ കാഴ്ചയുള്ളവരെ പോലെ ശ്രദ്ധാപൂര്‍വം ധൈര്യമായി ഞാന്‍ ഇടപെട്ടു. രൂപതയ്ക്കു വേണ്ടിയും കോളജിനു വേണ്ടിയും രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ ദീര്‍ഘദൂരം യാത്രകള്‍ ചെയ്തു. കോളജിന് കോഴ്സുകള്‍ ലഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പലപ്പോഴും രാവിലെ 4 മണിക്ക് എറണാകുളം ഹൈക്കോടതിയില്‍ പോകുകയും നിയമപോരാട്ടത്തിലൂടെ 8 കോഴ്സുകള്‍ നേടിയെടുക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളിലും സജീവമായി തന്നെ ഇടപെട്ടു. 2002ല്‍ കെആര്‍എല്‍സിസി ആരംഭിച്ചപ്പോള്‍ അന്നുമുതല്‍ ഇന്നുവരേയും അതിലെ സജീവഅംഗമായി തുടരുന്നു.
ഒരിക്കല്‍ എന്റെ മനസില്‍ ഒരു ആഗ്രഹമുണ്ടായി. എന്റെ കാഴ്ചക്കുറവ് എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരില്‍ ആരെങ്കിലും ഒരാള്‍ അറിഞ്ഞിരിക്കണം. അതിന് ഞാന്‍ തിരഞ്ഞെടുത്തത്, ഞാന്‍ പറഞ്ഞാല്‍ അക്കാര്യം പുറത്തുപറയില്ല എന്ന് എനിക്ക് ഉറപ്പുള്ള അഭിവന്ദ്യ സൂസൈപാക്യം പിതാവിനെയാണ്. ഞാന്‍ അപ്പോയ്മെന്റ് ഫിക്സ് ചെയ്ത് അദ്ദേഹത്തെ കാണാന്‍ വെള്ളയമ്പലം ബിഷപ്സ് ഹൗസില്‍ പോയി. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു, ” അച്ചന് കാഴ്ചയുള്ളവരേക്കാള്‍ ശക്തിയായി എല്ലാ കാര്യങ്ങളിലും നെയ്യാറ്റിന്‍കര രൂപതയില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്നു. അച്ചന് കാഴ്ചയില്ലെന്ന് ആരു പറയും?” അവിടെ നിന്ന് കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ഇറങ്ങിപ്പോന്നത്.”
ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം മോണ്‍സിഞ്ഞോറിന്റെ ആത്മവിശ്വാസം പലമടങ്ങു വര്‍ദ്ധിപ്പിച്ചു. അതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ഇന്ത്യക്കകത്തും പുറത്തും പല പ്രാവശ്യം അദ്ദേഹം തനിച്ചും കൂട്ടായും യാത്ര ചെയ്തു. ദുബായില്‍ നാലു തവണ പോയതും വന്നതും ഒറ്റക്കാണ്. ഇസ്രയേലില്‍ മൂന്നു തവണ വിവിധ ഗ്രൂപ്പുകളോടൊപ്പം പോയി. യു.കെ യാത്രയും ഒറ്റയ്ക്കു തന്നെയായിരുന്നു. ജര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ്, ലിറ്റില്സ്റ്റെയിന്, ഇറ്റലി എന്നിവിടങ്ങളിലേക്ക് പല പ്രാവശ്യം ഒറ്റയ്ക്കു തന്നെ യാത്ര ചെയ്തു.
അപകടത്തിലും ദൈവം തുണ
2002 നവംബര്‍ 24ന് മോണ്‍സിഞ്ഞോര്‍ ക്രിസ്തുദാസിന് ഒരു അപകടം പറ്റി. റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഒരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. വലതു കാല്‍മുട്ടിനു താഴെ എല്ലുകള്‍ പൊട്ടുകയും രണ്ട് വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയും ചെയ്തു. അവിടേയും ദൈവത്തിന്റെ പരിപാലന ശക്തമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേല്‍ക്കുകയോ മാരകമായ മുറിവുകള്‍ ഉണ്ടാകുകയോ ചെയ്തില്ല. 38 വര്‍ഷമായി പ്രമേഹരോഗമുള്ള മോണ്സിഞ്ഞോറിന്, ശസ്ത്രക്രിയകളിലും അപകടങ്ങളിലും ഉണ്ടായ മുറിവുകള്‍ പഴുക്കാതെ ദൈവം കാത്തു.
സഭ മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനോ ഒരു എന്‍ജിഒയോ അല്ല എന്ന് പല പ്രാവശ്യം ഫ്രാന്‍സിസ് പാപ്പാ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ സഭ മനുഷ്യരുടെ ഇടയിലേക്കിറങ്ങണമെന്നും ദരിദ്രനേയും, സമൂഹം പുറംതള്ളിയവരേയും, കുടിയേറ്റക്കാരേയും, പരിസ്ഥിതിയെയും കരുതലോടെ പരിപാലിക്കുന്ന സര്‍വ്വരും സഹോദരരാകുന്ന (ഫ്രത്തേലി തൂത്തി) ദൈവത്തെ സ്തുതിക്കുന്ന (ലൗത്താദോ സി) ഒരു നല്ല ലോക സ്ഥാപനത്തിനായി പരിശ്രമിക്കാനും ആഹ്വാനം ചെയ്യുമ്പോള്‍, ക്രൈസ്തവരായ നമ്മെ സൃഷ്ടാവായ ദൈവപിതാവ് ഭരമേല്പ്പിച്ച നമ്മുടെ ആദിമധര്മ്മത്തിലേക്ക് (ഉല്‍പ്പത്തി പുസ്തകം) വിളിക്കുന്ന ഒരു വിളി തന്നെയാണെന്ന് മോണ്‍. ക്രിസ്തുദാസ് തിരിച്ചറിയുന്നു.
കരുതലായി നിഡ്സും
നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ഭാഗമായ നെയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) യുടെ പ്രഥമ ഡയറക്ടറുമാണ് മോണ്‍. ക്രിസ്തുദാസ്. 1996 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ നെയ്യാറ്റിന്‍കര രൂപത സ്ഥാപിച്ചപ്പോള്‍ ആരംഭിച്ചതാണു രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ
നെയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റി. ഇതിന്റെ ആദ്യ ഡയക്ടറും ഇപ്പോള്‍ നിഡ്സിന്റെ പ്രസിഡന്റുമാണ് മോണ്‍സിഞ്ഞോര്‍ ക്രിസ്തുദാസ്. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലുളള ജനങ്ങള്‍ക്കു സാമൂഹ്യ സാമ്പത്തിക പിന്തുണ നല്കുകയാണു നിഡ്സിന്റെ ലക്ഷ്യം. ലക്ഷക്കണക്കിനു രൂപയുടെ സഹായമാണ് നിഡ്സ് ഈ കാലയളവില്‍ ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ നിഡ്സ് ചെയ്യുന്ന സേവനവും പ്രോത്സാഹനവും ഏറെ ശ്രദ്ധേയമാണ്.
അതിരില്ലാത്ത കാരുണ്യം
വ്യക്തിപരമായും കുടുംബങ്ങളെയും സഹായിക്കുന്നതിന് മോണ്‍സിഞ്ഞോര്‍ മുന്‍കയ്യെടുത്തു. വിദ്യാഭ്യാസം, ചികിത്സ, മരുന്ന്, സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കല്‍, തൊഴില്‍, ജോലിക്കായി വിദേശത്തു പോകാന്‍ എന്നിങ്ങനെ സഹായം ആവശ്യമുള്ളിടത്ത് തരംതരിവില്ലാതെ അദ്ദേഹം നടപടികള്‍ സ്വീകരിച്ചു. അറുപത്തിയഞ്ചോളം കുട്ടികള്‍ക്ക് എംബിബിഎസിന് വിദേശത്ത് പഠിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. നൂറിലധികം കുട്ടികളെ നഴ്സിങ്ങിന് വിദേശത്തും നാട്ടിലുമായി പഠിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ കാണാനും സഹായം അഭ്യാര്ഥിക്കാനും സമയം നോക്കാതെ ഇറങ്ങിത്തിരിച്ചു. ആശുപത്രികള്‍, ചാരിറ്റിസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രൂപതയുടെ വിവിധ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, സംഘടനകള്‍ എന്നിങ്ങനെ നിരവധി പ്രസ്ഥാനങ്ങളുടെ പ്രധാന ചുമതലകള്‍ മോണ്‍സിഞ്ഞോര്‍ വഹിക്കുന്നു. വികാരി ജനറല്‍ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് ആറ് ഇടവകകളില്‍ സേവനം ചെയ്തു.
‘തോബിത് 4,7ല്‍ പറയുന്നു, ദരിദ്രരില്‍ നിന്ന് മുഖം തിരിക്കരുത്. നാം ഒരു ദരിദ്രന്റെ മുന്നില്‍ നില്ക്കുമ്പോള്, നമുക്ക് അവനില്‍ നിന്ന് നമ്മുടെ നോട്ടം മാറ്റാന്‍ കഴിയില്ല, കാരണം അങ്ങനെ ചെയ്യുന്നത് കര്‍ത്താവായ യേശുവിന്റെ മുഖത്തെ കണ്ടുമുട്ടുന്നതില്‍ നിന്ന് നമ്മെ തടസ്സപ്പെടുത്തും.’ ഫ്രാന്‍സിസ് പാപ്പ.
മോണ്‍സിഞ്ഞോര്‍ ക്രിസ്തുദാസ് തന്റെ കണ്ണുകളെ തന്നിലേക്കും ദൈവത്തിങ്കലേക്കും തിരിച്ചു. തന്റെ സ്വത്വവും ദൗത്യവും തിരിച്ചറിഞ്ഞു. തന്റെ ജീവിതം ദൈവജനത്തിനായി സമര്‍പ്പിച്ചു.