തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ വിവാദങ്ങൾക്കൊടുവിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജിവയ്ക്കുന്നുവെന്നാണ് പ്രസിഡന്റ് മോഹൻലാൽ പുറത്തുവിട്ട കത്തിൽ അറിയിക്കുന്നത്.
അതേസമയം, സിനിമ മേഖലയിലെ ആരോപണങ്ങളില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് വനിത ഉദ്യോഗസ്ഥർ. പരസ്യമായി പരാതി പറഞ്ഞവരെ അന്വേഷണ സംഘം ബന്ധപ്പെട്ടു തുടങ്ങി. ഹേമ കമ്മിറ്റി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളിൽ നിന്ന് ഉണ്ടായ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ആരോപണം ഉന്നയിച്ച ചിലരെ പ്രത്യേക സംഘം ഫോണിൽ ബന്ധപ്പെട്ടു. നടന് ബാബുരാജിനും സംവിധായകരായ വി.എ. ശ്രീകുമാര്‍ മേനോനും വി.കെ.പ്രകാശിനുമെതിരെ ആരോപണം ഉന്നയിച്ചവരെയാണ് ആദ്യഘട്ടത്തില്‍ ഫോണില്‍ വിളിച്ചത്. ഇവര്‍ മൊഴി നല്കാന് താല്പര്യം അറിയിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ പരാതി ഉന്നയിച്ച മറ്റ് സ്ത്രീകളെയും ഫോണില്‍ ബന്ധപ്പെടും. ഏഴംഗസംഘത്തിലെ നാല് വനിത ഉദ്യോഗസ്ഥര്‍ തന്നെയാകും മൊഴിയെടുപ്പും തെളിവ് ശേഖരണവും നടത്തുക.
ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര പൊലീസിന് ഔദ്യോഗികമായി പരാതി അയച്ചിരുന്നു. അതിൻമേലുള്ള തുടർനടപടിയും ഇന്നുണ്ടാകും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് ശ്രീലേഖ മിത്ര പരാതി അയച്ചത്.