പ്രഫ. ഷാജി ജോസഫ്
‘ദി ലാസ്റ്റ് എംപറര്‍’ ചൈനയുടെ അവസാന ചക്രവര്‍ത്തിയായ ഐസിന്-ജിയോറോ പു യി (Aisin-Gioro Pu Yi) യുടെ ജീവിതത്തെക്കുറിച്ചുള്ള ചരിത്രാഖ്യാന ചലച്ചിത്രമാണ്. ബെര്‍ണാഡോ ബെര്‍ട്ടോലൂച്ചി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനൊപ്പം എന്‍സോ ഉന്ഗാരി, മാര്‍ക്ക് പെപ്ലോ എന്നിവര്കൂടിയാണ്. ബാലനായ പൂ യി യുടെ പട്ടാഭിഷേകം മുതല്‍ ജയില്‍വാസവും രാഷ്ട്രീയ പുനരധിവാസവും വരെയുള്ള ജീവിതമാണ് സിനിമയില്‍. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സമ്മതത്തോടെ ബീജിംഗിലെ ‘ഫോര്‍ബിഡന്‍ സിറ്റി’യിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ചൈനയിലെ ക്വിംഗ് രാജവംശത്തിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും ചക്രവര്‍ത്തിയായിരുന്ന പു യി യുടെ സംഭവബഹുലമായ ജീവിതം ഇതിവൃത്തമാക്കിയ ഈ ചിത്രം അനവധി നിരൂപക/പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്. 1965 ല്‍ പ്രസിദ്ധീകരിച്ച പു യിയുടെ ആത്മകഥയായ ‘ഫ്രം എംപറര്‍ ടു സിറ്റിസണ്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. വിലക്കപ്പെട്ട നഗരത്തിനുള്ളില്‍ ചിത്രീകരിക്കാന്‍ അനുവാദം ലഭിച്ച ആദ്യത്തെ ഫീച്ചര്‍ ഫിലിമില്‍ ചൈനയിലെ രാഷ്ട്രീയ വ്യവസ്ഥകളിലെ മാറ്റങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
ഒരു സാധാരണ ബാലനായ പു യിയുടെ മൂന്നാം വയസ്സിലെ ചക്രവര്‍ത്തിയായുള്ള കിരീടധാരണം മുതല്‍ യൗവനത്തിലെ കൊട്ടാരത്തില്‍ നിന്നുള്ള പടിയിറക്കവും, ജപ്പാന്റെ കളിപ്പാവയായി രണ്ടാം ലോകയുദ്ധകാലത്ത് മഞ്ചൂരിയയുടെ ചക്രവര്‍ത്തിയായുള്ള ഭരണകാലവും, തുടര്‍ന്ന് നീണ്ട പതിനഞ്ച് വര്‍ഷത്തോളം കമ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ യുദ്ധകുറ്റവാളിയായുള്ള തടവറവാസത്തോടെ, ചക്രവര്‍ത്തിയില്‍ നിന്നും പച്ചയായ മനുഷ്യനിലേക്കുള്ള പരിണാമം വരെ ഈ ചിത്രത്തില്‍ അതീവ ഹൃദ്യമായി അനാവരണം ചെയ്തിരിക്കുന്നു.
1908-ല്‍ ബെയ്ജിംഗിലെ വിലക്കപ്പെട്ട നഗരം (ദ ഫൊര്‍ബിഡന്‍ സിറ്റി) എന്നറിയപ്പെടുന്ന ക്വിംഗ് രാജവംശത്തിന്റെ കൊട്ടാര സമുച്ചയത്തിലേക്ക് ബാലനായ പു യി വിളിക്കപ്പെടുന്നു. മരണാസന്നയായ അന്നത്തെ ചക്രവര്‍ത്തി ഡോവഗര്‍ സിക്സിയുടെ ആഗ്രഹം ബാലനെ ചൈനയുടെ അവസാന ചക്രവര്‍ത്തിയായി സ്ഥാനമേല്‍പ്പിക്കുക എന്നതായിരുന്നു. കിരീടധാരണത്തിനുശേഷം, തന്റെ പുതിയ ചുറ്റുപാടില്‍ ഭയന്ന പു യി, തിരികെ വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് പ്രകടമാക്കുന്നു, പക്ഷേ നിരസിക്കപ്പെടുന്നു. കൊട്ടാരത്തില്‍ അവനെ ശുശ്രൂഷിക്കുവാന്‍ നൂറുകണക്കിന് നപുംസകങ്ങളും പരിചാരികമാരുമുണ്ട്.
എന്നാല്‍ അവന് ഇഷ്ടമുള്ള ഒരേയൊരു വ്യക്തി നഴ്സ് ആര് മോ (ജേഡ് ഗോ) ആണ്. വളര്‍ച്ചയിലെ ഒരു ഘട്ടത്തിലും കൊട്ടാരം വിട്ടു പുറത്തു പോകാന്‍ അവന് അനുമതി ഇല്ലായിരുന്നു. ക്വിംഗ് രാജവംശത്തെ അട്ടിമറിച്ച ഒരു വിപ്ലവത്തിനുശേഷം, താന്‍ വിലക്കപ്പെട്ട നഗരത്തിന്റെ ചക്രവര്‍ത്തി മാത്രമാണെന്ന് പു യി മനസ്സിലാക്കുന്നു; ആ മതിലുകള്‍ക്ക് പുറത്ത് ചൈന ഇപ്പോള്‍ ഒരു റിപ്പബ്ലിക്കാണ്. 1919-ല്‍ സ്കോട്ട്ലന്‍ഡുകാരനായ റെജിനാള്‍ഡ് എഫ്. ജോണ്‍സ്റ്റണ്‍ (പീറ്റര്‍ ഒ ടൂള്‍) പു യിയുടെ അധ്യാപകനാകുന്നു, കൂടാതെ അദ്ദേഹം പു യിക്ക് വിലക്കപ്പെട്ട നഗരത്തിന് പുറത്തുള്ള ലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നു. 1922-ല്‍ വാന്‍ ജംഗ് (ജോവാന് ചെന്‍) എന്ന ഭാര്യയെ പു യി തിരഞ്ഞെടുത്തു, കൂടാതെ വെന്‍ ഹ്സിയൂ (ജൂന്‍ വു) എന്ന രണ്ടാമത്തെ ഭാര്യയെയും അദ്ദേഹം സ്വീകരിക്കുന്നു.
1924-ല്‍, ബീജിംഗ് അട്ടിമറിയെത്തുടര്‍ന്ന് അദ്ദേഹവും മറ്റ് എല്ലാ താമസക്കാരും കൊട്ടാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും ടിന്സിനിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. 1934-ല്‍ ജപ്പാന് അദ്ദേഹത്തെ അവരുടെ പാവ സംസ്ഥാനമായ മഞ്ചുകുവോയുടെ ചക്രവര്‍ത്തി ആയി കിരീടമണിയിച്ചു. അവിടെ അവര്‍ വിശ്രമവും കോസ്മോപൊളിറ്റന്‍ ജീവിതശൈലിയും ആസ്വദിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പതനത്തിനുശേഷം, പു യി റഷ്യന്‍ സൈന്യത്തിന്റെ പിടിയിലായി. തടവുകാരനായ പു യി ജീവിതത്തില്‍ ആദ്യമായി തന്റെ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ പഠിക്കുന്നു. പിന്നീട് സ്ഥാപിതമായ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന, പുയി യെ ഒരു രാഷ്ട്രീയ തടവുകാരനായും യുദ്ധക്കുറ്റവാളിയായും ജയിലിലടക്കുന്നു.
രാഷ്ട്രീയ തടവുകാര്‍ക്കായുള്ള കമ്മ്യൂണിസ്റ്റ് പുനര്‍ വിദ്യാഭ്യാസ പരിപാടിക്ക് കീഴില്‍ പൂയി പുനരധിവസിപ്പിക്കപ്പെടുന്നു. പിന്നീട് 1959-ല്‍ മോചിതനായ അദ്ദേഹം ഒരു തോട്ടക്കാരനായി തുടരുന്നു ശിഷ്ടജീവിതത്തില്‍. 1987-ല്‍ ഒരു ടൂര്‍ ഗൈഡ് കൊട്ടാരത്തില്‍ സിംഹാസനത്തിനു മുന്നിലൂടെ ഒരു സംഘത്തെ നയിക്കുന്ന അവസരത്തില്‍, പു യി 1967-ല്‍ മരിച്ചുവെന്ന അയാളുടെ പ്രസ്താവനയോട് കൂടിയാണ് ചിത്രം അവസാനിക്കുന്നത്.
റിച്ചാര്‍ഡ് വൂ (3 വയസ്സ്), തോയു ടിഗെര് (8 വയസ്സ്), താവോ വൂ (15 വയസ്സ്) എന്നിവരാണ് വിവിധ പ്രായങ്ങളില്‍ പു യിയായി വേഷമിടുന്നത്. യുവാവായ പു യിയായി ജോണ്‍ ലോണും. പു യിയുടെ കഥാപാത്രത്തെ ജോണ്‍ ലോണ്‍ അനുഭവപരിചയത്തോടെ അവതരിപ്പിക്കുന്നു. ബെര്ട്ടോലൂച്ചിയുടെ സംവിധാനം, ചിത്രത്തില്‍ ആഴത്തിലുള്ള കാഴ്ചകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ചൈനയിലെ ആചാരങ്ങള്‍, സംസ്കാരങ്ങള്‍, ചരിത്രഘടന എന്നിവ കൃത്യമായും ആകര്‍ഷകമായും കാഴ്ചവെച്ചിട്ടുണ്ട്.
സിനിമയുടെ ഛായാഗ്രഹണം വിസ്മയകരമാണ്. വിറ്റോറിയോ സ്റ്റോറാറോയുടെ ക്യാമറ അതിന്റെ ദൃശ്യമാനീയത കൊണ്ടും, വൈവിധ്യമാര്‍ന്ന വര്‍ണ്ണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. അതുപോലെ എന്നിയോ മോറിക്കാനോയുടെ സംഗീതം, സിനിമയുടെ തീവ്രത കൂടുതല്‍ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്നു. അത് ചൈനീസ് സംസ്കാരത്തിന്റെ സമ്പന്നതയും ചൈനയുടെ ചരിത്രത്തിന്റെ വ്യാപ്തിയും കൃത്യമായി അടിവരയിടുന്നു. അതിനൊപ്പം ചലച്ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രാലങ്കാരം, കലാസംവിധാനം എന്നിവയും ഏറെ പ്രശംസനീയമാണ്.
60-ാമത് അക്കാദമി അവാര്‍ഡില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒമ്പത് ഒസ്കാറുകളും (മികച്ച ചിത്രം, സംവിധാനം, അവലംബിത തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്, കലാസംവിധാനം, സംഗീതം, വസ്ത്രാലങ്കാരം, ശബ്ദം) ഈ ചിത്രം കരസ്ഥമാക്കി. മൂന്ന് ബാഫ്റ്റ അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍, മ്യൂസിക് സ്കോറിനുള്ള ഗ്രാമി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ഇത് നേടി. 2013 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കാന്‍സ് ക്ലാസിക് വിഭാഗത്തില്‍ ചിത്രം ത്രീഡിയിലേക്ക് പരിവര്‍ത്തനം ചെയ്തു പ്രദര്‍ശിപ്പിക്കുകയുണ്ടായി.
തന്റെ ജനതയെ ഒരിക്കലും അറിയാത്ത ഒരു പാരമ്പര്യ നേതാവിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍, ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ചരിത്രത്തെ അതിമനോഹരമായി വരച്ച ചുവര്‍ചിത്രമാണ് ദി ലാസ്റ്റ് എംപറര്‍. ഒരാളുടെ ജീവിതത്തിലൂടെ മാത്രം ഒരു രാഷ്ട്രത്തിന്റെ മാറ്റങ്ങളും ഇടിവുകളും അനാവരണം ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ളതും, കൃത്യമായും മനോഹരമായും ചിത്രീകരിക്കപ്പെട്ടതുമായ സിനിമയായി ഇത് നിലകൊള്ളുന്നു.