തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിണറായി വിജയന് കത്തയച്ചു. മുഖ്യമന്ത്രി ഇന്ന് അര്‍ജുന്റെ കോഴിക്കോടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതിനായി ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് ഉറപ്പ് നല്‍കിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. പിന്നാലെയാണ് കര്‍ണാടകയ്ക്ക് കത്തയച്ചത്.
അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ആരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഗംഗാവാലിയിലെ അടിയൊഴുക്ക് കുറയാത്തതിനാല്‍ പുഴയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് തിരച്ചിലിനായി പ്രദേശത്തേക്ക് എത്തിയ ഈശ്വര്‍ മല്‍പെയും സംഘവും മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ സാഹചര്യമാണ് പുഴയിലേതെന്നും അരികുകളില്‍ പരിശോധിക്കാനായിരുന്നു പദ്ധതിയെന്നും ഈശ്വര്‍ മല്‍പെ പ്രതികരിച്ചിരുന്നു. എന്നാല്‍ പൊലീസ് പിന്തിരിപ്പിച്ചതോടെ സംഘം മടങ്ങി.
‘പൊലീസ് വന്നിട്ട് പുഴയിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞു. ഡൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. അഞ്ചാമത്തെ തവണയാണ് ഇവിടേക്ക് വരുന്നത്. വീട്ടില്‍ നിന്നും 200 കിലോ മീറ്റര്‍ ഉണ്ട് ഇവിടേക്ക്. ഞങ്ങളുടെ ചെലവില്‍ പൈസ ചെലവഴിച്ചാണ് ഇവിടേക്ക് വരുന്നത്. അര്ജുന് മാത്രമല്ല ലോകേഷും ജഗന്നാഥും ഉണ്ട്’, എന്നായിരുന്നു മല്‍പെയുടെ പ്രതികരണം.