കൊച്ചി:പിതൃസ്മരണയില്‍ ഹൈന്ദവ വിശ്വാസികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു പോയവര്‍ക്കായി കര്‍ക്കിടക വാവ് ദിവസം ബലിതര്‍പ്പണം നടത്തും. ആലുവ ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തും.
ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ക്ഷേത്രത്തിനു ചുറ്റും ചെളിയടിഞ്ഞതിനാല്‍ പാര്‍ക്കിങ് ഏരിയയിലാണ് ബലിത്തറകള്‍ ഒരുക്കിയിരിക്കുന്നത്. കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കർക്കടക വാവ് ബലി ആചരിക്കുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.ആലുവ മണപ്പുറം,തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.