കൊച്ചി: ഇന്ത്യയില്‍ നിന്നും ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക നടപ്പിലാക്കിയിട്ടുള്ള നിരോധനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു. കടലാമകളെ സംരക്ഷിക്കുന്നതിന്റെ പേരിലാണ് 2019 ല്‍ അമേരിക്ക ഈ നിരോധനം നടപ്പിലാക്കിയത്.
മത്സ്യബന്ധനത്തിനിടയില്‍ വലയില്‍ അകപ്പെടുന്ന കടലാമകളെ നീന്തി രക്ഷപെടാന്‍ സഹായിക്കുന്ന ടെഡ് (Turtle Excluder Devices) ഉപകരണങ്ങള്‍ ട്രോളിംഗ് മത്സ്യബന്ധനത്തില്‍ ഉപയോഗിക്കുന്നില്ല എന്നതാണ് ഈ നിരോധനത്തിന്റെ കാരണമായി പറഞ്ഞിരുന്നത്. ഇന്ത്യയില്‍ ട്രോളിംഗിന്റെ ഭാഗമായി കടലാമകളെ പിടിക്കുന്നില്ല. കടലാമകള്‍ പ്രധാനമായും കാണപ്പെടുന്ന ഒറീസ്സയില്‍ അവയുടെ പ്രജനന ഘട്ടത്തില്‍ ട്രോളിംഗ് നിരോധിച്ചിട്ടുള്ളതാണ്.
2019 മുതല്‍ നിലവിലുള്ള ഈ നിരോധനം ആഗോള വിപണിയിലും അഭ്യന്തര വിപണിയിലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കടലാമകളെ പറ്റി വിശദമായ പഠനം നടത്തിയിട്ടുള്ള സിഎംഎഫ്ആര്‍ഐ പശ്ചിമതീര സംസ്ഥാനങ്ങളില്‍ കടലാമകള്‍ മത്സ്യബന്ധനവലകളില്‍ അകപ്പെടാറില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മത്സ്യബന്ധന മേഖലയെ തകര്‍ക്കുന്ന ഈ നിരോധനം അവസാനിപ്പിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളും സമുദ്രോല്പന്ന കയറ്റുമതി വികസന ഏജന്‍സിയും നടപടികള്‍ സ്വീകരിക്കണമെന്ന് കടല്‍ ഡയറക്ടര്‍ റവ. ഡോ. സാബാസ് ഇഗ്നേഷ്യസ്, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ് എന്നിവര്‍ ആവശ്യപ്പെട്ടു.