നെയ്യാറ്റിന്‍കര :അബോര്‍ഷനിലൂടെ കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ മാത്രമല്ല ദയാവധത്തിലൂടെ കൊലചെയ്യപ്പെടുന്നതും ക്രൂരതയെന്ന് കൊല്ലം രൂപതാ മെത്രാനും കെസിബിസി പ്രൊ ലെഫ് പ്രസിഡന്റുമായ ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി. ഇന്ന് അബോര്‍ഷനിലൂടെ കൊല്ലപ്പെടുന്ന കോടാനുകോടി കുഞ്ഞങ്ങള്‍ക്ക് വേണ്ടി വിലപിക്കാന്‍ ആരുമില്ലെന്നും ബിഷപ്പ് പറഞ്ഞു.
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ 2 ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്ര നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ അധ്യക്ഷത വഹിച്ചു നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, ജയിംസ് ആഴ്ചങ്ങാടന്‍, ഫാ.ക്ലീറ്റസ് കതിര്‍പറമ്പില്‍, ജോണ്സണ് ചൂരേപറമ്പില്‍, ഫാ.ജോസഫ് രാജേഷ്, സാബു ജോസ്, ജോര്‍ജ്ജ് എഫ് സേവ്യര്‍, ആന്റണി പത്രോസ് ,പോള്‍ പി ആര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്ന സന്ദേശ യാത്രയെ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ വിന്‍സെന്റ് സാമുവലിന്റെ നേതൃത്വത്തില്‍ സ്വികരിച്ചു. സന്ദേശയാത്രയുടെ ഭാഗമായി രാവിലെ 9.30 മുതല്‍ ദിവ്യകാരുണ്യ നടന്നു. തുടര്‍ന്ന് കത്തീഡ്രലില്‍ നിന്ന് നെയ്യാറ്റിന്‍കര പട്ടണത്തിലൂടെ വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററിലേക്ക് ജീവ സംരക്ഷണ റാലി സംഘടിപ്പിച്ചു.
ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം, ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിലെ 32 രൂപതകളിലും യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 14 ജില്ലകളിലെ 32 കത്തോലിക്ക രൂപതകളിലൂടെ കടന്നുപോകുന്ന സന്ദേശയാത്രയാണ് നെയ്യാറ്റിന്‍കരയിലും എത്തിച്ചേര്‍ന്നത്.