മോൺ. റോക്കി റോബി കളത്തിൽ
കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോർജ് പാടശേരി (83) 2024 ജൂലൈ 14 ന് നിര്യാതനായി. പറവൂരിലുള്ള ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു . വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
കോട്ടപ്പുറം രൂപതയിലെ ആഢ്യത്വം നിറഞ്ഞ പൗരോഹിത്യത്തിൻ്റെ മുഖമായിരുന്നു പാടശേരിയച്ചൻ. 83 വർഷം നീണ്ട ശ്രേഷ്ഠമായ ജീവിതം . അഞ്ചര പതിറ്റാണ്ടുകളുടെ മഹിതമായ പൗരോഹിത്യ ശുശ്രൂഷ. സോഷ്യൽ മീഡിയയിൽ ആരൊ കുറിച്ചതുപോലെ തുരുത്തൂർ ഇടവകയുടെ സ്വകാര്യ അഹങ്കാരമായിരുന്നു തുരുത്തൂരിൽ നിന്നുള്ള ഈ പ്രഥമ വൈദീകൻ . അവിഭക്ത വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപയിലുമായി സേവനം ചെയ്തിട്ടുള്ള ഇടങ്ങളിലെല്ലാം ആടുകളെ പേരെടുത്ത് വിളിക്കാൻ പോന്ന രീതിയിൽ ബന്ധങ്ങളിൽ ഇഴയടുപ്പം കാത്തുസൂക്ഷിച്ച ഇടയനായിരുന്നു പാടശേരിയച്ചൻ.
പരിശുദ്ധ കുർബ്ബാനയോട് വലിയ ഭക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരാഴ്ചയായി ആശുപത്രി കിടക്കയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ദുഃഖം ദിവ്യബലി അർപ്പിക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു. പൗരോഹിത്യ സ്വീകരണ ദിവസം മുതൽ എത്ര ദിവ്യബലി അർപ്പിച്ചു എന്ന് കൃത്യമായി അഭിമാനത്തോടെ പറയുമായിരുന്നു.
2018 ലെ പ്രളയകാലത്താണ് നിധി പോലെ സൂക്ഷിച്ചുവെച്ച മാസ് ഡയറികൾ അദ്ദേഹത്തിന്റെ നഷ്ടപ്പെടുന്നത്. ആ കാലഘട്ടം വരെ ഏകദേശം 24600 ദിവ്യബലികൾ അർപ്പിച്ചു എന്ന് അഭിമാനപൂർവ്വം പറയുന്നത് കേട്ടിട്ടുണ്ട്.
83 മത്തെ വയസ്സിലും ദിവ്യബലി അർപ്പിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ശബ്ദം യുവത്വപൂർണ്ണമായിരുന്നു; പ്രത്യേകമായ ഒരു അഭിഷേകവും ദിവ്യബലിക്ക് ഉണ്ടായിരുന്നു. അത്താരയിൽ നടന്ന് ആൾത്താരയിൽ ജീവിച്ച് അൾത്താരയിൽ അവസാനിക്കുന്ന നിധിയാണ് വൈദികൻ എന്ന് ആരോ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചുവെച്ചതോർക്കുന്നു . വൈദീക ജീവിതം അൾത്താരയിൽ അവസാനിക്കുകയല്ല ,സ്വർഗ്ഗീയ ആൾത്താരയിലേക്ക് പറിച്ചു നടപ്പെടുകയാണ് ചെയ്യുന്നത് എന്നു വിശ്വസിച്ച വൈദീകനായിരുന്നു പാടശേരിയച്ചൻ.
നൽകുന്നതിന്റെ സന്തോഷം ജീവിതത്തിൽ പ്രതിഫലിപ്പിച്ച വ്യക്തിയായിരുന്നു ജോർജച്ചൻ.സ്വന്തം കാര്യങ്ങൾക്ക് വളരെ സൂക്ഷിച്ച് കുറച്ചു പണം മാത്രം ചെലവാക്കിയിരുന്ന അദ്ദേഹം അർഹിക്കുന്നവരെ, ആരും അറിയാതെ സഹായിച്ചിരുന്നു എന്ന് അദ്ദേഹത്തോട് അടുപ്പമുള്ള പലരും പറഞ്ഞു കേട്ടിട്ടുണ്ട് .വിശ്രമജീവിതം അദ്ദേഹം നൽകുന്നതിന്റെ ആഘോഷമാക്കി മാറ്റി. കയ്യിൽ ഉണ്ടായിരുന്ന സമ്പത്ത് മുഴുവൻ മുമ്പ് സേവനം ചെയ്ത പള്ളികൾക്കും സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ കാര്യങ്ങൾക്കും കാരുണ്യ പ്രവർത്തികൾക്കുമായി അകമഴിഞ്ഞു നൽകി ക്രിസ്തുവിൻ്റെ സ്വയം ശൂന്യവൽക്കരണത്തിന്റെ പാത ജീവിതത്തിലൂടെ വരച്ചുകാട്ടി.
ഏതാനും നാളുകൾക്കു മുമ്പ് സന്തോഷപൂർവം പറഞ്ഞു ‘പെട്ടിയെല്ലാം കാലിയായി’. സ്വർഗ്ഗയാത്രയ്ക്കുള്ള ഒരുക്കത്തിനായി കൊടുത്തു കൊടുത്ത് തൻ്റെ ഭാരം കുറച്ച് ആ യാത്ര അച്ചന് സുഗമമാക്കുകയായിരുന്നു.
പൗരോഹിത്യത്തിന്റെ അന്തസ്സും അച്ചടക്കവും ജീവിച്ച പുരോഹിതനായിരുന്നു അദ്ദേഹം . വസ്ത്രധാരണത്തിലും നടപ്പിലും നിൽപ്പിലുംപോലും പൗരോഹിത്യത്തിൻ്റെ അന്തസ്സും കുലീനതയും നിലനിർത്തി. മാസ് ഡയറി കൃത്യമായി സൂക്ഷിച്ചിരുന്ന പോലെ പള്ളി കണക്കുകളും ഓരോദിവസം എഴുതി കൃത്യതയോടെ സൂക്ഷിച്ചു. ഇടവകളിൽ അനാവശ്യമായ കാര്യങ്ങൾക്ക് പണം ചെലവാക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയ ഇടവകയിലേക്ക് സ്ഥലം മാറിപോകുമ്പോൾ പുതുതായി എത്തുന്ന വികാരിക്ക് പ്രവർത്തന ഫണ്ടായി നല്ലൊരു തുക നീക്കിയിരിപ്പുണ്ടാകുമായിരുന്നു. ജീവിതത്തിലെന്നപോലെ പള്ളികളിലെ രജിസ്റ്ററുകൾക്കെല്ലാം അടുക്കും ചിട്ടയുമെല്ലാം ഉണ്ടായിരുന്നു. യാമപ്രാർത്ഥനകൾക്കും ജപമാലക്കുമെല്ലാം കൃത്യമായ നിഷ്ഠ നിലനിർത്തി. വിശ്വസ്തതയോടെ, കൃത്യതയോടെ തന്നെ ഏൽപ്പിച്ച കണക്കുപുസ്തകങ്ങൾ കാത്തുസൂക്ഷിച്ച അദ്ദേഹം ദൈവത്തിൻ്റെ കണക്കു പുസ്തകത്തിലും ഇടം കണ്ടെത്തിയിട്ടുണ്ടാകും.
ജീവിതം ആഘോഷമാക്കി മാറ്റിയ വ്യക്തിയാണ് പാടശേരിയച്ചൻ ;പ്രത്യേകിച്ച് വിശ്രമകാല ജീവിതം. സമൂഹത്തിലേക്ക് അദ്ദേഹം സന്നിവേശിപ്പിച്ചത് പൗരോഹിത്യത്തിന്റെ സന്തോഷവും ആനന്ദവും തന്നെയായിരുന്നു. നർമ്മങ്ങളും പൊട്ടിച്ചിരികളുംകൊണ്ട് ചെല്ലുന്നിടത്തെല്ലാം അച്ചൻ വിളമ്പിയത് ക്രിസ്തുവിൻ്റെ സന്തോഷം തന്നെയാണ് . പരിചിതരെന്നോ അപരിചിതരെന്നോ വ്യത്യാസമില്ലാതെ ഏത് തരക്കാരോടും പ്രായക്കാരോടും സംസാരിക്കാനും സൗഹൃദം കൂടാനും അദ്ദേഹം സമയം കണ്ടെത്തി. ചിരിച്ചും ചിരിപ്പിച്ചും സംസാരിച്ചു ജീവിതം അവസാന നിമിഷംവരെ ആഘോഷമാക്കി മാറ്റി.
തുരുത്തൂർ സെന്റ് തോമസ് ഇടവകയിൽ പാടശേരി വറീത് കൊച്ചുമറിയം ദമ്പതികളുടെ മകനായി 1942 ഏപ്രിൽ 27 ന് ആയിരുന്നു ജനനം. എറണാകുളം സെന്റ് ജോസഫ് മൈനർ സെമിനാരി, കാർമ്മഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലായി വൈദിക പഠനം പൂർത്തീകരിച്ചു. 1968 ഡിസംബർ 19 ന് അന്നത്തെ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പറ്റിയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. അവിഭക്ത വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപതയിലുമായി നിരവധി ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തു. കർത്തേടം സെന്റ് ജോർജ്, എറണാകുളം, സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിൽ സഹവികാരിയായും മുട്ടിനകം സെന്റ് മേരീസ്, സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ, മരട് സെന്റ് മേരി മാഗ്ദലിൻ, പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, പള്ളിപ്പുറം മഞ്ഞുമാതാ, മതിലകം സെന്റ് ജോസഫ്, മാള പള്ളിപ്പുറം സെന്റ് ആന്റണി, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. കൂടാതെ മരട് പിഎസ് മിഷൻ, പറവൂർ ഡോൺബോസ്കോ ആശുപത്രികളുടെ ഡയറക്ടറായും പ്രവർത്തിച്ചു.
സംസ്കാരകർമ്മങ്ങൾ വരാപ്പുഴ ആർച്ച്ബിഷപ്പ് എമിരിറ്റസ് ഫ്രാൻസിസ് കല്ലറക്കൽ, കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി, കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വരാപ്പുഴ സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ തുരുത്തൂർ സെൻ്റ് തോമസ് പള്ളിയിൽ നടന്നു.