ജെയിംസ് അഗസ്റ്റിന്
തീ പിടിച്ച ഡ്രം സ്റ്റിക്കുമായി വേദികളെ കീഴടക്കിയിരുന്ന, ജൂനിയര്‍ ശിവമണി എന്നറിയപ്പെട്ടിരുന്ന ഡ്രമ്മര്‍ ജിനോ കെ. ജോസ് (47)വിടവാങ്ങി. വിഖ്യാത ഡ്രമ്മര്‍ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന പേര് നല്‍കിയത്.
മനസ്സില്‍ ഗുരു സ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്ന ഡ്രമ്മര്‍ ശിവമണിയെ നേരില്‍ കണ്ടതും സൗഹൃദത്തിലായതിനെക്കുറിച്ചും കുറച്ചുനാള്‍ മുന്‍പ് ജിനോ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ശിവമണിയോടൊപ്പം സംഗീത പരിപാടികളില്‍ പങ്കെടുക്കുന്ന സുഹൃത്തുക്കള്‍ എന്നെ അദ്ദേഹം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കാണിച്ചു തരുമായിരുന്നു. അതുപോലെ ഉപകരണങ്ങള്‍ ക്രമീകരിച്ചു പരിപാടികള്‍ നടത്താന്‍ ഞാന്‍ ശ്രമിച്ചു. ഇവിടെ ലഭ്യമല്ലാതിരുന്ന ചില ഉപകരണങ്ങള്‍ സുഹൃത്തിന്റെ വര്‍ക് ഷോപ്പില്‍ പോയി ഞാന്‍ തന്നെ നിര്‍മ്മിച്ചെടുത്തു. പിന്നീട് അനേകം ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തു.
സ്റ്റീഫന്‍ ദേവസ്സിയുടെ വിവാഹദിവസമാണ് അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത്. വേദിയില്‍ ക്രമീകരിച്ചിരുന്ന എന്റെ സംഗീതോപകരണങ്ങള്‍ ശിവമണി സാര്‍ വായിച്ചു. എന്റെ സംഗീതോപകരണശേഖരം കണ്ട അദ്ദേഹം എന്നെ ഏറെ അഭിനന്ദിച്ചു. അടുത്ത ദിവസം ഗുരുവായൂരില്‍ നടക്കുന്ന പരിപാടിക്ക് എന്റെ മുഴുവന്‍ ഉപകരണങ്ങളും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വേദിയില്‍ നിരത്തിയ സംഗീതോപകരണങ്ങള്‍ കണ്ട് അദ്ദേഹം എന്നോട് പറഞ്ഞു-സംഗീതോപകരണങ്ങളുടെ ശേഖരത്തിലും പുതിയവ വാങ്ങുന്നതിലും നീ എന്നേക്കാള്‍ കേമനാണ്. അഭിനന്ദനങ്ങള്‍. ഇനി എനിക്ക് എല്ലാ പരിപാടികളിലും നിന്റെ ഉപകരണങ്ങള്‍ വേണം.-അന്നു മുതല്‍ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ സംഗീത യാത്രകളില്‍ കൂടെ ചേര്‍ക്കുകയായിരുന്നു. എന്റെ വീട്ടില്‍ നിരവധി തവണ അദ്ദേഹം വന്നിട്ടുണ്ട്.’
എറണാകുളം ജില്ലയില്‍ പറവൂരിനടുത്ത് കൂട്ടുകാട് കിഴക്കേമാട്ടുമ്മേല് കുടുംബത്തില്‍ ജനിച്ച ജിനോ കുട്ടിയായിരിക്കുമ്പോള്‍ വീട്ടിലെ പാത്രങ്ങളിലും ഗ്ലാസ്സുകളില്‍ നിന്നുമാണ് ആദ്യമായി സംഗീത്തിന്റെ സ്വരം പുറത്തു കേള്‍പ്പിച്ചത്. മുന്നില്‍ കാണുന്നതെല്ലാം ജിനോയ്ക്ക് സംഗീതോപകരണമായി മാറുകയായിരുന്നു. പിന്നീട് ജോലിക്കായി മുംബൈയിലെത്തിയപ്പോഴാണ് ഡ്രം വായന ഗൗരവമായെടുക്കുന്നതും വേദികളില്‍ നിറഞ്ഞാടാന്‍ തുടങ്ങുന്നതും. നാട്ടിലെ ഗാനമേളകള്‍ക്കിടയില്‍ ജിനോയുടെ ഏകാംഗപ്രകടനത്തിനായി കാണികള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. വേദികളില്‍ പുതുമകള്‍ കൊണ്ടുവരാന്‍ ജിനോ എന്നും ശ്രമിച്ചിരുന്നു.
ഡ്രം സ്റ്റിക്കുകളുടെ അഗ്രഭാഗത്തു തീ കത്തിച്ചു ഡ്രം വായിച്ച ജിനോ ആസ്വാദകരിലേക്കും സംഗീതത്തിന്റെ അഗ്നി പടര്‍ത്തി. ഡ്രമ്മുകളുടെ ഉപരിതലത്തില്‍ വെള്ളം നിറച്ചശേഷം കൊട്ടുമ്പോള്‍ ചിതറിത്തെറിക്കുന്ന ജലകണങ്ങളിലേക്കു വെളിച്ചം വിന്യസിപ്പിച്ചു വേദികളെ നിറങ്ങള്‍ കൊണ്ടു നിറക്കാന്‍ ജിനോയ്ക്ക് കഴിഞ്ഞു. ഒരേ സമയം നാല്പതിലധികം സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സിദ്ധി ജിനോയ്ക്കുണ്ടായിരുന്നു.
ഡി. ജെ. പരിപാടികള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കാനും ജിനോയ്ക്ക് കഴിഞ്ഞു. സംഗീതോപകരണങ്ങളുടെ ശേഖരം കൊണ്ട് ശിവമണിയെപ്പോലും വിസ്മയിപ്പിച്ച ജിനോയുടെ വീട്ടില്‍ അത്യപൂര്‍വമായ ഉപകരണങ്ങള്‍ അനവധിയുണ്ട്. പല ദേശത്തെയും ആദിവാസികളും ഗോത്രവര്‍ഗങ്ങളും ഉപയോഗിക്കുന്ന തുകല്‍വാദ്യങ്ങള്‍ വലിയ ക്ലേശങ്ങള്‍ സഹിച്ച് ജിനോ വാങ്ങിയിട്ടുണ്ട്. സംഗീതത്തെ മാത്രമല്ല മനുഷ്യരെയും പക്ഷിമൃഗാദികളെയും അകമഴിഞ്ഞു സ്നേഹിച്ചിരുന്നു ജിനോ. വളര്‍ത്തുമൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ തന്നെയാണ് ജിനോ സ്നേഹിച്ചിരുന്നത്. ജിനോ വളര്‍ത്തിയിരുന്ന സംസാരിക്കുന്ന തത്തകള്‍ ‘അപ്പാ’ എന്നാണ് വിളിച്ചിരുന്നത്.
ലോകം കൊവിഡിന്റെ പിടിയിലമര്‍ന്ന നാളുകളില്‍ വരുമാനമില്ലാതെയായ കലാകാരന്മാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങാന്‍ ജിനോയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു. കൊവിഡ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്കും സന്നദ്ധസേവകര്‍ക്കും വേണ്ടി സ്വന്തം വീട്ടില്‍ ഭക്ഷണം തയ്യാറാക്കി തെരുവുകളില്‍ വിതരണം ചെയ്തും പാചകവിദഗ്ധന്‍ കൂടിയായ ജിനോ മാതൃകയായി. കലാകാരന്മാരുടെ ഉന്നമനത്തിനായി സ്ഥായിയായ പദ്ധതികള്‍ ആവിഷ്കരിപ്പെടണമെന്ന ആഗ്രഹം എന്നും ജിനോ മനസ്സില്‍ സൂക്ഷിച്ചിരുന്നു.
ജിനോയുടെ ഭാര്യ സിന്ധു ദേശീയതലത്തില്‍ കളത്തിലിറങ്ങിയിരുന്ന കബഡി താരമായിരുന്നു. മക്കള്‍ : ജൂലിയന്‍, ജുവാന്‍. പോണേല് സെന്റ്. ഫ്രാന്‍സിസ് പള്ളിയിലെ സിമിത്തേരിയിലാണ് ജിനോയെ അടക്കം ചെയ്തത്. സാമ്പത്തികനേട്ടങ്ങള്‍ക്കും പ്രശസ്തിക്കുമപ്പുറം വിശാലമായ സ്നേഹത്തിന്റെ കലാലോകം നമുക്ക് മുന്നില്‍ തുറന്നിട്ടു കടന്നു പോകുന്ന ജിനോയ്ക്ക് പ്രണാമം.