ഗസ്സ: എല്ലാവരോടും ഗസ്സ വിടാനുള്ള ഭീഷണിയുമായി ഇസ്രായേൽ. ഗസ്സ സിറ്റിയിലെ യു.എന്‍ കേന്ദ്രം ബോബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഭീഷണി. ദാറുല്‍ ബലാഹിലെയും അസ്സവയ്ദയിലെയും ക്യാംപുകളിലേക്ക് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സുരക്ഷിതമായ ഇടനാഴികള്‍ തുറന്നിട്ടുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.
താരീഖു ബിന്‍ സിയാദ്, ഉമര്‍ മുഖ്തര്‍ എന്നീ തെരുവുകളും പടിഞ്ഞാറ് അല്‍റാഷിദ് സ്ട്രീറ്റിലേക്കും അവിടെ നിന്ന് തെക്കോട്ടേക്കും കടക്കാനുള്ള സുരക്ഷിത ഇടനാഴികളുണ്ടെന്ന് ഇസ്രായേൽ വിതരണംചെയ്ത ലഘുലേഖകളില്‍ പറയുന്നു.
കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി മിസൈല്‍വര്‍ഷമുണ്ടായ ഖാന്‍യൂനുസില്‍നിന്ന് കൂട്ടപ്പലായനം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗസ്സയില്‍ എവിടേയും സുരക്ഷതത്വമില്ലാത്തതിനാല്‍ തങ്ങള്‍ എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികള്‍ ചോദിക്കുന്നത്. ഖാന്‍യൂനുസില്‍ കഴിഞ്ഞദിവസം അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ചുവരികയായിരുന്ന നാലു സ്കൂളുകള്‍ സയണിസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു.
പടിഞ്ഞാറന്‍ റഫയിലെ തലാലുല്‍ സുല്‍ത്താന്‍ പ്രദേശത്തും മിസൈല്‍ വര്‍ഷിച്ചു. ഖാന് യൂനുസിലുണ്ടായ അഗ്നിബാധയില്‍ മൂന്നുപേരും മരിച്ചു.
24 മണിക്കൂറിനുള്ളില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. 208 പേര്‍ക്ക് പരുക്കേറ്റു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 278 ദിവസം പിന്നിട്ടതോട ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 38,295 ആയി. 88,241 പേര്‍ക്കു പരുക്കേറ്റു. സ്കൂളുകള്‍ ബോംബിട്ട് തകര്‍ത്ത ഇസ്റാഈല്‍ നടപടി അപലപനീയമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും ഫ്രാന്‍സ് പറഞ്ഞു.