ഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാർ ഇന്ന് സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.നേരത്തെ സി.ബി.ഐയോടും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോടും (എൻ.ടി.എ) തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. നാളെയാണ് കേസിൽ വിശദമായ വാദം കേൾക്കുന്നത്.
സി.ബി.ഐയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും തൽസ്ഥിതി റിപ്പോർട്ടും ഇന്ന് സമർപ്പിക്കും. കേസിന്റെ വിശദമായ വാദം നാളെ കേട്ടതിന് പിന്നാലെയാകും സുപ്രിം കോടതി വിധിയിലേക്ക് എത്തുക. പരീക്ഷ വീണ്ടും നടത്തണമോ തുടങ്ങിയ കാര്യങ്ങൾ വിധിയിലുണ്ടാകും.
ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷമായിരിക്കും പുനഃപരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാവുക. രാജ്യത്താകെയുള്ള 24 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന കാര്യമായതിനാൽ പുനഃപരീക്ഷ പ്രയാസകരമാണെന്ന് കോടതി മുൻപ് നിരീക്ഷിച്ചിരുന്നു. പുനഃപരീക്ഷ നടത്തരുതെന്നാണ് വിദ്യാർഥികളും മുന്നോട്ട് വെക്കുന്ന കാര്യം. അതിനാൽ സുപ്രിം കോടതിയുടെ വിധി ഏറെ നിർണായകമാണ്.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ രണ്ടുപേരെ കൂടി ഇന്നലെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിൽ നിന്നാണ് അറസ്റ്റ് ഉണ്ടായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. ഒരു ഉദ്യോഗാർഥിയും അറസ്റ്റിലായ മറ്റൊരു ഉദ്യോഗാർഥിയുടെ പിതാവുമാണ് ഇന്നലെ അറസ്റ്റിലായത്.