ന്യൂഡൽഹി: ആരെയും ഭയക്കരുതെന്നും ഒന്നിനെയും ഭയപ്പെടരുതെന്നുമാണ് എല്ലാ മതങ്ങളും മനുഷ്യരെ പഠിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം നിൽക്കാനും അഹിംസയുടെ പാത പിന്തുടരാനുമുള്ള പാഠമാണ് എല്ലാ മതങ്ങളും നൽകുന്നതെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലാണ് രാഹുൽ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. “എല്ലാ മതങ്ങളും പഠിപ്പിക്കുന്നു – ആരെയും ഭയപ്പെടുത്തരുത്, ഒന്നിനെയും ഭയപ്പെടരുത്. സത്യത്തിനൊപ്പം നിൽക്കുക, പിന്നോട്ട് പോകരുത്, അഹിംസയുടെ പാത പിന്തുടരുക. ബിജെപി രാജ്യത്ത് ഭീതി പടർത്തുമ്പോൾ, ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണ് ഇന്ത്യൻ സഖ്യം ഈ ചിന്ത സ്വീകരിച്ചത്’.-അദ്ദേഹം കുറിച്ചു.
തിങ്കളാഴ്ച, ലോക്സഭ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ കന്നി പ്രസംഗം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ് .ബിജെപിയുടെ ധാർഷ്ട്യത്തെ കടപുഴക്കിയ പ്രസംഗമായിരുന്നു അത് . അദ്ദേഹം കള്ളം പറയുകയും സഭയെ തെറ്റിദ്ധരിപ്പിക്കുകയും ഹിന്ദു സമൂഹത്തെയാകെ അക്രമാസക്തരാക്കുകയും ചെയ്തുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.