കൊച്ചി: എടവനക്കാട് കനത്തെ മഴയെ അവഗണിച്ചും റോഡിൽ കുത്തിയിരുന്ന് സമരം ചെയ്യുകയാണ് എടവനക്കാട് തീരവാസികൾ. അണിയിൽ കടപ്പുറം മുതൽ കുഴുപ്പിള്ളി ചാത്തങ്ങാട് ബീച്ച് വരെയുള്ള ഭാഗത്ത് കടലേറ്റം രൂക്ഷമായി തുടരുകയാണ്.
വൈപ്പനിൽ പടിഞ്ഞാറൻ മേഖലകളിൽ സ്ഥിതി ഗുരുതരമാണ്. ചെമ്മീൻ കെട്ടുകൾ അടക്കമുള്ള ജലാശയങ്ങൾ നിറഞ്ഞ കവിഞ്ഞു. മത്സ്യബന്ധനം തടസ്സപ്പെട്ടു. ഇടറോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഉൾഭാഗങ്ങളിലേക്കു വാഹന ഗതാഗതവും തടസ്സപ്പെട്ടു.
സമീപത്തെപല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.കഴിഞ്ഞ 20 വർഷക്കാലമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെ പിന്നോട്ടില്ല എന്നാണ് ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്ന നാട്ടുകാർ പറയുന്നത്. ചെല്ലാനത്ത് നിർമ്മിച്ച പോലെ ടെട്രോപാഡും പുലിമുട്ടും എടവനക്കാടും നിർമ്മിക്കണമെന്ന് എടവനക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന അബ്ദുൾ സലാം പറഞ്ഞു.
ദുരിതത്തിലായ പല വീട്ടുകാരും ബന്ധുമിത്രാദികളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. പഴങ്ങാട് കടപ്പുറത്ത് കടൽ ഭിത്തി പൂർണമായി ഇടിഞ്ഞ് ശക്തമായി ഒഴുകുന്ന കടൽവെള്ളം തീരദേശ റോഡിലേക്ക് എത്തിയതോടെറോഡും കായലും തിരിച്ചറിയാനാത്ത വിധത്തിൽ ആയി.
തകർന്ന കടൽ ഭിത്തി യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമ്മിക്കണമെന്നുംചെല്ലാനം മോഡൽ തീര സംരക്ഷണം ഉടൻ നടപ്പിലാക്കുണമെന്നു കെഎൽസിഎ വരാപ്പുഴ അതിരൂപത ആവശ്യപ്പെട്ടു