ജൂണ്‍ 20 നു പുലര്‍ച്ചെ മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇതോടെ അപകടങ്ങളില്‍ മുതലപ്പൊഴിയില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 77 ആയി. കടലിനും ചെകുത്താനുമിടയിലാണ് മത്സ്യത്തൊഴിലാളികളിപ്പോഴെന്ന് മോണ്‍. യൂജിന്‍ പെരേര. അദാനിക്കു വേണ്ടി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രിയമായ പുലിമുട്ട് നിര്‍മാണം കാരണം 77 പേരുടെ ജീവന് പൊലിഞ്ഞിട്ടും സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയ്ക്കെതിരെ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ശക്തമായ പ്രതിഷേധം.
കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ജൂണ്‍ 20ന് നടത്തിയ നിയമസഭാ മാര്‍ച്ച് സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പായി മാറി. മുതലപ്പൊഴി സമരത്തെ തുടര്‍ന്ന് സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ 2023 ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകള്‍ പാലിക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കെഎല്‍സിഎ ആരോപിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യുജിന്‍ എച്ച്. പെരേര മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
അദാനിക്കു വേണ്ടി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രളയത്തില്‍ കൈകാലിട്ടടിച്ച മുഖ്യമന്ത്രിയേയും മന്ത്രി സജി ചെറിയാനേയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ്. അവരെ കബളിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. മുതലപ്പൊഴി തുറമുഖ നിര്‍മാണം സംബന്ധിച്ച സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട് തന്നെ പൂഴ്ത്തി വച്ചിരിക്കുകയാണ്. കടലിനും ചെകുത്താനുമിടയിലാണ് മത്സ്യത്തൊഴിലാളികളിപ്പോള്‍. മുതലപ്പൊഴിയിലെ സുരക്ഷയെ കരുതി ഉന്നയിച്ച ആവശ്യങ്ങളിലൊന്നുപോലും പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മോണ്‍. യൂജിന്‍ പെരേര ആരോപിച്ചു.
മാര്‍ച്ച് നിയമസഭാ കെട്ടിടത്തിനു സമീപം പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.
ജൂണ്‍ 20 നു പുലര്‍ച്ചെ മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇതോടെ അപകടങ്ങളില്‍ മുതലപ്പൊഴിയില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 77 ആയി.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ശക്തമായ തിരയിലും കാറ്റിലും പെട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ഫ്രാന്‍സിസ്, സുരേഷ്, യേശുദാസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് വിക്ടറിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍ പെട്ടത്.
കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളില്‍ നിന്നായി ആയിരക്കണക്കിന് കെഎല്‍സിഎ അംഗങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അവരോടൊപ്പം തിരുവനന്തപുരം അതിരൂപതയില്‍ നിന്നുള്ള പ്രവര്‍ത്തകരുമുണ്ടായിരുന്നു. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി.ജെ തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, എം. വിന്‍സെന്റ് എംഎല്‍എ പാട്രിക് മൈക്കിൾ ,ജെയിൻ അൻസിൽ ഫ്രാൻസിസ് തുടങ്ങിയവര്‍ നയിച്ച നിയമസഭ മാര്‍ച്ച് രാവിലെ 11ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വി.ജെ.ടി ഹാളില്‍ നിന്ന് ആരംഭിച്ചു.
കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയ രൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെ ഭാരവാഹികളും കെസിവൈഎം, ഡിസിഎംഎസ്, കെഎല്‍സിഡബ്ലുഎ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു.