കള്ളക്കുറിച്ചിയിലാണ് ദാരുണസംഭവമുണ്ടായത്
ചെന്നൈ: തമിഴ്നാട്ടില്‍ വ്യാജമദ്യം കഴിച്ച് 9 പേര് മരിച്ചു. കള്ളക്കുറിച്ചിയിലാണ് ദാരുണസംഭവമുണ്ടായത്. 40ഓളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു.
ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു.
അതിനിടെ ഡിഎംകെ ഗവണ്മെന്റിനേയും എംകെ സ്റ്റാലിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബിജെപി തമിഴ്നാട് പ്രസിഡന്റെ കെ അണ്ണാമലൈ രംഗത്തെത്തി. വ്യാജമദ്യമുണ്ടാക്കുന്നവരുമായി ഡിഎംകെ മന്ത്രി മസ്താന് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. വ്യാജ മദ്യം നിര്‍മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരം ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.