തൃശൂര്‍: തൃശൂരില്‍ യു.ഡി.എഫിനുണ്ടായ തിരിച്ചടി പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതി നാളെ തെളിവെടുപ്പ് നടത്തും. രാവിലെ ഡി.സി.സി ഓഫിസില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി സമിതി അംഗങ്ങളായ കെ.സി ജോസഫ്, ടി. സിദ്ധിഖ്, ആര്. ചന്ദ്രശേഖരന് എന്നിവര്‍ ചര്‍ച്ച നടത്തും. ഉച്ച മുതല്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമുള്ള 14 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായും സംസാരിക്കും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലുകളും പരാതികളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കോ, ഉപസമിതിക്കോ രേഖാമൂലം എഴുതി നല്കാന് പ്രവര്‍ത്തകര്‍ക്ക് അവസരമുണ്ട്. ഇവരെ നാളത്തെ സിറ്റിങ്ങില്‍ നേരില്‍ കാണില്ലെന്ന് പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് എം.പി വ്യക്തമാക്കി.
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പും ചേലക്കര ഉപതെരഞ്ഞെടുപ്പുമാണ് പാര്‍ട്ടിക്ക് മുന്നിലുള്ള പ്രധാന വിഷയങ്ങൾ. പാര്‍ട്ടിക്കെതിരേ പരസ്യപ്രചാരണം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നത് ഏത് മുതിര്‍ന്ന നേതാവായാലും നടപടിയുണ്ടാകും. അച്ചടക്ക രാഹിത്യം കോണ്‍ഗ്രസില്‍ അനുവദിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി മുന്‍ ജില്ലാ പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി, മുന്‍ എം.എല്‍.എ അനില്‍ അക്കര എന്നിവര്‍ കണ്‍വീനര്‍മാരായി ഉപസമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.