കൊച്ചി:കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാവിലെ 10.30ഓടെയാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കും.
മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്നും വിവിധ ജില്ലകളിലെ വീടുകളിൽ എത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് അകമ്പടിയോടെയായിരിക്കും മൃതദേഹങ്ങൾ വീടുകളിലെത്തിക്കുക.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, പി രാജീവ്, വീണ ജോര്‍ജ്, റോഷി അഗസ്റ്റിന്, ആന്റോ ആന്റണി എംപി എന്നിവരും നെടുമ്പാശ്ശേരിയില്‍ എത്തിയിട്ടുണ്ട്.
നോർക്ക വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വ്യാഴാഴ്ച രാത്രിതന്നെ കൊച്ചിയിലെത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ 5 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്. നോർക്കയുടെ സെക്രട്ടറി കൂടിയായ എംഎ യൂസഫലി 5 ലക്ഷം രൂപയും പ്രവാസി വ്യവസായിയായ രവി പിള്ള 2 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിരുന്നു.
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ കൊച്ചിയിലെത്തിയ സാഹചര്യത്തിലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്.
തീപിടിത്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പടെ 31 ഇന്ത്യക്കാരുടെ മൃതദേഹമാണ് വ്യോമസേന വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നത്. ഇതിൽ ഏഴ് തമിഴ്നാട് സ്വദേശികളുടെയും, ഒരു കർണാടക സ്വദേശിയുടെയും മൃതദേഹം ഉൾപ്പെടുന്നു. തമിഴ്നാട്, കർണാടക അധികൃതർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. ഇവരുടെ മൃതദേഹങ്ങള്‍ റോഡുമാര്ഗമാകും ജന്മനാട്ടിലെത്തിക്കുക.